നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചോയെന്നും അന്വേഷണം

ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ ഫോണില്‍ നിന്നും കണ്ടെത്തിയതായാണ് സൂചന

vadakara mdma case
അറസ്റ്റിലായ അധ്യാപികമാർ
Edited by :Jayakumar
Last Updated :7 ഓഗസ്റ്റ് 2026, 9:26 am IST

കോഴിക്കോട്: അധ്യാപികമാര്‍ അറസ്റ്റിലായ വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ ഫോണില്‍ നിന്നും കണ്ടെത്തിയതായാണ് സൂചന. എന്‍ഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ലഹരി വില്‍പ്പനയ്ക്ക് ഇവര്‍ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ഇന്നലെയാണ് കീര്‍ത്തനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ലഹരിമരുന്ന് വിപണനത്തിനായി ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടത് കോളജ് വിദ്യാര്‍ത്ഥിനികളെയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിദ്യാര്‍ത്ഥിനികളുമായി ഇവര്‍ പരിചയം സ്ഥാപിക്കുന്നത്.

പിന്നീട് ചാറ്റിംഗിലൂടെ വിശ്വാസം നേടിയശേഷം ലഹരി ഉപയോഗത്തിലേക്കും ഇടപാടുകളിലേക്കും ഇവരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ലഹരിമരുന്ന് കൈമാറാന്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ആപ്പുകളുടെ മറവാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിച്ചിരുന്നു. പിന്നീട് ലഹരി വാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ഏജന്റുമാരായി പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും പൊലീസ് സൂചിപ്പിക്കുന്നു.

വടകര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അധ്യാപികമാരായ കീര്‍ത്തന, കാന്യ, നീഷ്മ, ഫുഡ് ഡെലിവറി ബോയ് ജിജില്‍ കുര്യാക്കോസ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതി ഷിന്റോയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അധ്യാപികമാരും ജിജിലും ഷിന്റോയ്ക്ക് പണം അയച്ചതായി കണ്ടെത്തിയിരുന്നു. ജിജിലും വയനാട് സ്വദേശി ഷിന്റോയും മംഗളൂരുവില്‍ പഠിക്കുന്ന കാലത്താണ് സൗഹൃദത്തിലാകുന്നത്. പഠനകാലത്താണ് ഇവര്‍ എംഡിഎംഎ ഇടപാടിലേക്ക് എത്തുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജിജിലിന് മറ്റ് ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

News Now

Summary

Police have obtained crucial chats and images in the Vadakara MDMA case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates