'അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു; കേരളത്തിൽ നടക്കുന്നത് സംഘപരിവാറിന് സമാനമായ മാധ്യമവേട്ട’

'ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്നത് ഒരു കുറ്റകൃത്യമല്ല. മറിച്ച്, ഏതൊരു മാധ്യമത്തിന്റെയും കടമയാണ്'

Pinarayi Vijayan
Pinarayi Vijayanഫയൽ
Edited by :Jayakumar
Last Updated :2 ഒക്ടോബർ 2026, 5:18 pm IST

തിരുവനന്തപുരം: വിമർശനങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടും യുഡിഎഫ് സർക്കാർ കടുത്ത അസഹിഷ്ണുതയാണ് പുലർത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ യുഡിഎഫ് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രമുഖ ഡിജിറ്റൽ മാധ്യമമായ നോക്യാപിന് നേരിടേണ്ടി വന്ന ഫെയ്സ്ബുക്ക് വിലക്ക്. സെൻസർഷിപ്പിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സർക്കാർ കൈമലർത്തുമ്പോഴും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് ഈ വിലക്കിന് പിന്നിലെന്ന് മെറ്റ തന്നെ തുറന്നുകാട്ടുന്നു. പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഐ.ടി നിയമത്തിലെ സെക്ഷൻ 79(3)(b) ഉപയോഗിച്ച് സർക്കാർ നൽകിയ നിർദ്ദേശപ്രകാരമാണ് പേജ് പൂട്ടിയതെന്ന് മെറ്റ വിശദീകരിക്കുമ്പോഴും, യഥാർത്ഥത്തിൽ എന്ത് നിയമലംഘനമാണ് നോക്യാപിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വ്യക്തമാക്കാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല. നരേന്ദ്ര മോദിയും സംഘപരിവാറും നടപ്പിലാക്കുന്ന അതേ മാധ്യമവേട്ട തന്നെയാണ് കേരളത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും യു.ഡി.എഫ് സർക്കാരും നടത്തുന്നത്. എതിർക്കുന്നവരെ മുഴുവൻ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

ഫാസിസ്റ്റ് അടിച്ചമർത്തലുകളെ പോരാടി തോൽപ്പിച്ച പാരമ്പര്യമുള്ള കേരളത്തിൽ ഇത്തരം നടപടികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ല. ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്നത് ഒരു കുറ്റകൃത്യമല്ല. മറിച്ച്, ഏതൊരു മാധ്യമത്തിന്റെയും കടമയാണ്. അതുകൊണ്ട്, എതിർസ്വരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി നൽകാൻ ജനങ്ങൾ തയ്യാറാകണം. പ്രതിസന്ധിയിൽ തളരാതെ പുതിയ പേജുമായി തങ്ങളുടെ മാധ്യമപ്രവർത്തനം തുടരാൻ തീരുമാനിച്ച നോക്യാപ് ടീമിന് അഭിവാദ്യങ്ങളെന്നും പിണറായി വിജയൻ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ യുഡിഎഫ് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രമുഖ ഡിജിറ്റൽ മാധ്യമമായ നോക്യാപിന് (NOCAP) നേരിടേണ്ടി വന്ന ഫേസ്ബുക്ക് വിലക്ക്.

സമൂഹമാധ്യമങ്ങളിലെ സെൻസർഷിപ്പിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സർക്കാർ നിരന്തരം കൈമലർത്തുമ്പോഴും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് ഈ വിലക്കിന് പിന്നിലെന്ന് മെറ്റ തന്നെ തുറന്നുകാട്ടുന്നു. ഐ.ടി നിയമത്തിലെ സെക്ഷൻ 79(3)(b) ഉപയോഗിച്ച് സർക്കാർ നൽകിയ നിർദ്ദേശപ്രകാരമാണ് പേജ് പൂട്ടിയതെന്ന് മെറ്റ വിശദീകരിക്കുമ്പോഴും, യഥാർത്ഥത്തിൽ എന്ത് നിയമലംഘനമാണ് നോക്യാപിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വ്യക്തമാക്കാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല.

വിമർശനങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള സർക്കാരിന്റെ കടുത്ത അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. നരേന്ദ്ര മോദിയും സംഘപരിവാറും നടപ്പിലാക്കുന്ന അതേ മാധ്യമവേട്ട തന്നെയാണ് കേരളത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും യു.ഡി.എഫ് സർക്കാരും നടത്തുന്നത്.

എതിർക്കുന്നവരെ മുഴുവൻ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നു. അക്കാലത്തെ ഫാസിസ്റ്റ് അടിച്ചമർത്തലുകളെ പോരാടി തോൽപ്പിച്ച പാരമ്പര്യമുള്ള കേരളത്തിൽ ഇത്തരം നടപടികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ല.

ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്നത് ഒരു കുറ്റകൃത്യമല്ല; മറിച്ച്, ഏതൊരു മാധ്യമത്തിന്റെയും കടമയാണ്. അതുകൊണ്ട്, എതിർസ്വരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി നൽകാൻ ജനങ്ങൾ തയ്യാറാകണം.

പ്രതിസന്ധിയിൽ തളരാതെ പുതിയ പേജുമായി തങ്ങളുടെ മാധ്യമപ്രവർത്തനം തുടരാൻ തീരുമാനിച്ച നോക്യാപ് ടീമിന് അഭിവാദ്യങ്ങൾ. മാധ്യമ ധാർമ്മികതയും സാമൂഹിക പ്രതിബദ്ധതയും സത്യസദ്ധതയും ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകാനും നീതിക്കായി വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിക്കാനും അവർക്ക് സാധിക്കട്ടെ.

News Now

Summary

Pinarayi Vijayan speaks out against media censorship

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates