500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കണക്കുകള്‍ പ്രകാരം ലോകത്തെ 500 അതിസമ്പന്നരുടെ സംയുക്ത സമ്പത്ത് 13.3 ട്രില്യണ്‍ ഡോളറിലെത്തി. ഏറ്റവും വലിയ ഏകദിന സമ്പത്ത് വര്‍ധനയും ഏറ്റവും ഉയര്‍ന്ന സംയുക്ത ആസ്തി മൂല്യവുമാണിത്.

US-Iran peace deal; 500 richest gain $336 billion in a single day; Musk's net worth crosses $1.27 trillion
മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നുSamakalika Malayalam
Edited by :ചന്ദ്ര സ്വസ്തി
Last Updated :17 ജൂൺ 2026, 1:25 pm IST

ന്യൂയോര്‍ക്ക്: അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണയിലെത്തിയതിനെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളില്‍ ഉണ്ടായ വന്‍ മുന്നേറ്റം ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ സമ്പത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന വര്‍ധനയ്ക്ക് വഴിവെച്ചു.

ജൂണ്‍ 15-ന് മാത്രം ഇവരുടെ ആകെ സമ്പത്തില്‍ 336 ബില്യണ്‍ ഡോളര്‍ (ഏകദേശം 28 ലക്ഷം കോടി രൂപ) വര്‍ധനവാണ് ഉണ്ടായതെന്ന് ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കണക്കുകള്‍ പ്രകാരം ലോകത്തെ 500 അതിസമ്പന്നരുടെ സംയുക്ത സമ്പത്ത് 13.3 ട്രില്യണ്‍ ഡോളറിലെത്തി. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ ഏകദിന സമ്പത്ത് വര്‍ധനയും ഏറ്റവും ഉയര്‍ന്ന സംയുക്ത ആസ്തി മൂല്യവുമാണിത്.

അമേരിക്ക-ഇറാന്‍ ധാരണയുടെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആഗോള എണ്ണ വിതരണ ശൃംഖല സാധാരണ നിലയിലാക്കാനുമുള്ള നീക്കങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം ശമിക്കുമെന്ന പ്രതീക്ഷ എണ്ണവിലയിലും വിപണിയിലും അനുകൂല സ്വാധീനം ചെലുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഇതിന്റെ പ്രതിഫലനമായാണ് അമേരിക്കന്‍ ഓഹരി വിപണികളില്‍ ശക്തമായ മുന്നേറ്റമുണ്ടായതെന്ന് വിദഗദ്ധര്‍ പറയുന്നു. എസ്ആന്‍ഡ്പി (S&P) 500 സൂചിക 1.7 ശതമാനം ഉയര്‍ന്നു. സാങ്കേതിക കമ്പനികളുടെ ഓഹരികള്‍ക്ക് പ്രാധാന്യമുള്ള നാസ്ഡാക് 100 സൂചിക 3.1 ശതമാനം നേട്ടമുണ്ടാക്കി. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ അവറേജും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

സമ്പത്ത് വര്‍ധനയില്‍ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത് ലോകത്തിലെ ആദ്യ ട്രില്യണയറും സ്‌പേസ് എക്സ് സ്ഥാപകനുമായ ഇലോണ്‍ മസ്‌കാണ്. ഒരു ദിവസം കൊണ്ട് മാത്രം അദ്ദേഹത്തിന്റെ വ്യക്തിഗത സമ്പത്തില്‍ 164 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ മസ്‌കിന്റെ ആകെ സമ്പത്ത് 1.27 ട്രില്യണ്‍ ഡോളറിലെത്തി.

മസ്‌കിന്റെ സമ്പത്തില്‍ ഉണ്ടായ കുതിപ്പിന് പിന്നില്‍ സ്‌പേസ് എക്സിന്റെ ഓഹരി വിപണിയിലെ പ്രകടനമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കമ്പനി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെ കമ്പനിയുടെ മൂല്യം 2.1 ട്രില്യണ്‍ ഡോളറിലെത്തി. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്പനികളില്‍ ഒന്നായി സ്‌പേസ് എക്സ് മാറുകയും ചെയ്തു.

ജൂണ്‍ 15-ലെ വ്യാപാരത്തില്‍ സ്‌പേസ് എക്സിന്റെ വിപണി മൂല്യം 20 ശതമാനം ഉയര്‍ന്നു. ചെറുകിട നിക്ഷേപകരും വ്യാപകമായി സ്‌പേസ് എക്സ് ഓഹരികള്‍ വാങ്ങിയതും കമ്പനിയുടെ മൂല്യം ഉയരാന്‍ കാരണമായി. അതേസമയം, വിപണിയിലെ ആവേശം അടുത്ത ദിവസം കുറയുന്നതും കണ്ടു. ജൂണ്‍ 16-ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച നിര്‍ണായക തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതോടെ വിപണി മുന്നേറ്റം മന്ദഗതിയിലായി.

അമേരിക്ക-ഇറാന്‍ സമാധാന ധാരണ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സ്ഥിരതയും എണ്ണവിതരണത്തിലെ തടസ്സങ്ങള്‍ നീങ്ങുന്നതും ലോകവിപണികള്‍ക്ക് ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഈ മുന്നേറ്റം ദീര്‍ഘകാലം നിലനില്‍ക്കുമോ എന്നത് വരും ദിവസങ്ങളിലെ രാഷ്ട്രീയ-സാമ്പത്തിക സംഭവവികാസങ്ങളെ ആശ്രയിച്ചായിരിക്കും.

News Now

Summary

US-Iran peace deal; 500 richest gain $336 billion in a single day; Musk's net worth crosses $1.27 trillion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates