എരിവ് - അനുഭൂതി ശ്രീധരന്‍ എഴുതിയ കവിത

pepper
അനുഭൂതി ശ്രീധരന്‍ എഴുതിയ കവിത
Edited by :Shiju
Last Updated :18 ജൂലൈ 2026, 2:48 pm IST

ഇത്തിരിക്കുരുമുള-

കരിയിലിരിപ്പതു-

ണ്ടൊത്തിരിയറിവിന്റെ

എരിവിന്‍ മരുന്നൂറ്റം

പത്തല് നാട്ടിപ്പോകെ

കരിന്തണ്ടിലകെട്ടി

കൊമ്പിലേയ്ക്കുയര്‍ത്തുന്ന

കൊടിയേറ്റമുണ്ടാകും

നിത്യൗഷധത്തിന്‍ ചോട്ടില്‍

പടരും പുല്‍ത്തണ്ടിലും

നട്ടതിലെല്ലാം നീയു

ണ്ടെരിവായ് പടരുന്നു

കച്ചചുറ്റിക്കേറിയ

കലുഷ യോദ്ധവിന്റെ

മച്ചിലേ മലക്കംപോല്‍

തിരിഞ്ഞുചാടുംതിരി

പച്ചലിപ്പിലൂടെ വന്‍

മരത്തിലൂടെ മണ്ട

ക്കെത്തിയ തിരിനീട്ടി

കാവലാകുന്നപോലെ

'കൊടി'യെന്നായീടിലും

പോരിന്റ കൂറയല്ല

അകമേ ചാന്തുപൊട്ടു

മണിഞ്ഞ കൂറയല്ല

പുരയിടത്തില്‍ നീളെ

നിരന്നു നില്ക്കുന്നാകില്‍

വരികില്ലൊരു വൈറ-

സിന്‍ കണംപോലും പനി

കണികാണുവാനില്ല

കരുത്തിന്‍ പ്രതിരോധം

അതുതാനാകാംരക്ഷാ

മരുന്നേ കരിമ്പൊന്നേ

പലരും മലനാട്ടില്‍

നിന്നേതേടിയെത്തിയോര്‍

കീടമോ,കൊതുകോ

നിന്‍കോട്ടയില്‍ വരാ,കാട്ടു

വേരിന്റെയുറവിലൂ

ടുണരും പുകച്ചിലേ

കാട്ടിലുംചു,രത്തിലു

മാറ്റരുവിയിലൂറി

ക്കാറ്റായിയെരിവായി

ഫലമൂലങ്ങളിലും

തീരത്തെ തൈത്തെങ്ങിലും

തേന്‍കരിമ്പിലുംനാട്ടു-

മാവിലും പ്ലാവില്‍,കോവല്‍

കിഴങ്ങിലെല്ലാമീര്‍പ്പ-

ഛായപോലെരിവായും

മരുന്നായുമുണ്ടു നീ.....

News Now

Summary

Malayalam poem written by Anubhooti Sreedharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates