'ബസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കില്‍....', മകനെ ബസ് കയറ്റിവിടാന്‍ ഇനി അച്ഛനും ഇല്ല; ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു

റിഷബ് (15), കൗശിക് (15), നവനീത് (13), ജിബിമോള്‍ (15) ലോറി ഡ്രൈവര്‍ നിസാം (40) എന്നിവരാണ് ചികിത്സയിലുള്ളത്

Lorry Accident
Lorry Accident
Edited by :Jayakumar
Last Updated :23 ജൂൺ 2026, 10:40 am IST

കൊല്ലം: കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പര്‍ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി പാര്‍ത്ഥിപ് (15), നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാര്‍ (45) എന്നിവരാണ് മരിച്ചത്. ഹരിലാല്‍ ട്യൂട്ടോറിയല്‍ അധ്യാപകനാണ്. മകനെ ബസ് കയറ്റിവിടാന്‍ വന്നതാണ് അപകടത്തില്‍ മരിച്ച അജയകുമാര്‍.

റിഷബ് (15), കൗശിക് (15), നവനീത് (13), ജിബിമോള്‍ (15) ലോറി ഡ്രൈവര്‍ നിസാം (40) എന്നിവരാണ് ചികിത്സയിലുള്ളത്. റിഷബും കൗഷികും മെഡിസിറ്റിയിലും നിസാം ഗോകുലം മെഡിക്കല്‍ കോളജിലും നവനീതും, ജിബിമോളും കൊട്ടാരക്കര താലൂക്ക് ആശുപത്രിയലുമാണ് ചികിത്സയിലുള്ളത്. പരിക്കേറ്റ ഒരു കൂട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ നിസാമിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

എട്ടുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരുടെ പരിക്കുകള്‍ നിസ്സാരമാണെന്നാണ് വിവരം. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ടിപ്പര്‍ മറിഞ്ഞതോടെ ലോറിയിലുണ്ടായിരുന്ന മണ്ണ് മറിഞ്ഞുവീണ് അപകടത്തില്‍പ്പെട്ടവര്‍ അതിനടിയില്‍ കുടുങ്ങുകയായിരുന്നു. മതിലിനോട് ചേര്‍ന്ന് ബസ് കാത്തുനിന്നവരാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ലോറി മതിലിലേക്ക് പാഞ്ഞുകയറി ഇടിച്ചു മറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബസ് സ്റ്റോപ്പും മതിലും ഇടിഞ്ഞും അപകടത്തില്‍പ്പെട്ടവരുടെ ദേഹത്തേക്ക് പതിച്ചിരുന്നു.

രാവിലെ 7.10ന് വരേണ്ട ബസ് 7.12 ഓടെയാണ് വന്നതെന്നാണ് വിവരം. ഇതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പില്‍ 15 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ആണ്‍കുട്ടികള്‍ നിന്നിരുന്ന ഭാഗത്തേക്കാണ് ടിപ്പര്‍ ലോറി ഇരച്ചെത്തിയത്. കൂട്ടം കൂടി നിന്ന വിദ്യാര്‍ത്ഥികളില്‍ എതാനും പേര്‍ ഹോം വര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബുക്കെടുക്കാനായി മാറി നിന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചതായി നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഒരുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

News Now

Summary

Three people died in Kottarakkara tipper lorry accident. The deceased have been identified.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates