'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

'അവനെ കണ്ടപ്പോള്‍ എന്റെ മനസിലൂടെ ആദ്യം പോയ ചിന്ത, എന്റെ മകനെ കാണുമ്പോള്‍ ആളുകള്‍ എന്താകും എന്നെക്കുറിച്ച് ചിന്തിക്കുക എന്നതായിരുന്നു. ചിന്തിച്ചു നോക്കൂ, ഞാന്‍ എന്തൊരു മോശം മനുഷ്യനാണെന്ന്'

Nana Patekar
Nana Patekar
Last Updated :8 October 2026, 2:49 pm IST

നാന പടേക്കര്‍ ബാക്കിവച്ചു പോയ കഥാപാത്രങ്ങളിലൂടേയും സിനിമകളിലൂടേയും സഞ്ചരിക്കുകയാണ് ഇന്ത്യന്‍ സിനിമയിപ്പോള്‍. 75-ാം വയസില്‍ മരണം ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തി നാനയേയും കൂട്ടി പോയിരിക്കുകയാണ്. ഗോവയിലെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയ്ക്ക് ശേഷമായിരുന്നു നാനയുടെ മരണം. ഇന്ത്യന്‍ സിനിമ കണ്ട മഹാനടന് ഇനി സിനിമയില്‍ വിശ്രമം.

സങ്കീര്‍ണമായ കഥാപാത്രങ്ങളും കഥകളുമായിരുന്നു നാനയുടെ സിനിമകള്‍. ബ്ലാക്ക് ഓര്‍ വൈറ്റ് കോളങ്ങളിലേക്ക് അനായാസം മാറ്റി നിര്‍ത്താന്‍ സാധിക്കാനാകാത്തവ. അതുപോലെ തന്നെയായിരുന്നു നാനയുടെ ജീവിതവും. കയറ്റിറക്കങ്ങളുടേതായിരുന്നു നാനയുടേയും നീലകാന്തിയുടേയും വിവാഹ ജീവിതം. ഒരുമിച്ച് ജീവിച്ചതിനേക്കാള്‍ അകന്നായിരുന്നു അവര്‍ ജീവിച്ചിരുന്നത്. പക്ഷെ ഒരിക്കലും വിവാഹമോചനത്തിലേക്ക് പോയതുമില്ല.

മുമ്പൊരിക്കല്‍ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ തന്റേയും നീലകാന്തിയുടേയും പ്രണയത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും നാന തുറന്നു പറഞ്ഞിരുന്നു. നാനയും നീലകാന്തിയും കണ്ടുമുട്ടുന്നത് നാടകത്തിലൂടെയാണ്. ഇരുവരും ഒരുമിച്ച് തിയേറ്ററുകള്‍ ചെയ്തിരുന്ന കാലത്ത്. നാനയ്ക്ക് അഭിനയം മാത്രമായിരുന്നു ജീവിതം. അഭിനയത്തിന് പുറമെ, ബാങ്കില്‍ ജോലിയുണ്ടായിരുന്നു നീലകാന്തിയ്ക്ക്.

''അവളൊരു ബാങ്കില്‍ ജോലി ചെയ്തിരുന്നു. എനിക്ക് ഒരു ഷോയ്ക്ക് കിട്ടിയിരുന്നത് 50 രൂപയാണ്. അവളുടെ ശമ്പളം 2500 ആയിരുന്നു. 15-20 ഷോ ചെയ്ത് ഞാന്‍ 750 രൂപയുണ്ടാക്കും. നിനക്ക് ഈ കരിയറുമായി മുന്നോട്ട് പോകണമെങ്കില്‍, ഞാന്‍ പണം സമ്പാദിക്കുന്നുണ്ട്. അതിനാല്‍ വീട്ടില്‍ പണം വരുന്നുണ്ട് എന്ന് അവള്‍ പറഞ്ഞു. ഞാന്‍ അവളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. അവള്‍ കാരണമാണ് എനിക്ക് ഈ ജോലി തുടരാനായത്. ഇത് വിജയിക്കുമോ ഇല്ലയോ എന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു'' എന്നാണ് നാന അന്ന് പറഞ്ഞത്.

കുടുംബത്തിന് വേണ്ടി അന്ന് നീലകാന്തി അഭിനയം വേണ്ടെന്ന് വെച്ചു. ഇതിനിടെയാണ് ഇരുവരുടേയും ആദ്യത്തെ മകന്‍ ദുര്‍വാസ ജനിക്കുന്നത്. എന്നാല്‍ രണ്ടര വര്‍ഷം മാത്രമായിരുന്നു ആ കുഞ്ഞ് അച്ഛനുമൊപ്പം ജീവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുമായി ജനിച്ച മകന്റെ മരണത്തെക്കുറിച്ചും നാന അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

''എന്റെ മൂത്തമകന്‍ ജനിച്ചത് മുറിയണ്ണാക്കുമായാണ്. അവന്റെ ഒരു കണ്ണിന് കാഴ്ച പ്രശ്‌നങ്ങളുണ്ടായിരുന്നു. അവനെ കണ്ടപ്പോള്‍ എന്റെ മനസിലൂടെ ആദ്യം പോയ ചിന്ത, എന്റെ മകനെ കാണുമ്പോള്‍ ആളുകള്‍ എന്താകും എന്നെക്കുറിച്ച് ചിന്തിക്കുക എന്നതായിരുന്നു. ചിന്തിച്ചു നോക്കൂ, ഞാന്‍ എന്തൊരു മോശം മനുഷ്യനാണെന്ന്. എന്റെ മകനെ കണ്ടാല്‍ എന്നെക്കുറിച്ച് എന്താകും ആളുകള്‍ ചിന്തിക്കുക എന്നതായിരുന്നു എന്റെ ആശങ്ക'' എന്നാണ് നാന പറഞ്ഞത്.

''രണ്ടര വയസുള്ളപ്പോള്‍ അവന്‍ മരിച്ചു. പക്ഷെ അവന്‍ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അവനായിരുന്നു ട്രിഗറിങ് പോയന്റ്. ഞാന്‍ കരയാറില്ല. സിനമയില്‍ മാത്രമേ ഞാന്‍ കരയൂ. അത് ഞാന്‍ പണത്തിന് വേണ്ടി ചെയ്യുന്നതാണ്'' എന്നും നാന പറയുന്നുണ്ട്. ''ആ സമയത്ത് ഞാന്‍ ദിവസവും 60 സിഗരറ്റ് വലിക്കുമായിരുന്നു. കുളിക്കുമ്പോള്‍ പോലും വലിയ്ക്കുമായിരുന്നു. വളരെ മോശമായിരുന്നു. ദുര്‍ഗന്ധം കാരണം എന്റെ കൂടെ ആരും കാറില്‍ ഇരിക്കുകയായിരുന്നു'' എന്നും നാന പറയുന്നുണ്ട്.

News Now

Summary

Nana Patekar and Neelakanthi lost their son when he was just 2 and half years old.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics