'മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ട'; സിപിഐയില്‍ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്ന് കുടുംബം

അന്തരിച്ച സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് കുടുംബം

p raju
പി രാജു ഫയൽ
Last Updated :27 February 2025, 6:06 pm IST
Edited by :dhanojam

കൊച്ചി: അന്തരിച്ച സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് കുടുംബം. ഇക്കാര്യം ബന്ധുക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയില്‍ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

രാജുവിന്റെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചാല്‍ മതിയെന്നാണ് കുടുംബത്തിന്റെ തീരുമാനം. പി രാജുവിനെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിന് പാര്‍ട്ടിയിലെ ഒരു വിഭാഗം തടസ്സം സൃഷ്ടിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. പാര്‍ട്ടി നടപടിക്ക് കൂട്ടുനിന്നവര്‍ സംസ്‌കാരത്തില്‍ പങ്കെടുക്കരുത്. നടപടിയില്‍ മനംനൊന്താണ് പി രാജുവിന്റെ മരണമെന്നും കുടുംബം ആരോപിച്ചു. ഇല്ലാത്ത ചില പ്രശ്‌നങ്ങളുടെ പേരില്‍ സഖാവിനെ വ്യക്തിഹത്യ നടത്തുകയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയ സല്‍പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് രാജുവിന് ഏറ്റ വലിയ ആഘാതമായിരുന്നുവെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ ഇ ഇസ്മയിലിന്റെ കുറിപ്പ്:

പ്രിയ സഖാവിനു വിട...

50 കൊല്ലക്കാലത്തെ ആത്മബന്ധമാണ് സ:രാജുവിന്റെ വേര്‍പാടിലൂടെ ഇല്ലാതാവുന്നത്...

1980 ല്‍ രാജുവടക്കം ഞങ്ങളുടെ മോസ്‌കോ യാത്രയിലാണ് ഞങ്ങളുടെ സുഹൃദ് ബന്ധം കൂടുതല്‍ ദൃഢമാവുന്നത്. 6 മാസം ഞങ്ങളൊന്നിച്ചാണ് ഒരു മുറിയില്‍ താമസിച്ചിരുന്നത്. കൃഷ്ണന്‍ കണിയാന്‍ പറമ്പിലും, കാന്തലോട്ട് കുഞ്ഞമ്പുവും അടക്കം കുറെ സഖാക്കള്‍ ഒന്നിച്ചാണ്. തിരിച്ചു വന്നതിനു ശേഷവും രാജു MLA ആയി DC സെക്രട്ടറിയായി AITUC യുടെ സംസ്ഥാന നേതാവായി വളരുകയായിരുന്നു

ഞാനും MLA യും മന്ത്രിയും MP യും സംസ്ഥാന പാര്‍ട്ടി അസി: സെക്രട്ടറിയുമൊക്കെയായി

ഞങ്ങളുടെ ബന്ധവും വളരുകയായിരുന്നു.

സഖാവിന് അസുഖമാണെന്നറിഞ്ഞപ്പോള്‍ വിദേശത്തു കൊണ്ടുപോയി ചികിത്സിക്കാന്‍ സ: CN ചന്ദ്രനും ഞാനും സന്‍ജിത്തും സുഗതനം മറ്റു സഖാക്കളുമായാലോചിച്ചു സാമ്പത്തിക സ്ഥിതിയില്‍ ആവശ്യമാണെങ്കില്‍ സഹായിക്കണമെന്ന് CM നെക്കണ്ട് സംസാരിച്ചു ചെന്നെയിലെ Dr. ആയി ബന്ധപ്പെടുത്തി. സുഖമായി വന്നതാണ്പ്രവര്‍ത്തനത്തില്‍ സജീവമായി വരുകയായിരുന്നു.

ഇല്ലാത്ത ചില പ്രശ്‌നങ്ങളുടെ പേരില്‍ സഖാവിനെ വ്യക്തിഹത്യ നടത്തുകയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയ സല്‍പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു.

ഇത്ര പെട്ടന്ന് നമ്മെയെല്ലാം വിട്ടുപോകുമെന്ന് കരുതിയില്ല. അതിയായ ദുഃഖം അടങ്ങാത്ത ദുഃഖം രേഖപ്പെടുത്തുന്നു...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now