കൈയില്‍ എന്തോ ഇഴയുന്നതായി തോന്നി, വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ പാമ്പ്; അണലി കയറിയതറിയാതെ 30 കിലോമീറ്റര്‍ യാത്ര, യുവാവ് ഭാഗ്യത്തിന് രക്ഷപ്പെട്ടു

സ്‌കൂട്ടറില്‍ അണലി കയറിയിരിക്കുന്നത് അറിയാതെ വാഹനം ഓടിച്ച യുവാവ് കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

കൊല്ലം:  സ്‌കൂട്ടറില്‍ അണലി കയറിയിരിക്കുന്നത് അറിയാതെ വാഹനം ഓടിച്ച യുവാവ് കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 30 കിലോമീറ്റര്‍ ദൂരമാണ് സ്‌കൂട്ടറില്‍ അണലി കയറിയിരിക്കുന്നത് അറിയാതെ യുവാവ് വാഹനം ഓടിച്ചത്.  പുത്തൂര്‍ കൈതക്കോട് വെള്ളാവിളവീട്ടില്‍ സുജിത് (36) ആണ് രക്ഷപ്പെട്ടത്.

ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ നീണ്ടകരയിലെ വീട്ടിലെത്തിയ സുജിത് വ്യാഴാഴ്ച പുലര്‍ച്ചെ 4.45ന് കൈതക്കോട്ടെ വീട്ടിലേക്ക് പുറപ്പെട്ടു. കാഞ്ഞിരകോട്ട് എത്തിയപ്പോള്‍ കൈയില്‍ എന്തോ ഇഴയുന്നതായി തോന്നി. ബ്രേക്കിന്റെ ഭാഗത്തെ സുഷിരത്തിലൂടെയാണ് കൈയില്‍ എന്തോ ഇഴയുന്നതായി തോന്നിയത്. വണ്ടി നിര്‍ത്തി മൊബൈല്‍ ഫോണിലെ ടോര്‍ച്ച് തെളിച്ചു നോക്കിയപ്പോള്‍ ഹെഡ് ലൈറ്റിന്റെ പിന്‍ഭാഗത്തുകൂടി പാമ്പ് ഇഴയുന്നത് കണ്ടു. തട്ടിനോക്കിയെങ്കിലും അത് കൂടുതല്‍ ഉള്ളിലേക്ക് കയറി.

പുലര്‍ച്ചെയായതിനാല്‍ സഹായത്തിന് ആരെയും കിട്ടിയില്ല. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയെങ്കിലും പിന്നീട് യാത്ര തുടരാന്‍ തീരുമാനിച്ചു. അടുത്തുകണ്ട വട്ടയുടെയും കമ്യൂണിസ്റ്റ് പച്ചയുടെയും ഇലകള്‍ പറിച്ച് ഇരുവശത്തെയും ബ്രേക്കിന്റെ ഭാഗത്തെ ദ്വാരങ്ങള്‍ അടച്ചശേഷം ശ്രദ്ധിച്ച് സ്‌കൂട്ടറോടിച്ച് വീട്ടിലെത്തിയെന്ന് സുജിത് പറയുന്നു. വീട്ടിലെത്തിയശേഷം പണിപ്പെട്ടാണ് പാമ്പിനെ പുറത്തിറക്കിയത്. ഒരുഭാഗം ഇളക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു ഭാഗത്തേക്ക് ഇതു മാറും. തുടര്‍ന്ന് ബോഡി ഭൂരിഭാഗവും ഇളക്കിയശേഷമാണ് പാമ്പിനെ പുറത്തു ചാടിച്ചത്. നാലടിയോളം നീളമുള്ളതിയിരുന്നു പാമ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now