ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

മുഖ്യമന്ത്രി ചെയർമാനും ആരോഗ്യ മന്ത്രി വൈസ് ചെയർമാനുമാകും

VD Satheesan
VD Satheesan
Last Updated :7 October 2026, 1:14 pm IST
Edited by :Damodaran K

തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കുന്ന സമഗ്രമായ ആരോഗ്യ മാതൃക വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകി. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യ വകുപ്പ് മന്ത്രി വൈസ് ചെയർമാനും ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ദ്ധർ അംഗങ്ങളുമായാണ് കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്ക് ഫോഴ്സ്'നിലവിൽ വന്നത്. രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്താനും തടയാനും ഒപ്പം വയോജനങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്താനും ഇത്തരമൊരു വിപുലമായ പദ്ധതി ആവിഷ്കരിക്കുന്നത് രാജ്യത്ത് ആദ്യമായാണ്.

രോഗാവസ്ഥകൾ, ജനസംഖ്യയിലെ വർദ്ധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം വിശദമായി പഠിച്ച ശേഷമായിരിക്കും സമിതി ശുപാർശകൾ നൽകുക. രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗരേഖകൾക്ക് പുറമെ ആധുനിക അലോപ്പതി വൈദ്യശാസ്ത്രത്തിനൊപ്പം ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ രീതികളെ ഫലപ്രദമായി സമന്വയിപ്പിക്കാനുള്ള സാധ്യതകളും സമിതി പരിശോധിക്കും. വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ഏകോപിപ്പിക്കാനും ഏകീകൃത ഡിജിറ്റൽ സംവിധാനവും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തും.

സമിതിയുടെ ആദ്യ യോഗം ചേർന്ന് രണ്ട് മാസത്തിനകം സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണം. നടപ്പിലാക്കാൻ സാധിക്കുന്ന രണ്ട് അല്ലെങ്കിൽ മൂന്ന് പൈലറ്റ് പ്രോജക്ടുകൾ, അടുത്ത മൂന്ന് വർഷത്തേക്കുള്ള ഘട്ടംഘട്ടമായ കർമ്മപദ്ധതി, ചെലവുകൾ, ഫണ്ട് കണ്ടെത്താനുള്ള സ്രോതസ്സുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതായിരിക്കും ഈ റിപ്പോർട്ട്. പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കാനുള്ള സംവിധാനവും ഓരോ വകുപ്പുകൾക്കും വീതിച്ചു നൽകേണ്ട ചുമതലകളും ഇതിൽ വ്യക്തമാക്കും.

സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരം മുൻകൂർ മുൻകരുതലുകൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം പിടിപെട്ട ശേഷം ചികിത്സ തേടുന്ന പരമ്പരാഗത ശൈലിക്ക് പകരം, രോഗങ്ങൾ വരാതെ സൂക്ഷിക്കുന്ന പ്രതിരോധ ആരോഗ്യ പരിപാലനമാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിന് തന്നെ അനുകരണീയമായ പുതിയൊരു പൊതുജനാരോഗ്യ മാതൃകയാണ് ഇതിലൂടെ സംസ്ഥാനം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News Now

Summary

The Kerala government has constituted a high-level expert task force chaired by the Chief Minister to formulate a pioneering holistic health and longevity model aimed at ensuring healthy aging and robust preventive healthcare across the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates