രാജന്റെ 'ജാക്ക്‌പോട്ട്‌'; ഇതാ ഇവിടെയുണ്ട് 58 വര്‍ഷത്തെ ലോട്ടറികള്‍!

1970 ഏപ്രിലിലെ വിഷു ബമ്പര്‍ ടിക്കറ്റിന് ഒരു രൂപയായിരുന്നു വില, സമ്മാനം മൂന്നു ലക്ഷം രൂപ. അതേവര്‍ഷം സെപ്റ്റംബര്‍ 10നാണ് ആദ്യ ഓണം ബമ്പര്‍ നറുക്കെടുക്കുന്നത്

rajan
Rajan with his lottery collectionPhoto | Special Arrangement
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :19 സെപ്റ്റംബർ 2026, 9:41 am IST

പത്തനംതിട്ട: പലര്‍ക്കും ലോട്ടറി എന്നാല്‍ ഭാഗ്യപരീക്ഷണവും കോടികളുടെ സമ്മാനവുമാണ്. എന്നാല്‍ 63 കാരനായ കെജെ രാജന് ലോട്ടറി എന്നാല്‍ വെറുമൊരു ഭാഗ്യമല്ല, അഞ്ചര പതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രശേഷിപ്പാണ്. ടൗണ്‍ പ്ലാനിങ് വകുപ്പില്‍ നിന്ന് വിരമിച്ച രാജന്‍, തന്റെ ബാല്യകാല കൗതുകത്തെയാണ് കേരളത്തിന്റെ ലോട്ടറി ചരിത്രമാക്കി മാറ്റിയത്.

പന്തളത്തിനടുത്ത് കുളനട സ്വദേശിയായ രാജന്‍, 1968ല്‍ തന്റെ അഞ്ചാം വയസ്സിലാണ് ലോട്ടറി ടിക്കറ്റ് ശേഖരിക്കാന്‍ തുടങ്ങിയത്. കൂട്ടുകാര്‍ തീപ്പെട്ടി ലേബലുകളും ബസ് ടിക്കറ്റുകളും ശേഖരിച്ചപ്പോള്‍, രാജനെ ആകര്‍ഷിച്ചത് ലോട്ടറി ടിക്കറ്റുകളായിരുന്നു. സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചെറിയ ജോലികള്‍ ചെയ്ത് കിട്ടിയ പണം കൊണ്ടാണ് അദ്ദേഹം ടിക്കറ്റുകള്‍ വാങ്ങി സൂക്ഷിച്ചുതുടങ്ങിയത്.

ഇന്ന് ഏകദേശം 13 ലക്ഷം രൂപയോളം വിലമതിക്കുന്ന വലിയ ശേഖരമാണ് രാജന്റെ കൈവശമുള്ളത്. കേരളത്തിന്റെ ലോട്ടറി ചരിത്രത്തിലെ സുവര്‍ണകാലഘട്ടങ്ങളെല്ലാം ഈ ശേഖരത്തിലുണ്ട്. ആദ്യകാല സംസ്ഥാന ലോട്ടറികള്‍, ബമ്പര്‍ ഡ്രോകള്‍, വിവാദമായ സ്‌പോര്‍ട്‌സ് ലോട്ടറികള്‍, മണ്‍സൂണ്‍, ശബരിമല, മെയ് ഡേ, സൂപ്പര്‍ ലോട്ടറികള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. മറ്റ് വിവിധ സംസ്ഥാനങ്ങളുടെ ലോട്ടറി ടിക്കറ്റുകളും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സമ്മാനങ്ങളും ടിക്കറ്റ് വിലയും എങ്ങനെ മാറിമറിഞ്ഞു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഈ ശേഖരം. 1969 ജനുവരി 19ന് നറുക്കെടുത്ത ആദ്യ ക്രിസ്മസ് ബമ്പറിന്റെ ടിക്കറ്റ് രാജന്റെ കൈയിലുണ്ട്. അന്ന് ഒരു രൂപയായിരുന്നു ടിക്കറ്റ് വില; സമ്മാനമാകട്ടെ ഒരു ലക്ഷം രൂപയും ഒരു അംബാസഡര്‍ കാറും.

1970 ഏപ്രിലിലെ വിഷു ബമ്പര്‍ ടിക്കറ്റിന് ഒരു രൂപയായിരുന്നു വില, സമ്മാനം മൂന്നു ലക്ഷം രൂപ. അതേവര്‍ഷം സെപ്റ്റംബര്‍ 10നാണ് ആദ്യ ഓണം ബമ്പര്‍ നറുക്കെടുക്കുന്നത്. ഒരു രൂപ വിലയുണ്ടായിരുന്ന ആ ടിക്കറ്റിന്റെ സമ്മാനം അഞ്ച് ലക്ഷം രൂപയായിരുന്നു. അങ്ങനെ അന്ന് തുടങ്ങിയ ശേഖരം, ഇന്ന് 25 കോടി രൂപയുടെ ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്തിനില്‍ക്കുന്നു. സമ്മാനം അടിക്കുമെന്ന പ്രതീക്ഷയിലല്ല രാജന്‍ ഒരിക്കലും ടിക്കറ്റുകള്‍ വാങ്ങിയിട്ടുള്ളത് എന്നതാണ് രസകരമായ കാര്യം. 'സമ്മാനം കിട്ടുമെന്ന് കരുതി ഞാന്‍ ഒരിക്കലും ലോട്ടറി എടുക്കാറില്ല. ടിക്കറ്റുകള്‍ ശേഖരിക്കുക എന്നത് മാത്രമാണ് എന്റെ ഹോബി' -രാജന്‍ പറയുന്നു.

ചിലപ്പോഴൊക്കെ ചെറിയ സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ടെങ്കിലും 5,000 രൂപയില്‍ കൂടുതല്‍ ലഭിച്ചിട്ടില്ല. വലിയ സമ്മാനങ്ങള്‍ ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ആവേശത്തിന് ഒരു കുറവുമില്ല. തന്റെ ശേഖരത്തിലെ ടിക്കറ്റുകള്‍ എല്ലാം പ്രത്യേക ആല്‍ബങ്ങളിലും ഭദ്രമായി പൊതിഞ്ഞുമാണ് അദ്ദേഹം സൂക്ഷിച്ചിരിക്കുന്നത്. രാജന്റെ ഈ ഹോബിയേക്കുറിച്ച് അറിഞ്ഞ് നിരവധി പേര്‍ അപൂര്‍വ്വ ടിക്കറ്റുകള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കാറുണ്ട്. പുതിയ തലമുറയ്ക്ക് ലോട്ടറിയുടെ ചരിത്രം പരിചയപ്പെടുത്തുന്നതിനായി അദ്ദേഹം വിവിധയിടങ്ങളില്‍ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

58 വര്‍ഷത്തെ കാത്തിരിപ്പിനുശേഷവും തന്റെ ശേഖരത്തിലേക്ക് അപൂര്‍വ്വമായ ടിക്കറ്റുകള്‍ തേടുകയാണ് രാജന്‍. വലിയ സമ്മാനങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഈ വര്‍ഷവും പതിവുപോലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓണം ബമ്പര്‍ ടിക്കറ്റുകള്‍ അദ്ദേഹം വാങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ശോഭയാണ് രാജന്റെ ഭാര്യ. മകള്‍ കെആര്‍ ഗൗരി ബംഗളൂരുവില്‍ ദന്തഡോക്ടറായി ജോലി ചെയ്യുന്നു.

News Now

Summary

Rajan's 'Jackpot': 58 Years of Preserving Keralam's Lottery History

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates