മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കേസ് ഒതുക്കിത്തീർക്കാനുള്ള മാതാപിതാക്കളുടെ നീക്കം നിയമപരമായി നിലനിൽക്കില്ല; പോക്സോ കേസിൽ തൃശൂർ സ്വദേശിയായ അച്ഛന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala High Court
Kerala High Courtfile
Edited by :Damodaran K
Last Updated :12 ഓഗസ്റ്റ് 2026, 11:31 am IST

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അച്ഛനെതിരെ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ അമ്മയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റവിചാരണ തടസ്സപ്പെടുത്താൻ മാതാപിതാക്കൾ നടത്തുന്ന യാതൊരുവിധ ഒത്തുതീർപ്പുകൾക്കും നിയമപരമായ അംഗീകാരം നൽകാനാകില്ല. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണയും നടത്താനുള്ള സർക്കാരിന്റെ ബാധ്യതയെ മറികടക്കാൻ ഇത്തരം സ്വകാര്യ കരാറുകൾക്ക് സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൃശൂർ ചാലക്കുടി സ്വദേശിയായ അമ്പതുകാരൻ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ പ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. മകൾ നൽകിയ മൊഴിയിൽ അച്ഛൻ നടത്തിയത് അതിക്രൂരമായ കുറ്റകൃത്യമാണെന്ന് വ്യക്തമാകുന്നുണ്ട്. മുൻപ് സമർപ്പിച്ച ആദ്യ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം, കേസിന് ആസ്പദമായ പരാതി നൽകിയ അമ്മ തന്നെ കേസ് ഒത്തുതീർപ്പാക്കാൻ മുന്നോട്ടുവരികയായിരുന്നു. മകളുടെ താല്പര്യങ്ങളും ഭാവി ജീവിതവും പൂർണ്ണമായി വിസ്മരിച്ചാണ് മാതാവ് ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

പതിനേഴുകാരിയായ മകളെ പ്രതി പലതവണ അനാവശ്യമായി സ്പർശിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ ഏപ്രിൽ 17-നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആദ്യ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അച്ഛനും അമ്മയും തമ്മിൽ വിഷയം ഒത്തുതീർപ്പാക്കിയെന്നും പ്രതിക്ക് ജാമ്യം നൽകുന്നതിൽ വിരോധമില്ലെന്ന് അമ്മ വ്യക്തമാക്കിയെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വിചാരണയുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നും അച്ഛന് ജാമ്യം നൽകുന്നതിൽ മകൾക്ക് എതിർപ്പില്ലെന്നും വ്യക്തമാക്കി അമ്മ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

എന്നാൽ സംഭവം നടന്നിട്ടില്ലെന്ന് അമ്മ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്നും, പിന്നീട് ഉണ്ടായ ഒത്തുതീർപ്പിന്റെ കാര്യം മാത്രമാണ് ഉന്നയിക്കുന്നതെന്നും കോടതി വ്യക്തമാക്കി. പ്രതി ചെയ്തത് ആസൂത്രിതമായ കുറ്റകൃത്യമാണെന്നും ഈ ഘട്ടത്തിൽ ജാമ്യത്തിന് അർഹതയില്ലെന്നുമുള്ള മുതിർന്ന പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

News Now

Summary

The Kerala High Court has ruled that a mother cannot legally compromise or settle a case filed against the father for sexually assaulting their minor daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates