ദിലീപിന്റെ ഫോണ്‍ പരിശോധിച്ച ഐടി വിദഗ്ധന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു?; ഒളിപ്പിച്ച ഫോണുകളില്‍ പീഡനദൃശ്യം?

ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ 'സുരക്ഷിത' കേന്ദ്രത്തിലെത്തിച്ചതായി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു

ദിലീപ് /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍  കണ്ടെത്താന്‍ ശ്രമിക്കുന്ന ഏഴ് മൊബൈല്‍ ഫോണുകളില്‍ നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയതിന്റെ തെളിവുകള്‍ ഉണ്ടാകുമെന്ന് അന്വേഷണസംഘത്തിന്‍ വിലയിരുത്തല്‍. സാക്ഷികകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും ഈ ഫോണുകളില്‍ ഉള്ളതിനാലാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ ഇവ ഒളിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് കരുതുന്നു. 

അഭിഭാഷകന്റെ ഉപദേശപ്രകാരം പരിശോധനയ്ക്കായി ഫോണുകള്‍ ഐടി വിദഗ്ധന് കൈമാറിയെന്നാണ് ദിലീപ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഈ ഐടി വിദഗ്ധനെ കണ്ടെത്തി മൊഴിയെടുക്കും. ഇതിനിടെ ദിലീപിന്റെ മറ്റൊരു ഫോണ്‍ പരിശോധിച്ച ഐടി വിദഗ്ധന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന ആരോപണവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. 

സിനിമാ സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറും ഇക്കാര്യം അന്വേഷണസംഘത്തോട് സൂചിപ്പിച്ചിരുന്നു. ഇരുവരുടേയും മൊഴികള്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. എന്നാല്‍ റോഡപകടത്തില്‍ മരിച്ച ഐടി വിദഗ്ധന്റെ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. 

മൊബൈല്‍ഫോണ്‍ 'സുരക്ഷിത' കേന്ദ്രത്തിലെത്തിച്ചെന്ന് പള്‍സര്‍ സുനി 

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച 2017 ഫെബ്രുവരി 17 നു രാത്രി തന്നെ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ 'സുരക്ഷിത' കേന്ദ്രത്തിലെത്തിച്ചതായി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഈ സുരക്ഷിതകേന്ദ്രം ഏതെന്നു വ്യക്തമാക്കിയിരുന്നെങ്കിലും അതു സ്ഥാപിക്കാന്‍ കഴിയുന്ന വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചില്ലെന്നാണ് സൂചന. 

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൈവശം വെച്ചശേഷം ദിലീപ് സുപ്രീംകോടതിയില്‍ അടക്കം നാടകം കളിച്ചെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമെത്തിയത് തന്റെ സാന്നിധ്യത്തിലാണെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പരിചയമില്ലാത്ത ഒരാള്‍ വഴി ആലപ്പുഴയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലും ടാബിലുമായി ദിലീപിന്റെ പക്കലെത്തിച്ചതെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 

പള്‍സര്‍ സുനിയുടെ തോളില്‍ കയ്യിട്ട് ദിലീപ് വരുന്നത് കണ്ടു

നടിയെ പീഡിപ്പിച്ച കേസിന് മുമ്പ് ഒരു ദിവസം സിനിമാ ചര്‍ച്ചകള്‍ക്കു വേണ്ടി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തി മടങ്ങുമ്പോള്‍ പള്‍സര്‍ സുനിയുടെ തോളില്‍ കയ്യിട്ട് ദിലീപ് വരുന്നത് കണ്ടു എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. അന്ന് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ കാറിലാണ് മടങ്ങിയത്. അതേകാറില്‍ സുനിയെ ബസ് സ്റ്റോപ്പില്‍ വിടാന്‍ ദിലീപ് അനൂപിനോട് ആവശ്യപ്പെട്ടുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

കാറില്‍ കയറിയ സുനിയെ അനൂപ് ആണ് പരിചയപ്പെടുത്തിയത്. ഇവനാണ് പള്‍സര്‍ സുനിയെന്ന് പറഞ്ഞു പരിചയപ്പെടുത്തിയതുകൊണ്ടാണ് ഇക്കാര്യം ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. അന്ന് ദിലീപ് കുറേ പണം കൊടുത്താണ് സുനിയെ പറഞ്ഞുവിട്ടതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. 
 

Related Article

ദിലീപിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍; ഫോണുകള്‍ വിട്ടുനല്‍കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിലും തീരുമാനം

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

'ഫോണില്‍ ഭാര്യയുമായുള്ള സംഭാഷണം, അന്വേഷണം സ്വകാര്യതയിലേക്കു കടന്നുകയറുന്നു';  ചൂടേറിയ വാദങ്ങള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now