മ്ലാവിറച്ചി ലാബ് പരിശോധനയില്‍ പോത്തിറച്ചിയായി, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത് 39 ദിവസം; കുടുംബവും ജീവിതവും തകര്‍ന്ന് സുജേഷ്

2024 സെപ്തംബറിലാണ് വനംവകുപ്പ് മ്ലാവിറച്ചി കേസില്‍ ഇരുവരെയും പിടികൂടിയത്. പേരാമ്പ്ര മേച്ചിറ കാര്യാടന്‍ സുജേഷ് രണ്ടാം പ്രതിയും സുഹൃത്ത് ജോബി ഒന്നാം പ്രതിയുമായി കേസെടുക്കുകയും ചെയ്തു

Kerala forest department Case
സുജേഷ് ( Kerala forest department )Special Arrangement
Last Updated :14 June 2025, 3:43 pm IST
Edited by :Anoop N P

തൃശൂര്‍: മ്ലാവിറച്ചി ശാസ്ത്രീയ പരിശോധനയില്‍ പോത്തിറച്ചിയായി, കേസ് അവസാനിച്ചെങ്കിലും കുടുംബവും ജീവിതവും തകര്‍ന്ന് സുജേഷ്. ചാലക്കുടിയിലെ യൂണിയന്‍ തൊഴിലാളികളായിരുന്ന സുജേഷിനേയും ജോബിയേയും മ്ലാവിറച്ചി കൈവശം വെച്ചതായി ആരോപിച്ച് വനംവകുപ്പെടുത്ത ( Kerala forest department ) കേസാണ് യുവാക്കളുടെ ജീവിതം തന്നെ മാറ്റി മറിച്ചത്.

2024 സെപ്തംബറിലാണ് വനംവകുപ്പ് മ്ലാവിറച്ചി കേസില്‍ ഇരുവരെയും പിടികൂടിയത്. പേരാമ്പ്ര മേച്ചിറ കാര്യാടന്‍ സുജേഷ് രണ്ടാം പ്രതിയും സുഹൃത്ത് ജോബി ഒന്നാം പ്രതിയുമായി കേസെടുക്കുകയും ചെയ്തു. ഇരുവരും ഈ കേസില്‍ 39 ദിവസം ജയിലില്‍ കഴിയേണ്ടിയും വന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് ലാബ് പരിശോധനാ റിപ്പോര്‍ട്ടില്‍ ആണ് സുജേഷ്, ജോബി എന്നിവരുടെ പക്കല്‍ നിന്നും പിടിച്ചത് പശുവിഭാഗത്തില്‍ പെടുന്ന ഇറച്ചിയാണെന്ന് വ്യക്തമാക്കിയത്. ഇതോടെ ഇരുവരേയും കോടതി വെറുതേ വിടുകയും ചെയ്തു.

എന്നാല്‍, കേസിനെ തുടര്‍ന്ന് യൂണിയന്‍ ജോലിയില്‍ നിന്നും ഇരുവരേയും പിരിച്ചുവിട്ടിരുന്നു. സുജേഷിന്റെ ഭാര്യ വിവാഹമോചനം നേടി. രണ്ടു കുട്ടികളും സുജേഷിനൊപ്പമാണ്. രാത്രി ഓട്ടോ ഓടിച്ചാണ് സുജേഷ് ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത്. തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചാണ് വനംവകുപ്പുകാര്‍ കുറ്റം സമ്മതിപ്പിച്ചതെന്ന് സുജേഷ് പറയുന്നു. തനിക്ക് ജോലി തിരിച്ചുകിട്ടണമാണെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും സുജേഷ് പറയുന്നു. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടിവരികയും മാനസിക - ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടിവന്നതും ഇപ്പോഴും നടുക്കുന്ന ഓര്‍മ്മയാണ് ഇവര്‍ക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now