ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിട്ട് ഒന്നര പതിറ്റാണ്ട്, അബോട്ടാബാദിലെ ഇഷ്ടികയുടെ ചിത്രം പങ്കുവെച്ച് സിഐഎ

ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓപ്പറേഷന്റെ ചരിത്രപ്രാധാന്യം ഓര്‍മപ്പെടുത്തുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി

CIA shares photo of brick from Abbottabad compound where Osama bin Laden was killed
ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട അബോട്ടാബാദ് കോമ്പൗണ്ടില്‍ നിന്നുള്ള ഇഷ്ടികയുടെ ചിത്രം പങ്കുവെച്ച് സിഐഎSamakalika Malayalam
Edited by :ചന്ദ്ര സ്വസ്തി
Last Updated :6 മേയ് 2026, 7:34 pm IST

വാഷിങ്ടണ്‍ : ഒസാമ ബിന്‍ ലാദന്റെ പതിനഞ്ചാം ചരമവാര്‍ഷികം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ സുവനീര്‍ പ്രസിദ്ധീകരിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ).

ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോമ്പൗണ്ടില്‍ നിന്നുള്ള ഒരു ഇഷ്ടികയുടെ ചിത്രമാണ് 'ആര്‍ട്ടിഫാക്റ്റ് ഓഫ് ദി വീക്ക്' എന്ന തലക്കെട്ടോടെ സിഐഎ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തത്. മരിക്കുന്നതിനു മുമ്പ് ബിന്‍ ലാദന്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അബോട്ടാബാദ് കോമ്പൗണ്ടില്‍ നിന്നെടുത്തതാണ് ഇഷ്ടിക.

2011-ല്‍ യുഎസ് സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ബിന്‍ ലാദന്റെ ഒളിത്താവളമാണ് അബോട്ടാബാദിലെ കെട്ടിടം. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓപ്പറേഷന്റെ ചരിത്രപ്രാധാന്യം ഓര്‍മപ്പെടുത്തുന്നുവെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി കുറിച്ചത്. അബോട്ടാബാദ് റെയ്ഡിന് പിന്നിലെ ഇന്റലിജന്‍സ് ഓപ്പറേഷന്റെ വിവരണവും സിഐഎ ചിത്രത്തോടൊപ്പം പങ്കുവെക്കുന്നുണ്ട്.

പാകിസ്ഥാന്‍ മിലിറ്ററി അക്കാദമിയില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള അബോട്ടാബാദ് കോമ്പൗണ്ട് 2006 ലാണ് നിര്‍മിച്ചത്. മുള്ളുവേലികള്‍ കൊണ്ട് പൊതിഞ്ഞ 12 മുതല്‍ 18 അടി വരെ ഉയരമുള്ള മതിലുകളാല്‍ ചുറ്റപ്പെട്ട വീട് സമീപത്തെ മറ്റു വീടുകളേക്കാള്‍ വളരെ വലുതായിരുന്നു. പുറത്തുനിന്നു നോക്കുമ്പോള്‍ സാധാരണ വീടുപോലെ തോന്നിച്ചിരുന്നെങ്കിലും ശക്തമായ സുരക്ഷാ സംവിധാനങ്ങളായിരുന്നു ബിന്‍ ലാദനുവേണ്ടി ഒരുക്കിയിരുന്നത്.

ലാദനും കുടുംബവും താമസിച്ചിരുന്നത് രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായിരുന്നു. കെട്ടിടത്തില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാലിന്യങ്ങളെല്ലാം കത്തിച്ചു കളയുകയായിരുന്നു പതിവ്. എ, എം, എസ് എന്നിങ്ങനെ മുദ്രകുത്തിയ 13 ഇഷ്ടികകള്‍ ഓപ്പറേഷനു ശേഷം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി സിഐഎ പറയുന്നു. അതിലൊന്ന് മുന്‍ സിഐഎ ഡയറക്ടര്‍ ലിയോണ്‍ പനേറ്റയ്ക്കു സമ്മാനിക്കുകയും ഒന്ന് സിഐഎ മ്യൂസിയത്തില്‍ സൂക്ഷിക്കുകയുമായിരുന്നു.

ദീര്‍ഘകാലത്തെ രഹസ്യാന്വേഷണത്തിലൂടെയാണ് സിഐഎയ്ക്ക് ബിന്‍ ലാദന്റെ ഒളിത്താവളം കണ്ടെത്താനായത്. ശേഷം 2011 മെയ് 2 ന്, പുലര്‍ച്ചെ യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് നടത്തിയ 'ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍' എന്ന സൈനിക ദൗത്യത്തില്‍ ഒസാമ കൊലപ്പെട്ടു.

രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിലായി 25 പേരടങ്ങുന്ന നാവിക സീല്‍സ് സംഘം കോമ്പൗണ്ടിന്റെ പുറം മതിലുകള്‍ ഭേദിച്ച് അകത്തു കടക്കുകയായിരുന്നു. ബിന്‍ ലാദന്റെ ഒരു മകന്‍ ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അന്നത്തെ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു.

News Now

Summary

CIA shares photo of brick from Abbottabad compound where Osama bin Laden was killed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates