'ഞാന്‍ പറയും ആരു ഭരിക്കണമെന്ന്, വെനസ്വേലയില്‍ കണ്ടില്ലേ?'; ഇറാന്‍റെ 'പരമോന്നത നേതാവി'നെ തള്ളി ട്രംപ്

ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ 165 കുട്ടികള്‍ കൊല്ലപ്പെട്ട മിസൈല്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കന്‍ സേനയാണെന്ന് യുഎസ് സൈനിക അന്വേഷണത്തില്‍ കണ്ടെത്തി

Donald Trump
Donald TrumpA P
Last Updated :6 March 2026, 12:46 pm IST
Edited by :jayakumarna

വാഷിങ്ടണ്‍: ഇറാനില്‍ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ അമേരിക്കയുടെ ഇടപെടലുണ്ടാകുമെന്ന് സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ഇറാന്‍ ധൃതിപിടിച്ച് അടുത്ത നേതാവിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ്. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകന്‍ മുജ്തബ തന്നെയാകും പിന്‍ഗാമി. പക്ഷേ, ഞാനത് അംഗീകരിക്കുന്നില്ല. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ എന്റെ ഇടപെടലും വേണം. വേനസ്വേലയില്‍ അങ്ങനെയായിരുന്നു. ട്രംപ് പറഞ്ഞു.

യുഎസ് പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയും തള്ളി. 212 നെതിരെ 219 വോട്ടുകള്‍ക്കാണ് പ്രമേയം നിരസിച്ചത്. പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം നേരത്തെ യുഎസ് സെനറ്റും തള്ളിക്കളഞ്ഞിരുന്നു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന് രാജ്യം തയ്യാറാണെന്ന് ഇറാന്‍ സൈന്യമായ ഐആര്‍ജിസിയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നെയ്‌നി പറഞ്ഞു. കൈവശമുള്ള ആയുധങ്ങളൊന്നും പ്രയോഗിച്ചിട്ടില്ല. അടുത്ത ഘട്ടത്തില്‍ എതിരാളികള്‍ വേദനാജനകമായ പ്രഹരങ്ങള്‍ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും കരയാക്രമണം നേരിടാന്‍ സജ്ജമാണെന്ന ഇറാന്റെ വാദം ട്രംപ് തള്ളി. ഇറാന്റെ വാദങ്ങള്‍ സമയം പാഴാക്കലാണ്. ഇതിനകം തന്നെ സൈനികമായി വലിയ നഷ്ടങ്ങളാണ് ഇറാന് ഉണ്ടായിട്ടുള്ളത്. 'അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. അവര്‍ക്ക് അവരുടെ നാവികസേന നഷ്ടപ്പെട്ടു. അവര്‍ക്ക് നഷ്ടപ്പെടാന്‍ കഴിയുന്നതെല്ലാം നഷ്ടപ്പെട്ടു.' ട്രംപ് പറഞ്ഞു. ഇറാനെ നേരിടാന്‍ യുഎസിന് കെല്‍പ്പുണ്ടെന്ന് വ്യക്തമായ ഉറപ്പുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ്- ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ 1230 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്.

അതിനിടെ, ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ 165 കുട്ടികള്‍ കൊല്ലപ്പെട്ട മിസൈല്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കന്‍ സേനയാണെന്ന് യുഎസ് സൈനിക അന്വേഷണത്തില്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. അന്വേഷണ സംഘം ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. തെക്കന്‍ ഇറാനിലെ മിനാബിലുള്ള പ്രാഥമിക വിദ്യാലയം ശനിയാഴ്ചയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി ഇറാന്‍ കൂട്ട ശവസംസ്‌കാര ചടങ്ങ് നടത്തി. അന്താരാഷ്ട്ര നിയമപ്രകാരം, സ്‌കൂളുകളോ ആശുപത്രികളോ പോലുള്ള സിവിലിയന്‍ സ്ഥാപനങ്ങളെ മനഃപൂര്‍വ്വം ലക്ഷ്യം വയ്ക്കുന്നത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്നു.

News Now

Summary

US likely responsible for Iran school strike that killed 165 children: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates