സൂര്യനെല്ലി കാട്ടാന ആക്രമണം: മരിച്ച യുവതിയുടെ മക്കള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനം വകുപ്പ്

കുട്ടികളുടെ പഠന ചുമതല സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു

elephant
Representational Image
Edited by :Bijeesh
Last Updated :8 ജൂൺ 2026, 9:12 pm IST

തൊടുപുഴ: ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന അക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ജനകീയ പ്രതിഷേധം അവസാനിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട മരിയമ്മാളിന്റെ മക്കള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനം വകുപ്പ് അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ദേവികുളം എംഎല്‍എ എഫ് രാജയുടെ നേതൃത്വത്തിലാണ് മൂന്നാര്‍ ഡിഎഫ്ഒയും സബ് കലക്ടറും അടങ്ങുന്ന സംഘം പ്രതിഷേധക്കാാരുമായി ചര്‍ച്ച നടത്തിയത്.

മരിച്ച മാരിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, മക്കളുടെ പഠന ചെലവ് വഹിക്കണം, പ്രായപൂര്‍ത്തിയാകുമ്പോള്‍ മൂത്ത കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. കുട്ടികളുടെ പഠന ചുമതല സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 11 കാരനെ സംരക്ഷിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ നേരത്തെ അറിയിച്ചിരുന്നു. വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാര തുക കൂട്ടുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത ഉണ്ട്. സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കും. അപകട ഇന്‍ഷുറന്‍സ് ട്രിബ്യൂണല്‍ മാതൃകയില്‍ നഷ്ടപരിഹാര പദ്ധതിക്കാണ് ആലോചനയെന്നും വനം മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത്. സൂര്യനെല്ലി സ്വദേശി മാരിയാണ് മരിച്ചത്. തിരുവള്ളൂര്‍ ഉന്നതിയില്‍ നിന്ന് മകനെ സ്‌കൂളിലേക്ക് അയക്കാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. കനത്ത മൂടല്‍മഞ്ഞ് കാരണം റോഡരികില്‍ നിലയുറപ്പിച്ച കാട്ടാനകളെ കാണാന്‍ ഇവര്‍ക്ക് സാധിച്ചില്ല. മാരി തല്‍ക്ഷണം മരിച്ചു. കൈയ്ക്കും കാലിനും പരിക്കേറ്റ ഇവരുടെ മകന്‍ രക്ഷകനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

News Now

Summary

Suryanelli elephant attack: Forest department ensure protection of the children of dead woman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates