'ബിജെപി ടിക്കറ്റില്‍ മത്സരിച്ചുകൂടേ, ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകാം'; ഗ്യാനേഷ് കുമാറുമായുള്ള സംഭാഷണം വെളിപ്പെടുത്തി ജിജി തോംസണ്‍

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വിമാന യാത്രക്കിടെയാണ് ഉപദേശിച്ചത്

jiji thomson, gyanesh kumar
Giji Thomson Says Gyanesh Kumar Suggested BJP Ticket, Ministerial Post
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :26 സെപ്റ്റംബർ 2026, 5:14 pm IST

കൊച്ചി: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ബിജെപി ടിക്കറ്റില്‍ മത്സരിക്കണമെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകാമെന്നും 2016ല്‍ ഗ്യാനേഷ് കുമാര്‍ ഉപദേശിച്ചിരുന്നുവെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍. ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍, അന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വിമാന യാത്രക്കിടെയാണ് ഉപദേശിച്ചത്. എന്നാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് പ്ലാനില്ലെന്ന് മറുപടി നല്‍കിയെന്നും ചാനല്‍ റിപ്പോര്‍ട്ടറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ജിജി തോംസണ്‍ പറഞ്ഞു.

'ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. റിട്ടയര്‍മെന്റിനു ശേഷമുള്ള പ്ലാന്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. പ്രത്യേകിച്ച് പ്ലാനില്ലെന്നും കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള എന്തെങ്കിലും കാര്യങ്ങള്‍ നോക്കണമെന്നുമാണ് പറഞ്ഞത്. എന്നാല്‍ 2019ല്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച് എംപിയും മന്ത്രിയുമാകുന്നതാണ് നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചു. ഇലക്ഷന്‍ എന്റെ പ്ലാനില്‍ ഇല്ലെന്നാണ് തിരികെ മറുപടി പറഞ്ഞത്.

2016ല്‍ വിരമിക്കുന്നതിനു മുമ്പ് വിമാന യാത്രയ്ക്കിടെ ആയിരുന്നു ഈ ഉപദേശം. അന്ന് ഗ്യാനേഷ് കുമാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. എന്നേക്കാള്‍ ജൂനിയറാണ് അദ്ദേഹം. അദ്ദേഹമല്ലല്ലോ ഇതൊക്കെ ഓഫര്‍ ചെയ്യേണ്ടത്. സര്‍വീസില്‍ ഇരിക്കെ രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ പലരുടെയും ഉള്ളില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടായിരിക്കാം. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും മന്ത്രിയാകണമെന്നും ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്' -ജിജി തോംസണ്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു കമ്മീഷനിലെ അഭിപ്രായ ഭിന്നതയുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെയാണ് ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍. കമ്മീഷനിലെ മറ്റംഗങ്ങളായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരോട് ആലോചിക്കാതെ പല കാര്യങ്ങളിലും ഒറ്റയ്ക്ക് തീരുമാനമെടുത്തെന്നാണ് പ്രധാന ആരോപണം. കമ്മീഷന്‍ ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കേണ്ടതാണെന്നും, എന്നാല്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പല നിര്‍ണായക കാര്യങ്ങളിലും തങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയെന്നും ഇരുവരും ആരോപിക്കുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

News Now

Summary

Gigi Thomson Reveals Gyanesh Kumar Advised Him to Contest Lok Sabha Polls on BJP Ticket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates