'ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ശ്രമിക്കുന്നു', സഹപ്രവര്‍ത്തകനെതിരെയുള്ള ഊമക്കത്ത് അബദ്ധത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; വെട്ടിലായി പൊലീസുകാരന്‍

കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ രഹസ്യ പരാതി (ഊമക്കത്ത്) അബദ്ധത്തില്‍ സ്വന്തം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കിയ പൊലീസുകാരന്‍ വെട്ടിലായി

KERALA POLICE
Kerala policefile
Edited by :Dhanoj AM
Last Updated :15 ജൂലൈ 2026, 1:28 pm IST

കൊച്ചി: കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ രഹസ്യ പരാതി (ഊമക്കത്ത്) അബദ്ധത്തില്‍ സ്വന്തം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കിയ പൊലീസുകാരന്‍ വെട്ടിലായി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കാണ് ഈ വന്‍ അബദ്ധം പിണഞ്ഞത്.

കഴിഞ്ഞ ജനറല്‍ ട്രാന്‍സ്ഫറില്‍ പുത്തന്‍കുരിശ് സ്റ്റേഷനിലേക്ക് മാറുകയും അവിടെ നിന്ന് വീണ്ടും മൂവാറ്റുപുഴ ട്രാഫിക്കിലെത്തി നിലവില്‍ സ്‌ക്വാഡില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെതിരെയുള്ളതായിരുന്നു ഈ കത്ത്. പൊലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാല്‍ ഇയാളെ എത്രയും വേഗം അങ്കമാലിയിലേക്കോ പെരുമ്പാവൂരിലേക്കോ സ്ഥലം മാറ്റണമെന്നുമായിരുന്നു ഊമക്കത്തിലെ പ്രധാന ആവശ്യം.

പരാതി തയാറാക്കിയ ശേഷം ഉന്നതര്‍ക്ക് അയക്കുന്നതിന് പകരം അബദ്ധത്തില്‍ സ്വന്തം വാട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റാറ്റസ് കണ്ട് ഞെട്ടിയ മറ്റ് സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഉദ്യോഗസ്ഥന് അബദ്ധം മനസ്സിലായത്. തൊട്ടുപിന്നാലെ സ്റ്റാറ്റസ് വേഗത്തില്‍ ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടിരുന്നു.

സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം തന്നെ കത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് പ്രചരിപ്പിച്ചു കഴിഞ്ഞിരുന്നു. സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥനും പൊലീസിനും ഇത് വലിയ നാണക്കേടായി മാറി.

രഹസ്യമായി നല്‍കേണ്ട പരാതി സ്വന്തം അശ്രദ്ധ കൊണ്ട് പരസ്യമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കടുത്ത അതൃപ്തിയിലാണ്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഉണ്ടായിട്ടുള്ളതെന്നും ഇയാള്‍ക്കെതിരെ ശക്തമായ വകുപ്പുതല നടപടിയുണ്ടാകുമെന്നുമാണ് സൂചനകള്‍.

News Now

Summary

Policeman accidentally post a letter against his colleague on WhatsApp status

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates