ഇപ്പോൾ തന്നെ പൊള്ളും വില; സർവത്ര ഇനിയും കൂടുമോ?

ഇന്ധന വില വർധന ആശങ്കയിലാക്കുന്നത് സാധാരണക്കാരെ

image of vegetables displayed in a market
fuel price hike worries പ്രതീകാത്മക ചിത്രം
Last Updated :18 May 2026, 5:36 pm IST
Edited by :രഞ്ജിത്ത് കാർത്തിക

കണ്ണൂര്‍: പെട്രോൾ ഡീസൽ വില വർധനവിന് പിന്നാലെ വിപണിയില്‍ അവശ്യ സാധനങ്ങളുടെ വിലകുത്തനെ കൂടുമെന്ന ആശങ്കയിൽ ജനങ്ങൾ. ബസ് ചാർജ് വർധനവുണ്ടായേക്കുമെന്ന സൂചനകളും അതിനിടെ വരുന്നുണ്ട്. പൊതു​ഗതാ​ഗത സൗകര്യങ്ങളെ ആശ്രയിക്കുന്നവരേയും ഇന്ധന വില വർധന കാര്യമായി ബാധിക്കും.

നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളും വിലയാണ് ഇപ്പോൾ തന്നെ പൊതു വിപണിയിൽ അനുഭവപ്പെടുന്നത്. പച്ചക്കറിയും മത്സ്യത്തിനും മാംസത്തിനുമെല്ലാം വന്‍ വിലക്കയറ്റമാണ്. വെളുത്തുള്ളി, പയര്‍, ബീന്‍സ്, ഇഞ്ചി, ബീറ്റ്‌റൂട്ട്, കാരറ്റ്, കോളി ഫ്‌ളവര്‍, കറിവേപ്പില, ചെറുനാരങ്ങ, തക്കാളി, പാവയ്ക്ക, വെണ്ട, കോവക്ക തുടങ്ങി എല്ലാവിധ പച്ചക്കറികള്‍ക്കും വില കുത്തനെ കൂടിയിട്ടുണ്ട്.

വെളുത്തുള്ളിയുടെ വില 200 ഉം കടന്ന് കുതിക്കുകയാണ്. ബീന്‍സിന് കിലോ 140 രൂപയും പയറിന് 80 ഉം, ഇഞ്ചിക്ക് 140മാണ് ഹോള്‍സെയില്‍ വില. കോവക്ക 56, പീച്ചിങ്ങ 55, ചെറിയ ഉള്ളി 80, തക്കാളി 40 രൂപയാണ് ഹോൾസെയിൽ വില. റീട്ടെയില്‍ വില ഇതിലും കൂടും.

നാടന്‍ പച്ചക്കറിയുടെ വരവ് കുത്തനെ ഇടിഞ്ഞതും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതുമാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

മത്സ്യങ്ങളുടെ വിലയും കുത്തനെ കൂടിയിട്ടുണ്ട്. ഒരു കിലോ അയലക്ക് 400 രൂപയാണ്. മത്തിക്ക് 240 ഉം 300ഉം രൂപക്കിടെയാണ് വില.

ചെമ്മീന്‍, ഏട്ട, വേളൂരി, എന്നിവയക്ക് 250 രൂപക്ക് മുകളിലാണ്. കൂടാതെ അയക്കൂറ, ആവോലി എന്നിവയുടെ വില 800 നും 1000 ത്തിനും ഇടയിലാണ്.

കോഴി ഇറച്ചിയുടെ വില 300 രൂപയാണ്. ഡ്രസ് ചെയ്യാത്തതിന് 160 രൂപയും. പോത്തിറച്ചിക്ക് 425 ഉം ആടിറച്ചിക്ക് 750 നും മുകളിലാണ് വില.

പലവ്യഞ്ജനങ്ങളുടെ വിലയിലും വന്‍ വര്‍ധനവാണ്. അരിയുടെയും നേരിയ അരിയുടെയും പഞ്ചസാരയുടെയും വില കൂടിയിട്ടുണ്ട് കിലോവിന് മൂന്നും രൂപയാണ് കൂടിയത്. ഒരു കിലോ പഞ്ചസാരയ്ക്ക് 44 രൂപയാണ് ഹോള്‍സെയില്‍ വില. വിവിധ കമ്പനികളുടെ ഓയില്‍ വിലയും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്.

News Now

Summary

fuel price hike worries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates