കനത്ത തോല്‍വി, ലതിക സുഭാഷ് മൂന്നാം സ്ഥാനത്ത്; കിട്ടിയത് 113 വോട്ട്

സുശീലക്ക് 703 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി നിത്യ രതീഷിന് 279 വോട്ടുകളും ലഭിച്ചപ്പോള്‍ ലതിക സുഭാഷ് നേടിയത് കേവലം 113 വോട്ടുകളാണ്.

Lathika Subhash
Lathika Subhashfile
Last Updated :13 December 2025, 12:21 pm IST
Edited by :ആതിര അഗസ്റ്റിന്‍

കോട്ടയം: നഗരസഭയില്‍ 48-ാം വാര്‍ഡില്‍ (തിരുനക്കര) എല്‍ഡിഎഫിന് വന്‍ തോല്‍വി. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എത്തിയ എന്‍സിപി നേതാവ് ലതികാ സുഭാഷാണ് തോറ്റത്. ലതിക ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഡിഎഫിലെ സുശീല ഗോപകുമാറാണ് ഇവിടെ വന്‍ വിജയം നേടിയത്. സുശീലക്ക് 703 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി നിത്യ രതീഷിന് 279 വോട്ടുകളും ലഭിച്ചപ്പോള്‍ ലതിക സുഭാഷ് നേടിയത് കേവലം 113 വോട്ടുകളാണ്.

നാല് വര്‍ഷം മുമ്പ് ഏറ്റുമാനൂര്‍ നിയമസഭാ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിനെ ഞെട്ടിച്ച ലതിക എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഒന്നു കൂടി ഞെട്ടിച്ചു. ഇന്ന് മന്ത്രിയായ സിപിഎമ്മിന്റെ വി എന്‍ വാസവന്‍, അന്തരിച്ച യുഡിഎഫിലെ പ്രിന്‍സ് ലൂക്കോസ്, ബിജെപിയുടെ ടി എന്‍ ഹരികുമാര്‍ എന്നിവര്‍ക്കൊപ്പം സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരം.

2021ല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതിന്റെ പേരില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധമറിയിച്ച് ലതിക സുഭാഷ് കോണ്‍ഗ്രസ് വിടുകയായിരുന്നു. പിന്നീട് എന്‍സിപിയില്‍ ചേര്‍ന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു കോട്ടയം നഗരസഭയില്‍ സ്ഥാനാര്‍ഥിയായത്. എന്നാല്‍ പരാജയം നേരിടുകയായിരുന്നു.കോട്ടയം നഗരസഭയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 31 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫിന് 15 സീറ്റുകളിലും എൻഡിഎ 6 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. ഇതോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണം തുടരും.

News Now

Summary

Lathika Subhash Defeated In Thirunakkara Ward

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates