പത്ത്, പ്ലസ് ടു ക്ലാസുകൾക്കായി നാളെ മുതൽ സ്കൂളുകൾ തുറക്കും

സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:35 am IST
Edited by :migrator

തിരുവനന്തപുരം; സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കുന്നു. 10, 12 ക്ലാസുകളിൽ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് എത്തുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ എന്നിവക്കു വേണ്ടിയാണ് സ്കൂളുകൾ തുടങ്ങുന്നത്. 

ഹാജർ നിർബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുൻഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാർഥികൾ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകൾക്കെത്തുംവിധം ക്രമീകരണം നടത്താം.

ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ കൂടി ഉപയോഗിച്ച് അധ്യയനം നടത്തണമെന്നുമാണു വിദ്യാഭ്യാസ വകുപ്പു നിർദേശം നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികൾ വിലയിരുത്തി മാറ്റം വരുത്തും. അതിനിടെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ആശങ്കയും നിലനിൽക്കുന്നുണ്ട്. 

വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ക്ലാസുകൾ തുടരും. സ്കൂളുകളിൽ പോകുന്ന കുട്ടികൾക്ക് വിക്ടേഴ്സിൽ എല്ലാ ദിവസവും വൈകിട്ടത്തെ ആവർത്തന ക്ലാസ് കാണാം. കുട്ടികൾക്ക് ഐഡന്റിറ്റി കാർഡും യാത്രാ പാസും ഉൾപ്പെടെ നൽകിയിട്ടില്ലാത്തതിനാൽ സ്കൂളിലെത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. സ്കൂൾ ഹോസ്റ്റലുകൾ തുറക്കുന്നതു സംബന്ധിച്ച് ഇന്നു വ്യക്തത വരുത്തുമെന്ന് ഡിപിഐ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now