സുഗതനെ കൈവിടില്ല, ബിജെപിയെ വേട്ടയാടുന്ന കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖര്‍

പൊലീസ് സംവിധാനത്തിന്റെ നഗ്‌നമായ ദുരുപയോഗത്തില്‍ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

Rajeev Chandrasekhar
രാജീവ് ചന്ദ്രശേഖര്‍
Edited by :Bijeesh
Last Updated :12 ജൂൺ 2026, 5:55 pm IST

തിരുവനന്തപുരം: കാപ്പ ചുമത്തി അറസ്റ്റിലായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുഗതന് ബിജെപി എല്ലാ നിയമസഹായവും രാഷ്ട്രീയ പിന്തുണയും നല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുഗതനെതിരായ നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പൊലീസ് സംവിധാനത്തിന്റെ നഗ്‌നമായ ദുരുപയോഗത്തില്‍ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേതാക്കളെ ചോദ്യം ചെയ്യുമ്പോള്‍ അക്രമം അഴിച്ചുവിടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സിപിഎമ്മിനെ പോലെയല്ല ബിജെപിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിയമവാഴ്ചയെയും ഭരണഘടനയെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും സുഗതനെതിരായ നടപടികളെ നിയമപരമായി നേരിടും. ബിജെപിയെ വേട്ടയാടാന്‍ ഭരണസംവിധാനങ്ങളെയും നിയമങ്ങളെയും ദുരുപയോഗം ചെയ്യുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വട്ടിയൂര്‍ക്കാവ് കൗണ്‍സിലറും മുന്‍ സംസ്ഥാന പൊലീസ് മേധാവിയുമായ ആര്‍. ശ്രീലേഖയും സുഗതന്റെ അറസ്റ്റിനെതിരെ രംഗത്തെത്തി. വട്ടിയൂര്‍ക്കാവിലെ അനധികൃത പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിനാലാണ് സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരം സുഗതനെതിരെ നിരവധി കേസുകള്‍ ചുമത്തി പൊലീസ് അദ്ദേഹത്തെ കുറ്റവാളിയായി ചിത്രീകരിച്ചതെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

എന്നാല്‍ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വിജയിപ്പിച്ചതെന്നും ശ്രീലേഖ പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ മാറിയാലും പൊലീസും ജില്ലാ ഭരണകൂടവും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇപ്പോഴും സിപിഎമ്മിന്റെ 'അടിമകളായി' പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു.

കാപാ നിയമം പ്രകാരമുള്ള കരുതല്‍ തടങ്കല്‍ നടപടി നേരിടുന്ന സുഗതനെ ചൊവ്വാഴ്ച രാത്രി വസതിയില്‍ നിന്ന് നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ ഉണ്ടായ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനും കൂടുതല്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കാനുമായി പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചിരുന്നു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ആക്രമണക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

അറസ്റ്റിനിടെ ബിജെപി പ്രവര്‍ത്തകര്‍ പോലീസിനെ വളഞ്ഞതിനാലാണ് മുന്നറിയിപ്പായി വെടിവെക്കേണ്ടിവന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ സുഗതന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെയും ബലപ്രയോഗം നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

News Now

Summary

Kerala BJP chief assures support to arrested party councillor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates