കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

കൊച്ചി മണ്ഡലത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കാനും ധാരണയായാതായാണ് സൂചന

Congress Leaders
Congress Leadersഫയൽ
Edited by :jayakumarna
Last Updated :19 മാർച്ച് 2026, 6:49 am IST

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന മാരത്തണ്‍ ചര്‍ച്ചകളിലും അന്തിമ തീരുമാനമായില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 വരെ യോഗം നീണ്ടു. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാവിലെ 10 മണിയോടെ ഉണ്ടായേക്കുമെന്നാണ് സൂചന.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എംപിമാര്‍ക്ക് ആര്‍ക്കും സീറ്റ് നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പെരുമ്പാവൂര്‍ ഉള്‍പ്പെടെ അഞ്ചു സീറ്റുകളിലെ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. കൊച്ചി മണ്ഡലത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കാനും ധാരണയായാതായാണ് സൂചന.

ഇന്നലെ വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ കോർ കമ്മിറ്റി യോഗം ചേർന്നു. തുടർന്ന് ഇന്ദിരാഭവനിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗവും (സി.ഇ.സി.) നടന്നു. ഇതിലും നേതാക്കൾ തമ്മിലുള്ള തർക്കം തുടർന്നതോടെയാണ്, പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രത്യേക യോഗവും മാരത്തൺ ചർച്ചകളും നടന്നത്. ഇനി 36 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്.

അടൂർ പ്രകാശിനും കെ.സുധാകരനും സീറ്റ് നൽകേണ്ടെന്ന നിലപാടിലാണ് മല്ലികാർജുൻ ഖാർഗെ. എന്നാൽ സുധാകരനെ മാറ്റുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെ സുധാകരൻ ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ രാഹുല്‍ ഗാന്ധിക്കും അതൃപ്തിയുണ്ട്.

സിപിഎം വിട്ട നാലുനേതാക്കൾക്ക് പിന്തുണനൽകുന്ന കാര്യവും ബിജെപി മുൻ നേതാവ് സന്ദീപ് വാര്യരെ ഉൾക്കൊള്ളിക്കാനുള്ള ശ്രമവും പട്ടിക വൈകുന്നതിൽ നിർണായകമായി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ. എതിരാളികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയിട്ടും കോൺഗ്രസ് പട്ടിക വൈകുന്നത് പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിനിടയാക്കിയിട്ടുണ്ട്.

News Now

Summary

Congress' second phase candidate list likely to be announced today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates