യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് മുട്ടൻ പണി; 'തിരിച്ചടി നികുതി'യുമായി ട്രംപ്

ഇത് ഇന്ത്യയ്ക്കും വന്‍ തിരിച്ചടിയായി മാറിയേക്കും.

Donald Trump
ഡോണള്‍ഡ് ട്രംപ്Source by : ഫയൽ
Last Updated :13 February 2025, 8:23 am IST

വാഷിങ്ടൺ: യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം റെസിപ്രോക്കൽ താരിഫ് ഏർപ്പെടുത്തുമെന്ന് വൈറ്റ്ഹൗസ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഉടൻ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയും നികുതി ഏര്‍പ്പെടുത്തുമെന്നതാണ് റെസിപ്രോക്കൽ താരിഫ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത് ഇന്ത്യയ്ക്കും വന്‍ തിരിച്ചടിയായി മാറിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടുമുന്‍പാണ് ഇന്ത്യയെ ഉള്‍പ്പെടെ ബാധിക്കുന്ന ഈ നിര്‍ണായക നീക്കം. ചില യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടില്‍ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും ഡോണള്‍ഡ് ട്രംപ് ഡിസംബറില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.

'ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നത്. തീരുവ ചുമത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുഴപ്പമില്ല, പക്ഷേ തിരിച്ച് ഞങ്ങളും അതു തന്നെയാണു ചെയ്യാന്‍ പോകുന്നത്' ട്രംപ് ഡിസംബറില്‍ പറഞ്ഞു. അതിനിടെ രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദിക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചു മണിക്കാകും മോദി - ട്രംപ് കൂടിക്കാഴ്ച.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now