'നാലു കാറുകൾ നിറയെ പണം നിറച്ചു. ഒരു ഹെലികോപ്റ്ററിലും പണം നിറയ്ക്കാൻ ശ്രമിച്ചു'

അഷ്‌റഫ് ഗനി, എപി ചിത്രം
Last Updated :20 January 2024, 8:47 am IST

News Now


കാബൂൾ: നാലു കാറുകളും ഒരു ഹെലികോപ്റ്ററും നിറയെ പണവുമായാണ് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതെന്ന്  റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച്  രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ്  ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

'നാലു കാറുകൾ നിറയെ പണം നിറച്ചു. ഒരു ഹെലികോപ്റ്ററിലും പണം നിറയ്ക്കാൻ ശ്രമിച്ചു. എന്നാൽ പക്കലുണ്ടായിരുന്ന പണമെല്ലാം നിറയ്ക്കാൻ സാധിച്ചില്ല. കുറച്ചു പണം അവിടെ ബാക്കിയായി'- റഷ്യൻ എംബസിയിലെ വക്താവ് നികിത ഇഷ്ചെങ്കോ വ്യക്തമാക്കി. സംഭവത്തിന് സാക്ഷികളുണ്ടെന്നും റഷ്യൻ എംബസിയിലെ വക്താവ് അവകാശപ്പെട്ടു.

എന്നാൽ അഷ്റഫ് ഗനി ഇപ്പോൾ എവിടെയുണ്ടെന്ന കാര്യം അജ്ഞാതമാണ്. ഗനി ഒമാനിലുണ്ടെന്നാണ് സൂചനകൾ. ​ഗനിയുടെ വിമാനത്തിന് തജിക്കിസ്ഥാനിൽ ഇറങ്ങുന്നതിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം ഒമാനിലേക്കു പോയതായാണ് റിപ്പോർട്ടുകൾ. ഗനി യു എസിലേക്ക് പോകാൻ ശ്രമിക്കുന്നതായും വിവരമുണ്ട്. രക്തച്ചൊരിച്ചിലൊഴിവാക്കാനാണ് അഫ്ഗാൻ വിടുന്നതെന്ന് രക്ഷപ്പെടുന്നതിന് മുൻപ് ഗനി സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates