ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്

yalu river bridge
ന്യൂ യാലു റിവര്‍ ബ്രിഡ്ജ് Source by : Shanghai Daily എക്സില്‍ പോസ്റ്റ് ചെയ്ത ചിത്രം
Last Updated :14 October 2026, 2:01 pm IST
Author :SANAL DEV B

News Now

ബെയ്ജിംഗ്: ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതിന്റെ സൂചനയായി പുതിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ന്യൂ യാലു റിവര്‍ ബ്രിഡ്ജ് എന്ന് പേരിട്ടിരിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തും. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. പത്ത് വര്‍ഷത്തിലധികം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് പാലം യാഥാര്‍ത്ഥ്യമായത്.

വടക്കു കിഴക്കന്‍ ചൈനീസ് നഗരമായ ദാന്‍ഡോങ്ങിനെയും ഉത്തരകൊറിയന്‍ നഗരമായ സിനുയിജുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 3 കിലോമീറ്റര്‍ നീളമുള്ള പാലം നാലു വരി പാതയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉത്തരകൊറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച അലംഭാവമാണ് പാലത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളാന്‍ കാരണം. ചൈനീസ് ഭാഗത്തെ നിര്‍മാണം 2014ല്‍ തന്നെ പൂര്‍ത്തിയായിരുന്നു.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ടസഭ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ ചൈന പിന്തുണച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഇതാണ് കൊറിയയുടെ ഭാഗത്തെ നിര്‍മ്മാണം നീണ്ടു പോകാന്‍ കാരണം. അടുത്തകാലത്തായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമായി നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയയിലേക്കുള്ള ചൈനയുടെ കയറ്റുമതി 2.3 ബില്യണ്‍ ഡോളറിലെത്തി. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക വ്യാപാരത്തിന്റെ 70 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് 1937ല്‍ നിര്‍മിച്ച പഴക്കമേറിയ ഒരു പാലത്തിലൂടെയാണ്. ഇതിലൂടെ തീവണ്ടിപ്പാതയും റോഡും ഉണ്ടെങ്കിലും വാഹനങ്ങള്‍ക്ക് ഒരു സമയം ഒരു വശത്തേക്ക് മാത്രമേ പ്രവേശിക്കാന്‍ സാധിക്കൂ. പുതിയ പാലം വരുന്നതോടെ ഈ യാത്രാക്ലേശത്തിന് പരിഹാരമാകും.

1961ല്‍ ഒപ്പുവെച്ച സൗഹൃദ,സഹകരണ,പരസ്പര സഹായ ഉടമ്പടിയാണ് ചൈന-ഉത്തരകൊറിയ ബന്ധത്തിന്റെ പ്രധാന അടിത്തറ. സായുധ ആക്രമണം നേരിടുന്ന ഏതെങ്കിലും ഒരു രാജ്യത്തെ മറ്റേ രാജ്യം സഹായിക്കണമെന്ന വ്യവസ്ഥയും ഉടമ്പടിയിലുണ്ട്. 2019ന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് ഈ വര്‍ഷം ജൂണില്‍ ഉത്തരകൊറിയയിലെ പ്യോങ്ങ്‌യാങ്ങില്‍ സന്ദര്‍ശനം നടത്തിയതും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി.

പുതിയ യാലു നദി പാലം തുറക്കുന്നതോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാരവും ഗതാഗതവും കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം റഷ്യയുമായുള്ള ഉത്തരകൊറിയയുടെ ബന്ധം അടുത്തകാലത്ത് കൂടുതല്‍ ശക്തമായിട്ടുണ്ട്. 2024ല്‍ ഇരുരാജ്യങ്ങളും സമഗ്രതന്ത്രപ്രധാന പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. റഷ്യയുമായുള്ള സൈനിക-രാഷ്ട്രീയ സഹകരണം വര്‍ദ്ധിച്ചതോടെ ഉത്തരകൊറിയയുടെ ചൈനയോടുള്ള ആശ്രയത്തില്‍ മാറ്റമുണ്ടായിരിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Summary

Yalu Bridge on the China-North Korea border opens after 10 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates