
'പിശുക്കിന്റെ രാജാവായ നായനാര്‍ എല്ലാ മാസവും നൂറു രൂപ മണി ഓര്‍ഡര്‍ അയയ്ക്കും' ; സി ഭാസ്കരനെ ഓര്‍ക്കുമ്പോള്‍ - കുറിപ്പ്
'പിശുക്കിന്റെ രാജാവായ നായനാര്‍ എല്ലാ മാസവും നൂറു രൂപ മണി ഓര്‍ഡര്‍ അയയ്ക്കും' ; സി ഭാസ്കരനെ ഓര്‍ക്കുമ്പോള്‍ - കുറിപ്പ്

എസ്എഫ്ഐയുടെ സ്ഥാപക പ്രസിഡന്റ് സി ഭാസ്കരന്റെ ഓര്മ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവയ്ക്കുകയാണ്, അദ്ദേഹത്തിന്റെ സഖാവായിരുന്ന മാധ്യമ പ്രവര്ത്തകന് ജി ശക്തിധരന്. പൊതുരംഗത്തെ നിസ്വാര്‍ഥരായ പ്രവര്‍ത്തകരുടെ ഒരു തലമുറയുടെ ചിത്രം കൂടിയാണ് ശക്തിധരന്റെ ഈ കുറിപ്പ്:
സ്വപ്നങ്ങള്‍ മാത്രം നെയ്ത
ഒരു നെയ്ത്തുകാരന്റെ
കുടുംബം
എസ് എഫ് ഐ യുടെ സ്ഥാപക പ്രസിഡണ്ട് സി ഭാസ്ക്കരന്‍ ഓര്‍മ്മയായിട്ട് ഇന്ന് ഒരു ദശാബ്ദം പിന്നിടുകയാണ്.ഇന്നത്തെ വിദ്യാര്‍ഥിസമൂഹത്തിന് ഈ പേര് അത്ര പരിചിതമായിരിക്കില്ല.കേരളത്തില്‍ കെ എസ് യു വിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന കാലഘട്ടത്തില്‍ എസ് എഫ് ഐ യെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തിയെടുത്തത്തില്‍ സി ഭാസ്കരന്റെ ബുദ്ധിയും സംഘടനാ വൈഭവവും അനന്യമായിരുന്നു. ഒരു ഇടതുപക്ഷ വിദ്യാര്‍ത്ഥി നേതാവ് എന്തായിരിക്കണമെന്നതിന് ഒരു റോള്‍ മോഡല്‍. എന്തെല്ലാം പ്രതിസന്ധികള്‍ നേരിട്ടപ്പോഴും പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് മാത്രം ചിന്തിച്ചിരുന്ന സി ഭാസ്ക്കരന്‍ എന്തുകൊണ്ടാണ് പാര്‍ട്ടി ഉന്നത നേതൃത്വത്തില്‍ എത്താതെ പോയതെന്നത് ഒരു പ്രഹേളിക തന്നെയാണ്. എസ് എഫ് യുടെ നേതൃനിരയില്‍ സഹപ്രവര്‍ത്തകരായിരുന്ന ബിമന്‍ ബസുവും മുന്‍ മുഖ്യ മന്ത്രി മണിക് സര്‍ക്കാരും മറ്റും ദശാബ്ദങ്ങള്‍ മുന്‍പ് തന്നെ സിപിഎം പോളിറ്റ് ബ്യുറോയില്‍ എത്തിയിരുന്നു. സി ഭാസ്ക്കരന്റെ ശിഷ്യഗണങ്ങളില്‍ പെട്ടവര്‍ അത്രപോലും സമയം എടുക്കാതെ ഉന്നത സ്ഥാനങ്ങളില്‍ എത്തി..
കാഴ്ചയില്‍ പൗരുഷമുള്ള ഒരു ചലച്ചിത്രനടന്റെ ശരീരഭംഗി കൊണ്ട് ആരുടേയും ശ്രദ്ധ യാകര്ഷിച്ചിരുന്നെങ്കിലും ഏറ്റവും ദരിദ്രമായ, ഒരു നെയ്ത്തുകാരന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ആവാത്ത കുടുംബാന്തരീക്ഷ ത്തിലാണ് ഭാസ്കരന് ജീവിച്ചിരുന്നത്. ഞാന്‍ ഓര്‍ക്കുന്നു, കണ്ണൂരില്‍ കൂത്തുപ്പറമ്പിനടുത്തു വേങ്ങാട് എന്ന കുഗ്രാമത്തിലെ ഭാസ്ക്കരന്റെ വീട്ടില്‍ ഞങ്ങള്‍ ഇരുവരും എത്തിയ ദിവസം. വീട്ടില്‍ ചെന്ന് കയറുന്ന വരാന്തയില്‍ ആണ് നെയ്തു പുര. ആകെയുള്ള ഇരിപ്പടം നാല് കാലില്‍ ചാഞ്ചാടുന്ന ഒരു കൊച്ചു സ്റ്റൂള്. ഭാസ്കരന്റെ അച്ഛന്റെ ഇരിപ്പടം സ്ഥിരമാണ്. മണ്ണ് ചെത്തി എടുത്ത നെയ്യുന്നതിനുള്ള ഇരിപ്പടം. അവിടെയിരുന്നാണ് അദ്ദേഹം മഗ്ഗം ഓടിക്കുന്നത്. അവിടത്തെ ഏറ്റവും
വലിയ ആഡംബര വസ്തു സദാ പൂ പുഞ്ചിരിയുമായി നില്ക്കുന്ന ഭാസ്ക്കരന്റെ അമ്മയായിരുന്നു. പിന്നെ ഒരു ആഡംബര ഇരിപ്പടമായി കണ്ടത് ഉള്ളൊഴിഞ്ഞ ഒരു വീഞ്ഞപ്പെട്ടി. ഇതായിരുന്നു എസ് എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റിന്റെ സാമ്രാജ്യത്തിലെ സ്വത്തുക്കള്‍. വെട്ടിയ കല്ലുകള്‍ കൊണ്ട് തീര്‍ത്ത, തേച്ചു വെടിപ്പാക്കാത്ത ചുമരുകള്‍ ഉള്ള ഭൂമിയോളം താണ ആ വീട്ടില്‍ , അന്ത്യശ്വാസം വരെ ഒരുകല്ലെങ്കിലും എടുത്തു വെച്ച് പുതുക്കാനോ ചുമരുകളില്‍ വെള്ളപൂശി വെടിപ്പാക്കാനോ സി ഭാസ്ക്കരന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന് അതിന് പാങ്ങുമുണ്ടായിരുന്നില്ല. അദ്ദേഹം വീട് നന്നാക്കുന്നതിലല്ല,രാജ്യം പിടിക്കുന്നതിലായിരുന്നല്ലോ ശ്രദ്ധ. ചെങ്കോട്ടയിലേക്ക് ഒരു ചുവന്ന കൊടിയും പിടിച്ചു പോകുന്നതിനുള്ള തിരക്കിലായിരുന്നല്ലോ അദ്ദേഹം. വെങ്ങാട്ടേക്കുള്ള എന്റെ യാത്ര അവതാര്‍ കൗളിന്റെ ഒരു സിനിമ കണ്ടത് പോലെയായിരുന്നു. ഒരു യാത്രക്കാരെ കുത്തിനിറച്ച ഒരു മിനിബസ്സ് െ്രെഡവര്‍ സ്റ്റാര്‍ട്ട് ആക്കുമ്പോഴേക്കും റോഡ് പൊടിപടലങ്ങള്‍ കൊണ്ട് മൂടും. ഇത് അന്നത്തെ വേങ്ങോടിന്റെ അവസ്ഥയാണ്. എന്നാലും അവിടെയും ചെറിയ വായനശാലയും പാര്‍ട്ടി ഓഫീസും മനസില്‍ നക്ഷത്രശോഭപോലെ തിളങ്ങി. ബാലകൃഷ്ണന് എന്നൊരു സഖാവായിരുന്നു ലോക്കല്‍ സെക്രട്ടറി. 4 5 വര്‍ഷം ആകാറായിട്ടും ആ പേര് മറക്കാന്‍ കഴിയുന്നില്ല. ഒരു ലക്ഷണമൊത്ത കമ്മ്യുണിസ്റ്റ്. വിപ്ലവം വരും എന്ന് ഉറച്ച് വിശ്വസിച്ച ഒരു കര്മ്മധീരന്.
സി ഭാസ്ക്കരന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും ആഡംബര യാത്ര തിരുവന്തപുരത്തു തുളസിയുമായുള്ള വിവാഹത്തിന് എത്തിയപ്പോള്‍ താമസിച്ച ആയൂര്‍വേദ കോളജിനടുത്തുള്ള ഭാസ്ക്കരാ ഭവന് എന്ന ലോഡ്ജ് മുറി യായിരുന്നു.. ഒരു കുടുംബം ആയശേഷവും ഭാസ്ക്കരന്റെ ജീവിതത്തില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല. മക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍ ഇടതുപക്ഷ ചിന്തകള്‍ വളര്‍ത്തുന്ന പുസ്തകങ്ങളിലും ചുമപ്പ് ഒരിക്കലും മാഞ്ഞുപോകാത്ത അക്ഷരങ്ങള്‍ക്ക് തിളക്കം കൊടുക്കുന്നതിലും ആയിരുന്നു ഭാസ്ക്കരന്റെ ശ്രദ്ധ.. കുടുംബ ഭാരം മുഴുവന്‍ സഹധര്‍മ്മിണിയുടെ തോളില്‍ കെട്ടിവെച്ചു പാര്‍ട്ടിയുടെ ചുമതലകള്‍ ഏറ്റെടുത്ത് നടക്കുന്നത് ഒരു വൃതമാക്കിയ നേതാവായിരുന്നു ഭാസ്ക്കരന്‍. അത്തരക്കാരുടെ നീണ്ട നിര അക്കാലത്തു കാണാമായിരുന്നു..അതാണ് നാം ഇന്നുകാണുന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശിലകള്‍. ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് നേതാക്കളുമായി അടുത്ത സൗ ഹൃദം പുലര്‍ത്തിയിരുന്നു ഭാസ്ക്കരന്‍. വിദ്യാര്‍ത്ഥി നേതാവായിരിക്കുമ്പോള് എല്ലാ മാസവും ആദ്യ ആഴ്ച ഇ കെ നായനാറില്‍ നിന്ന് നൂറു രൂപ മണി ഓര്‍ഡര്‍ ലഭിക്കുമായിരുന്നു എന്ന് പറഞ്ഞാല്‍ ഇന്ന് ആരും വിശ്വസിക്കില്ല.എന്തെന്നാല്‍ പിശുക്കന്റെ രാജാവായിരുന്നു നായനാര്‍.പക്ഷെ രാജ്യസഭാംഗം ആയിരുന്ന കാലത്തൊന്നും നായനാര്‍ അത് മുടക്കിയിട്ടില്ല. പക്ഷെ ഈ സൗഹൃദം ഒന്നും ഭാസ്കരനെ പാര്‍ട്ടിയില്‍ എന്തെങ്കിലും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ഉയര്‍ത്താനുള്ള ഏണിപ്പടി ആയിട്ടില്ല. അങ്ങിനെ ആയിരുന്നില്ല പാര്‍ട്ടിയും. ദശാബ്ദങ്ങളോളം ഭാസ്ക്കരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഞാന്‍ .പക്ഷെ ഏറിയാല്‍ ഇരുന്നൂറോ മുന്നൂറോ രൂപക്കപ്പുറം അദ്ദേഹത്തിന്റെ കീശയില്‍ കണ്ടിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ പോക്കറ്റില്‍ അത്രപോലും കാണാറില്ല. തീവണ്ടിക്കൂലിയും വഴിച്ചെലവിന് ചില്ലറയും അതായിരുന്നു കോടിയേരിയുടെ ഖജനാവിലെ നിക്ഷേപം. പൈസ പോക്കറ്റില്‍ വെക്കുന്നതിനേക്കാള്‍ കൈമടക്കില്‍ തിരുകി വെക്കുന്ന പ്രകൃതക്കാരനായിരുന്നു കോടിയേരി. അക്കാലത്തു തലസ്ഥാനത്തെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പലരും ഒരു കുടുംബം പോലെയായിരുന്നു. പലര്‍ക്കും വീട്ടില്‍ പ്രവേശനം ഇല്ലാതിരുന്ന കാലം. ഉച്ചഭക്ഷണത്തിനു മുട്ടുവരുമ്പോള്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ഓഫീസ് സെക്രട്ടറി ബാലകൃഷ്ണന് ഉദാരമായി അഞ്ചു രൂപ ഭാസ്ക്കരന്‍ കൊടുക്കും. കന്നുകാലികള്‍ക്ക് പിണ്ണാക്ക് കൊടുക്കും പോലുള്ള ഒരു തകര പാത്രം പാര്‍ട്ടി ഓഫീസിന്റെ പിന്നില്‍ മഴയും വെയിലും കൊണ്ട് കിടക്കുന്നത് എടുത്ത് തങ്കച്ചന് എന്ന എല്ലും തോലുമായ സഹായി പാളയത്ത് മീരാ ഹോട്ടലിലേക്ക് ഓടും. അഞ്ചുരൂപ കൊടുത്ത് ആറോ ഏഴോ പേര്‍ക്കുള്ള ചോറും കറികളും കിട്ടും. ഈ പാത്രം എവിടെനിന്ന് വരുന്നതാണെന്ന് അറിയാവുന്ന ഹോട്ടല്‍ തൊഴിലാളികള്‍ കറികള്‍ മൃഷ്ടാന്നം അതില്‍ വെക്കും. പാര്‍ട്ടി ആസ്ഥാനത്തെ വാഴയിലെ ഇലകള്‍ ചീന്തിയിട്ട് ഞങ്ങള്‍ വയറു നിറയെ വിളമ്പി കഴിക്കും. അതല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണത്തിന് ഇത്തിള്‍ക്കണ്ണികള്‍ ആയി ഒരു കൂസലുമില്ലാതെ ഭാസ്ക്കരനോടൊപ്പം കടന്നു ചെല്ലും.. അതൊരു കാലം.വിപ്ലവം എത്തിപ്പോയി എന്ന് പാഴ് സ്വപ്നം കണ്ട് നടന്ന കാലം.
ഇന്ന് സി ഭാസ്ക്ക രന്റെ ഓര്‍മ്മദിനം എത്തിയപ്പോള്‍ മനസില്‍ പഴയ വിപ്ലവജ്വാലകള്‍ തിക്കിത്തിരക്കു കയാണ്.എത്ര എഴുതിയാലും മതിവരില്ല. ഇത് തന്നെ ഇത്ര നീണ്ടുപോയതില്‍ ക്ഷമിക്കുക. ഒരു ജീവിതം അദ്ദേഹം പാര്‍ട്ടിക്കായി നല്കി. അദ്ദേഹത്തിന് തിരിച്ചൊന്നും ലഭിച്ചില്ലെങ്കിലും.ഇനി പാര്‍ട്ടിക്കൊപ്പം സ്വന്തം മക്കള്‍ക്കും കുടുംബത്തിനും കാവലാളായി ഒരിക്കല്‍ കൂടി സി ഭാസ്ക്കരന്‍ ജനിക്കണേ എന്ന് ആഗ്രഹിച്ചു പോകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

Related News


Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം
