രണ്ടു യുദ്ധകവിതകള്‍

malayalam poem
രണ്ടു യുദ്ധകവിതകള്‍ malayalam poemAI Image
Edited by :Shiju
Last Updated :1 സെപ്റ്റംബർ 2025, 3:20 pm IST

ഒന്ന്

കുഞ്ഞുങ്ങളുടെ കല്ലറകളില്‍

വെളുത്ത ലില്ലിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നു

ദലങ്ങളില്‍ മഞ്ഞുതുള്ളിപോല്‍

ദൈവത്തിന്റെ കണ്ണീരുമായി

കാറ്റിനറിയാം, ഉമ്മവെക്കരുത്

കുഞ്ഞു കിനാവുകളാണ്

പൂക്കളായി പുഞ്ചിരിക്കുന്നത്...

ഉണര്‍ത്തരുത്....

രണ്ട്

നിങ്ങളുടെ വീടിനു മുകളിലൊരു ഷെല്ലുവന്നു പതിക്കുംവരെ

യുദ്ധം നിങ്ങള്‍ക്കൊരു വിരസന്‍

ചരിത്രപാഠമായിരുന്നു

പച്ചയ്ക്ക് കത്തുമ്പോഴും

ചീളുകളായി ചിതറിത്തെറിക്കുമ്പോഴും

ഒരേകദിനമാച്ച് കാണും പോലെ

പക്ഷം പിടിച്ചാവേശിച്ചിരുന്നു.

കണ്ണീരും ചോരയും വീണ ഒന്നാം പേജില്‍ നിന്നു വഴുതി പരസ്യതുപ്പലുകളിലന്തിച്ച്,

രാഷ്ട്രീയ ശുക്ലങ്ങളിലഭിരമിച്ച്,

ചാനലുകള്‍ മാറ്റിമാറ്റി

ചര്‍വ്വിത ചര്‍വ്വണങ്ങളില്‍ വിജൃംഭിച്ച്,

അങ്ങനെയങ്ങനെ....

യുദ്ധം.....

മഞ്ഞിച്ച താളുകളിലെവിടെയോ

വിന്റേജ് ഫീലുള്ളാരു പിക്ച്ചര്‍ മാത്രമായിരുന്നു.

നിങ്ങളുടെ വീടിനു മേലൊരു ഷെല്ലു വന്നു പതിക്കുംവരെ

News Now

Summary

Malayalam poem written by Shyni Krishna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates