
ജനനം കേരളത്തില്‍, ഇപ്പോള്‍ ലൊസാഞ്ചലസ് സിറ്റി കൗണ്‍സിലില്‍; മേയറാകുമോ നിത്യ രാമന്?
നവംബറില്‍ നടക്കുന്ന അന്തിമ തെരഞ്ഞെടുപ്പില്‍ നിലവിലെ മേയര്‍ കാരെന് ബാസിനെയാണ് നിത്യ നേരിടാന്‍ പോകുന്നത്

ലൊസാഞ്ചലസ്: യുഎസിലെ ലൊസാഞ്ചലസില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ നിത്യ രാമന്. ഈ മാസം 2ന് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ റിയാലിറ്റി ടെലിവിഷന്‍ താരവും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ സ്പെന്‍സര്‍ പ്രാറ്റിനെ പിന്തള്ളിയാണ് നിത്യ ഈ നേട്ടം കൈവരിച്ചത്. നവംബറില്‍ നടക്കുന്ന അന്തിമ തെരഞ്ഞെടുപ്പില്‍ നിലവിലെ മേയര്‍ കാരെന് ബാസിനെയാണ് നിത്യ നേരിടാന്‍ പോകുന്നത്.
44കാരിയായ നിത്യ രാമന് യുഎസില്‍ അര്‍ബന്‍ പ്ലാനറായി ജോലി ചെയ്തുവരികയാണ്. 2020ല്‍ ലൊസാഞ്ചലസ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ച് വിജയിച്ച നിത്യ, ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജയാണ്. 2024ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ വക്താവായ നിത്യ രാമന്, ഇടതുപക്ഷ കൂട്ടായ്മയായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയിലും അംഗമാണ്.
കേരളത്തിലെ തമിഴ് കുടുംബത്തിലാണ് നിത്യ രാമന് ജനിച്ചത്. ആറാം വയസ്സില്‍ അവര്‍ കുടുംബത്തോടൊപ്പം അമേരിക്കയിലെ ലൂസിയാനയിലേക്ക് കുടിയേറി. 22-ാം വയസ്സില്‍ യുഎസ് പൗരത്വം ലഭിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും, എംഐടിയില്‍ നിന്നും അര്‍ബന്‍ പ്ലാനിങ്ങില്‍ ബിരുദാനന്തര ബിരുദവും അവര്‍ നേടിയിട്ടുണ്ട്. പ്രമുഖ ടെലിവിഷന്‍ എഴുത്തുകാരനും നിര്‍മാതാവുമായ വാലി ചന്ദ്രശേഖരനാണ് ഭര്‍ത്താവ്. ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളാണുള്ളത്. കാലിഫോര്‍ണിയയിലെ സില്‍വര്‍ ലേക്കിലാണ് താമസം.
തെരഞ്ഞെടുപ്പ് ദിവസം തന്നെ കാരെന് ബാസ് അന്തിമ ഘട്ടത്തിലേക്ക് യോഗ്യത നേടുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം പ്രവചനാതീതമായിരുന്നു. ദിവസങ്ങള്‍ പിന്നിടുന്തോറും വോട്ടെണ്ണല്‍ പുരോഗമിക്കവേ സ്പെന്‍സര്‍ പ്രാറ്റിനേക്കാള്‍ മികച്ച മുന്നേറ്റം നടത്താന്‍ നിത്യയ്ക്ക് സാധിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ 43,000ത്തോളം അധികം വോട്ടുകള്‍ നേടിയ നിത്യ, തന്റെ മൊത്തം വോട്ട് വിഹിതം അഞ്ച് ശതമാനത്തോളം വര്‍ധിപ്പിച്ചു. വാരാന്ത്യത്തില്‍ എണ്ണിയ വോട്ടുകളില്‍ സ്പെന്‍സറിന് 18 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 40 ശതമാനത്തോളം നിത്യയാണ് സ്വന്തമാക്കിയത്.
ന്യൂയോര്‍ക്ക് മേയറായ സൊഹ്റാന് മംദാനിയോട് നിത്യയെ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്; ഇരുവര്‍ക്കും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സുമായി അടുത്ത ബന്ധമുണ്ട്. പുരോഗമന ആശയങ്ങളുമായി മേയര്‍ തെരഞ്ഞെടുപ്പിലേക്ക് കടന്നുവന്ന നിത്യയ്ക്ക്, പക്ഷെ സ്വന്തം സഹ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്ന് ഔദ്യോഗിക പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. തനിക്ക് വേണ്ടി വോട്ട് ചെയ്തവര്‍ക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കും നിത്യ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നന്ദി പറഞ്ഞു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Who Is Nithya Raman? Things To Know About Indian-Origin Candidate In LA Mayor Race
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




