'ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കും'; ഭീഷണിയുമായി ട്രംപ്

'തിരികെക്കിട്ടാന്‍ ആകാത്തവിധം ഇറാന്‍ ഇന്ന് രാത്രി അവസാനിക്കും. അങ്ങനെയുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് സംഭവിക്കും'

Donald Trump
donald trump AP
Edited by :Sujith
Last Updated :7 ഏപ്രിൽ 2026, 8:03 pm IST

ടെഹ്‌റാന്‍: ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് നല്‍കിയ സമയം ബുധനാഴ്ച പുലര്‍ച്ചെ 5.30ന് (ഇന്ത്യന്‍ സമയം) അവസാനിക്കാനിരിക്കേയാണ് ട്രംപിന്റെ മുന്നറിയിപ്പ്. 'തിരികെക്കിട്ടാന്‍ ആകാത്തവിധം ഇറാന്‍ ഇന്ന് രാത്രി അവസാനിക്കും. അങ്ങനെയുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് സംഭവിക്കും' ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.

'ഒരു നാഗരികതയത്രയും ഇന്ന് രാത്രി സമ്പൂര്‍ണമായും നശിച്ചുപോകും; ഒരിക്കലും തിരിച്ചുവരാന്‍ സാധിക്കാതെ. അത് സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അത് സംഭവിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും, ഇപ്പോള്‍ ഞങ്ങള്‍ പൂര്‍ണ്ണവും തികഞ്ഞതുമായ ഭരണമാറ്റത്തിലൂടെ കടന്നുപോയിരിക്കുന്നു. വ്യത്യസ്തരും ബുദ്ധിശാലികളും കുറഞ്ഞ തീവ്രവാദ ചിന്താഗതിക്കാരും വിജയിക്കുന്നിടത്ത്, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കാം. ആര്‍ക്കറിയാം. ലോകത്തിന്റെ നീണ്ടതും സങ്കീര്‍ണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി ഞങ്ങളെ തേടിയെത്തും. 47 വര്‍ഷത്തെ അതിക്രമം, അഴിമതി, മരണം എന്നിവയ്ക്ക് അന്ത്യം കുറിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ'. ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അതേസമയം, യുഎസ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ പരുക്കേറ്റ ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഖൗമില്‍ മുജ്തബ ചികിത്സയിലാണെന്നും യുദ്ധവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാനാവുന്ന അവസ്ഥയില്‍ അല്ല അദ്ദേഹമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 'ഗുരുതരാവസ്ഥയിലുള്ള മുജ്തബ ഖമനയി ഖൗമില്‍ ചികില്‍സയില്‍ കഴിയുകയാണ്. ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവിന്റെ രഹസ്യ കേന്ദ്രം വെളിപ്പെടുന്നത്. ടെഹ്‌റാനില്‍ നിന്ന് ഏകദേശം 140 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ഖ്വാം നഗരത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ഷിയാ മുസ്ലിംകളുടെ പ്രധാന മതകേന്ദ്രമായാണ് ഈ നഗരം അറിയപ്പെടുന്നത്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് മുജ്തബയ്ക്ക് പരിക്കേറ്റത്. എന്നാല്‍ മുജ്തബ അബോധാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now