മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക തകരാര്‍; പിഴവ് സമ്മതിച്ച് മെറ്റ

കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സമാന രീതിയില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മെറ്റ

vd satheesan
വിഡി സതീശന്‍
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :16 ഓഗസ്റ്റ് 2026, 7:35 am IST

തിരുവനന്തപുരം: എംഡിഎംഎ കേസ് പ്രതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച മാധ്യമങ്ങളുടെ പോസ്റ്റുകള്‍ നീക്കം ചെയ്തത് ഏതെങ്കിലും വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമല്ലെന്നും, മറിച്ച് സാങ്കേതിക തകരാര്‍ മൂലമാണെന്നും മെറ്റ വ്യക്തമാക്കി. എഐ സോഫ്റ്റ്വെയറില്‍ വരുത്തിയ അപ്ഡേറ്റാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഇടയാക്കിയതെന്ന് കമ്പനി അറിയിച്ചു. കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സമാന രീതിയില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെ മെറ്റ അറിയിച്ചു.

സാങ്കേതിക തകരാര്‍ പരിഹരിച്ചതായും നീക്കം ചെയ്ത എല്ലാ പോസ്റ്റുകളും തിരികെ സ്ഥാപിച്ചതായും മെറ്റ സ്ഥിരീകരിച്ചു. പോസ്റ്റുകള്‍ നീക്കം ചെയ്തത് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സര്‍ക്കാരിനും നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം മെറ്റയോട് വിശദീകരണം തേടുകയായിരുന്നു. പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും പൊലീസിന്റെ സൈബര്‍ വിഭാഗവും നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉള്ളതുകൊണ്ട് മാത്രം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റയോട് ആവശ്യപ്പെടാറില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായി അധിക്ഷേപകരമോ അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ ഉള്ള കേസുകളിലാണ് പോസ്റ്റ് നീക്കാന്‍ ആവശ്യപ്പെടാറുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ വിവാദത്തിന് അടിസ്ഥാനമായ പോസ്റ്റുകള്‍ ഈ രണ്ട് വിഭാഗത്തിലും പെടുന്നവയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

മെറ്റയില്‍ സ്വാധീനമില്ലെന്ന് വിഡി സതീശന്‍

വിവാദത്തോട് പ്രതികരിച്ച മുഖ്യമന്ത്രി വിഡി സതീശന്‍, ആവശ്യമെങ്കില്‍ മെറ്റയ്ക്ക് കത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്യിക്കാന്‍ തനിക്ക് മെറ്റയില്‍ യാതൊരു സ്വാധീനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഓഫിസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജായ സിഎംഒ കേരള ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മാത്രമാണ് ഇതുവരെ കമ്പനിയെ സമീപിച്ചിട്ടുള്ളത് എന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ട് മാസം മുമ്പ് സമര്‍പ്പിച്ചിട്ടും ആ പ്രശ്‌നം ഇതുവരെ മെറ്റ പരിഹരിച്ചിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. തന്റെ ഇടപെടല്‍ മൂലമാണ് മെറ്റ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

തങ്ങളെ പുകഴ്ത്തുന്ന പോസ്റ്റുകളും മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്ന് സതീശന്‍ ചൂണ്ടിക്കാണിച്ചു. മത്സ്യത്തൊഴിലാളി മേഖലയിലെ ഇടപെടലുകളെ പ്രശംസിച്ചുകൊണ്ട് തിരുവനന്തപുരം ആര്‍ച്ചുബിഷപ്പ് നടത്തിയ പ്രസംഗം നീക്കം ചെയ്ത ഉള്ളടക്കങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പോസ്റ്റും നീക്കം ചെയ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

News Now

Summary

FB post removal row: Meta cites technical error as reason amid Opposition attacks on Kerala CM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates