
സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്
നിലവിലുള്ള സ്ഥിതി തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പുനഃസംഘടന ഹൈക്കമാന്‍ഡ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തില്‍ ഒരു സമവായത്തിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് എഐസിസിയുടെ തീരുമാനം. നിലവിലുള്ള സ്ഥിതി തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ബെന്നി ബഹനാന്, കൊടിക്കുന്നില്‍ സുരേഷ്, അജയ് തറയില്‍, എംകെ രാഘവന്, ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, വിഎസ് ശിവകുമാര്‍, ടിഎന്‍ പ്രതാപന് എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടത്.
പുതിയ അധ്യക്ഷനായി ആരെ നിയമിക്കണം എന്ന കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ പൊതുവായ ഒരു ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു പ്രത്യേക പേര് അടിച്ചേല്‍പ്പിച്ചാല്‍ പാര്‍ട്ടിയില്‍ പുതിയ രീതിയിലുള്ള വിഭാഗീയതയ്ക്ക് അത് കാരണമാകും എന്ന് ഹൈക്കമാന്‍ഡ് ഭയപ്പെടുന്നു. മുഖ്യമന്ത്രി വിഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ആരുടെയും പേര് പരസ്യമായി പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ സൂക്ഷ്മമായ ഗ്രൂപ്പ് സമവാക്യങ്ങളെ ഇത് ബാധിക്കാതിരിക്കാനാണ് ഇരുവരും ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഒരു ദശാബ്ദത്തിനുശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയ പശ്ചാത്തലത്തില്‍, സംഘടനാ പുനഃസംഘടന വൈകരുതെന്ന് മുഖ്യമന്ത്രിയും ഭൂരിഭാഗം നേതാക്കളും വാദിക്കുന്നു. ഭരണത്തിലെ വിവാദങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി സംവിധാനത്തിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും മന്ത്രിസഭയിലുള്ളതിനാല്‍, ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.
കെപിസിസി അധ്യക്ഷനും വര്‍ക്കിങ് പ്രസിഡന്റുമാരും മന്ത്രിമാരായതും, നിരവധി ഡിസിസി പ്രസിഡന്റുമാര്‍ എംഎല്‍എമാരായതും പാര്‍ട്ടി സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഒരു വിഭാഗം നേതാക്കള്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എങ്കിലും, തിരക്കിട്ട് തീരുമാനിച്ച് പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധികള്‍ ഉണ്ടാക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Kerala Congress Rejig Put on Hold by High Command Amid Consensus Delays
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




