ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് 'കംഫര്‍ട്ട് യാത്ര'; ഇത്തിഹാദ് റെയില്‍ ടിക്കറ്റുകള്‍ റെഡി, നിരക്കുകള്‍ അറിയാം

Etihad Rail tickets from Dubai to Abu Dhabi now on sale for Sept 30 launch
ഇത്തിഹാദ് റെയില്‍
Edited by :Amal Joy
Last Updated :22 സെപ്റ്റംബർ 2026, 3:50 pm IST

അബുദാബി: യാത്രക്കാര്‍ക്കായി ഇത്തിഹാദ് റെയിലില്‍ ദുബൈ-അബുദാബി റൂട്ടില്‍ ടിക്കറ്റുകള്‍ റെഡി. ടിക്കറ്റുകള്‍ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ etihadrail.ae-യില്‍ ഇപ്പോള്‍ ലഭ്യമാണ്. രണ്ട് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന കന്നിയാത്രക്കുള്ള ടിക്കറ്റുകളാണ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

യുഎഇയുടെ പാസഞ്ചര്‍ റെയില്‍ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സിലെ ദുബൈ അല്‍ യലായിസ് സ്റ്റേഷന്‍ ഔദ്യോഗികമായി തുറക്കുന്നതോടെ റൂട്ടില്‍ സെപ്റ്റംബര്‍ 30-ന് സര്‍വീസുകള്‍ തുടങ്ങും.

ദുബൈ-അബുദാബി യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 39 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്. ദുബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള 'കംഫര്‍ട്ട് ക്ലാസ്' ടിക്കറ്റിന് 39 ദിര്‍ഹവും 'പ്രീമിയം ക്ലാസ്' ടിക്കറ്റിന് 109 ദിര്‍ഹവുമാണ് കുറഞ്ഞ നിരക്ക്. അബുദാബി-ഫുജൈറ റൂട്ടിലെ കംഫര്‍ട്ട് ക്ലാസ് നിരക്ക് 55 ദിര്‍ഹം മുതല്‍ ആരംഭിക്കുമ്പോള്‍, അതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ദുബൈ-അബുദാബി റൂട്ടിലുള്ളത്.

ദുബൈ സ്റ്റേഷനില്‍ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലേക്ക് നേരിട്ടുള്ള റെയില്‍ ബന്ധം ലഭ്യമാകും; ഈ യാത്രയ്ക്ക് ഏകദേശം 57 മിനിറ്റ് സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി-ഫുജൈറ റൂട്ടില്‍ ജൂണിലാണ് യുഎഇയുടെ പാസഞ്ചര്‍ റെയില്‍ സര്‍വീസ് ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തില്‍ 70,000-ത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായും, യാത്രക്കാര്‍ ശരാശരി 12 ദിവസം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതായും ഇത്തിഹാദ് റെയില്‍ അറിയിച്ചു. ദുബൈയിലെ പുതിയ സ്റ്റേഷന്‍ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇത് ദേശീയ റെയില്‍ ശൃംഖലയും ദുബൈ മെട്രോയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്.

News Now

Summary

Etihad Rail tickets from Dubai to Abu Dhabi now on sale for Sept 30 launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates