
'9/11 ആക്രമണത്തിന് മുന്‍പ് ബിന്‍ ലാദന്‍ ഇന്ത്യയും ലക്ഷ്യമിട്ടിരുന്നു'; സിഐഎ രേഖകള്‍ പുറത്ത്
ഇന്ത്യ കൂടാതെ പാകിസ്ഥാന്‍, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യെമന്‍, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളുടെ പേരുകളും മെമ്മോയിലുണ്ട്

വാഷിങ്ടന്‍: 2001ലെ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) നിര്‍ണായക രേഖകള്‍ പുറത്തുവിട്ടു. അല്‍ഖ്വയ്ദ മുന്‍തലവന്‍ ഒസാമ ബിന്‍ ലാദന്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നുന്ന് സിഐഎ പുറത്തുവിട്ട പുതിയ രേഖകളില്‍ പറയുന്നു. ബിന്‍ ലാദനുമായി ബന്ധപ്പെട്ട 70ലധികം പ്രസിഡന്‍ഷ്യല്‍ ഇന്റലിജന്‍സ് ബ്രീഫുകളിലെ നൂറിലധികം പേജുകളുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
1998 ആഗസ്റ്റ് 28ലെ പ്രസിഡന്‍ഷ്യല്‍ ബ്രീഫിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ബിന്‍ ലാദന്‍ പദ്ധതിയിട്ടതായി പരാമര്‍ശിക്കുന്നത്. ഇന്ത്യ കൂടാതെ പാകിസ്ഥാന്‍, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യെമന്‍, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളുടെ പേരുകളും ഈ മെമ്മോയിലുണ്ട്. 'ബിന്‍ ലാദന്റെ ഭീകര ശൃംഖല ഇപ്പോഴും ഭീഷണിയാണ്' എന്ന തലക്കെട്ടിലുള്ള രേഖയില്‍ വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏത് ലക്ഷ്യമാണ് അവര്‍ ഉദ്ദേശിച്ചതെന്നോ, ആക്രമണ തീയതിയോ, കൃത്യമായ പദ്ധതിയോ ഇതില്‍ വ്യക്തമാക്കിയിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ യുഎസ് ആക്രമണങ്ങളെ അതിജീവിച്ച ലാദന്റെയും മറ്റ് ഭീകരരുടെയും ആശയവിനിമയ ശൃംഖലകള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും രേഖ വിലയിരുത്തുന്നു. ഭീകര സംഘടന ചില ക്യാംപുകളില്‍ പരിശീലനം പുനരാരംഭിക്കുകയും മറ്റ് ക്യാംപുകള്‍ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അല്‍-ഖ്വയ്ദ ക്യാമ്പുകള്‍ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അമേരിക്കയ്ക്കും യുകെയ്ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുറഞ്ഞത് 60 രാജ്യങ്ങളിലെ വ്യക്തികളുടെയും സഖ്യകക്ഷികളുടെയും ശൃംഖലയെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ അല്‍-ഖ്വയ്ദ മേധാവി ശ്രമിച്ചേക്കാമെന്നും മെമ്മോ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
1998 മുതല്‍ 2001 വരെ രാജ്യത്തിന് നേരെ ഉണ്ടായേക്കാവുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെയും പിന്നീട് ജോര്‍ജ്് ബുഷിന്റെയും ഭരണകാലത്ത് സിഐഎ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളില്‍ ഒന്നായ 9/11 ആക്രമണത്തിന് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലെ സെന്‍സിറ്റീവ് രേഖകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
2001 സെപ്റ്റംബര്‍ 11ന് 19 അല്‍-ഖ്വയ്ദ ഭീകരര്‍ നാല് യാത്രാവിമാനങ്ങള്‍ റാഞ്ചുകയും, അവയില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചിറക്കി തകര്‍ക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ വിമാനം പെന്റഗണിലും, നാലാമത്തെ വിമാനം (വൈറ്റ് ഹൗസോ കോണ്‍ഗ്രസോ ലക്ഷ്യമിട്ടതാണെന്ന് കരുതുന്നത്) യാത്രക്കാരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ വയലില്‍ തകര്‍ന്നു വീഴുകയുമായിരുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Before 9/11, India Was On Osama Bin Laden's Hit List, CIA Documents Reveal
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



