
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന കിഫ്ബിയില് സമഗ്ര പൊളിച്ചെഴുത്ത് വേണമെന്ന് വിദഗ്ധസമിതി
News Now
തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന കിഫ്ബിയില് സമഗ്ര പൊളിച്ചെഴുത്ത് വേണമെന്ന് വിദഗ്ധസമിതി. കിഫ്ബി സര്ക്കാരിന് വന് ബാധ്യതയാണെന്നും കിഫ്ബി നിലവിലെ രീതിയില് തുടരേണ്ടതില്ലെന്നുമാണ് നിയമസഭയില് സമര്പ്പിച്ച റിപ്പോര്ട്ടില് വിദഗ്ധ സമിതി ശുപാര്ശ ചെയ്യുന്നത്.
കണ്ണൂര് ജില്ലയിലെ കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കല് ദുരൂഹമെന്നും വിദഗ്ധസമിതി ആരോപിക്കുന്നു. കണ്ണൂരില് 3,829 ഏക്കര് 9,572 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. ഭൂമിവിലയുടെ അഞ്ചിരട്ടി തുകയാണ് ഇതിന് നല്കിയത്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര പരിശോധന വേണമെന്നും സമിതി നിര്ദേശിച്ചു. കിഫ്ബി പദ്ധതികളില് ജില്ലാ അടിസ്ഥാനത്തില് വലിയ അസമത്വമാണുള്ളതെന്നും 41 ശതമാനം പദ്ധതികള് മൂന്ന് ജില്ലകളില് മാത്രമായിട്ടാണെന്നും സമിതി ആരോപിക്കുന്നു.
കഴിഞ്ഞ 10 വര്ഷത്തെ കിഫ്ബിയുടെ പ്രവര്ത്തനങ്ങള് സിഎജി (CAG) പെര്ഫോമന്സ് ഓഡിറ്റിന് വിധേയമാക്കാനും വിദഗ്ധ സമിതി ശുപാര്ശ ചെയ്തു. ഇനി മുതല് വിപണിയില്നിന്ന് നേരിട്ട് വായ്പയോ ഫണ്ടോ സമാഹരിക്കാന് കിഫ്ബിയെ അനുവദിക്കരുത്. സര്ക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും കടം തിരിച്ചടയ്ക്കാന് ഉപയോഗിക്കുകയാണ്. കിഫ്ബിയുടെ നിലവിലെ സാമ്പത്തിക ബാധ്യതകളും തിരിച്ചടവുകളും സംസ്ഥാന സര്ക്കാര് വാര്ഷിക ബജറ്റിലൂടെ ഏറ്റെടുക്കണമെന്നും വിദഗ്ധ സമിതി നിര്ദേശിച്ചു.
നിലവിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള് അതത് സര്ക്കാര് വകുപ്പുകള് നേരിട്ട് പൂര്ത്തിയാക്കണം. കിഫ്ബിയിലെ ജീവനക്കാരെയും പദ്ധതി നിരീക്ഷണ വിഭാഗങ്ങളെയും സംസ്ഥാന ആസൂത്രണ ബോര്ഡിലേക്കും ധനകാര്യ വകുപ്പിലേക്കും മാറ്റി പുനര്വിന്യസിക്കണം. കിഫ്ബി വഴി പുതിയ നിയമനങ്ങള് പാടില്ലെന്നും കിഫ്ബിയിലെ ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനഃക്രമീകരിക്കണമെന്നും റിപ്പോര്ട്ടില് പറയുന്നു.
Summary
KIIFB poses a massive liability to the government: Expert Committee Report
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







