റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് അവസാനിപ്പിക്കാന്‍ അമേരിക്ക; ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നേക്കും - ഉപരോധം തിരിച്ചടിയാകുമോ?

ഇതുമൂലം ഇന്ത്യന്‍ റിഫൈനറികള്‍ കൂടുതല്‍ ചെലവ് വഹിക്കേണ്ടിവന്നേക്കും. ആ ചെലവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍ വിലകളിലും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.

US to end Russian oil concessions; Fuel prices may rise in India - Will sanctions backfire?
പ്രതീകാത്മക ചിത്രംSource by : AI Generated
Last Updated :3 June 2026, 4:08 pm IST

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഉപരോധ ഇളവ് (Sanctions Waiver) അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാനുമായുള്ള യുദ്ധസാഹചര്യവും ആഗോള ഊര്‍ജവിപണിയിലെ അനിശ്ചിതത്വവും തുടരുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിച്ചിരുന്ന താല്‍ക്കാലിക ഇളവ് അവസാനിപ്പിക്കുമെന്ന സൂചന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ നല്‍കിയതോടെയാണ് വിഷയത്തിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നത്.

യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും വ്യാപക സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇറാന്‍-അമേരിക്ക സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള എണ്ണവിതരണത്തെ ബാധിച്ചതോടെ, കടലില്‍ ഇതിനകം ലോഡ് ചെയ്തിരുന്ന റഷ്യന്‍ എണ്ണ വാങ്ങാന്‍ ചില രാജ്യങ്ങള്‍ക്ക് അമേരിക്ക താല്‍ക്കാലിക ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവിന്റെ പ്രധാന ഗുണഭോക്താക്കളിലൊന്ന് ഇന്ത്യയാണ്.

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് കഴിഞ്ഞ ഏതാനും കാലങ്ങളില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം വിലക്കിഴിവില്‍ ലഭ്യമായ റഷ്യന്‍ ക്രൂഡ് ഇന്ത്യന്‍ റിഫൈനറികള്‍ വലിയ തോതില്‍ വാങ്ങിയിരുന്നു. ഇതിലൂടെ രാജ്യത്തെ ഇന്ധനവില നിയന്ത്രിക്കാനും ഇറക്കുമതി ചെലവ് കുറയ്ക്കാനും കഴിഞ്ഞു. എന്നാല്‍ ഉപരോധ ഇളവ് അവസാനിപ്പിച്ചാല്‍ റഷ്യന്‍ എണ്ണയുടെ ലഭ്യതയും വ്യാപാര നടപടിക്രമങ്ങളും കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്.

ഇറാന്‍ യുദ്ധം മൂലം ആഗോള എണ്ണവിപണി ഇതിനകം സമ്മര്‍ദത്തിലാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗതപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമായാല്‍ എണ്ണവില വീണ്ടും കുതിച്ചുയരാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്ക ആദ്യം ഇളവ് അനുവദിച്ചതും പിന്നീട് പലതവണ നീട്ടിനല്‍കിയതും. എന്നാല്‍ റഷ്യയ്ക്കും ഇറാനുമെതിരായ സമ്മര്‍ദ നയം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇളവ് അവസാനിപ്പിക്കാന്‍ യുഎസ് ആലോചിക്കുന്നത്.

അതേസമയം, ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ ഇളവുണ്ടായാലും ഇല്ലെങ്കിലും ഇന്ത്യ വാണിജ്യപരമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നും ആവശ്യമായ ക്രൂഡ് ഓയില്‍ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന് ആവശ്യമായ എണ്ണ ലഭ്യതയില്‍ കുറവുണ്ടാകില്ലെന്നാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

ഉപരോധ ഇളവ് അവസാനിക്കുന്നതോടെ ബാങ്കിങ് ഇടപാടുകള്‍, ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍, കപ്പല്‍ ഗതാഗതം എന്നിവയില്‍ പുതിയ വെല്ലുവിളികള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ഇന്ത്യന്‍ റിഫൈനറികള്‍ കൂടുതല്‍ ചെലവ് വഹിക്കേണ്ടിവന്നേക്കും. ആ ചെലവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍ വിലകളിലും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.

അമേരിക്കയുടെ അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, റഷ്യ-ഉക്രൈന്‍ യുദ്ധം, ഇറാന്‍ പ്രതിസന്ധി, എണ്ണവിലയിലെ അനിശ്ചിതത്വം എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഊര്‍ജസുരക്ഷയും സാമ്പത്തിക സ്ഥിരതയും വീണ്ടും ദേശീയ ചര്‍ച്ചാവിഷയമായി മാറുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യയ്ക്ക് ഈ വിഷയത്തിലെ ഓരോ നയമാറ്റവും നിര്‍ണായകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് മുന്നറിയിപ്പ്.

News Now

Summary

US to end Russian oil concessions; Fuel prices may rise in India - Will sanctions backfire?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates