ഷൈന്‍ ടോം ചാക്കോ ഇടതുപക്ഷ അനുഭാവിയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്

  shine Tom Chacko
ഷൈന്‍ ടോം ചാക്കോSource by : Social media
Last Updated :20 April 2025, 10:54 am IST

News Now

കൊച്ചി: ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ആരോപണ വിധേയനായതിന് പിന്നാലെ താരത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ചും ചൂടുള്ള ചര്‍ച്ചകള്‍. ഷൈന്‍ ടോം ചാക്കോ ഇടതുപക്ഷ അനുഭാവിയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

ഷൈന്‍ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്ന സിപിഎം നേതാവും രാജ്യസഭാ എംപിയുമായ എ എ റഹീമിന്റെ പരാമര്‍ശത്തിന് മറുപടിയായിട്ടായിരുന്നു വി ടി ബല്‍റാമിന്റെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എം ബി രാജേഷിന് പിന്തുണ പ്രഖ്യാപിച്ച് ഷൈന്‍ പങ്കുവച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് ആരോപണങ്ങളുടെ മുന സിപിഎമ്മിനും സര്‍ക്കാരിനും എതിരെ തിരിച്ചത്. ഇതോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചയായി.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ - സോഷ്യല്‍ മീഡിയ

ഇതോടെ, കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ ഷൈന്‍ ടോം ചാക്കോ സഖാവാണെന്ന പ്രചരണം അഴിച്ചുവിടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഷൈനിന്റെ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

അതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പിന്തുണ അറിയിച്ച് ഷൈന്‍ പങ്കുവച്ച പോസ്റ്റ് കുത്തിപ്പൊക്കി ആരോപണങ്ങള്‍ പ്രതിരോധിക്കുകയാണ് ഇടത് ഹാന്‍ഡിലുകള്‍. 'അഭിവാദ്യങ്ങള്‍ സഖാക്കളെ' എന്ന കുറിപ്പിന് ഒപ്പമാണ് ഷൈന്‍ കോണ്‍ഗ്രസ് നേതാക്കളെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റ് ചെയ്തിരിക്കുന്നത്. 2020 ല്‍ ആണ് ഷൈന്‍ ഇത്തരം ഒരു പോസ്റ്റ് പങ്കുവച്ചത്.

എന്നാല്‍, അക്കാലത്ത് ഇതേപോസ്റ്റിന് നിങ്ങള്‍ കോണ്‍ഗ്രസുകാരന്‍ ആണെങ്കില്‍ തുറന്നു പറയൂ എന്ന കമന്റിന് 'താന്‍ സഖാവാണെന്ന്' ഉറപ്പിച്ച് പറയുകയും ചെയ്യുന്നുണ്ട് ഷൈന്‍ ടോം ചാക്കോ. എന്നാല്‍, ഇപ്പോള്‍ ഷൈനിനെ സഖാവാക്കുന്ന കോണ്‍ഗ്രസുകാര്‍ അക്കാലത്ത് അദ്ദേഹത്തെ തങ്ങളുടെ അനുഭാവിയെന്ന് അടയാളപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു എന്നും ഇടത് ഹാന്‍ഡിലുകള്‍ ചൂണ്ടിക്കാട്ടിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates