
ലോകകപ്പ് ഫുട്ബോള്‍ തുടങ്ങിയിട്ട് ഒരു കളി പോലും മോന്റെ കൂടെ ഇരുന്ന് കണ്ടില്ലെന്ന് അവന് പരാതി പറയുന്നത് കേട്ടു
കൊടുങ്കാറ്റില്‍ ആടിയുലയുന്നവര്‍ - എ സജീവ് കുമാര്‍ എഴുതിയ കഥ

ഒരുപാട് നേരമായി മൊബൈല്‍ അടിച്ചു കൊണ്ടിരിക്കുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായതിനാല്‍ ഫോണെടുക്കുന്നത് ഒഴിവാക്കി. രാവിലെ വടകരയ്ക്ക് പോകുമ്പോഴേ ശക്തിയായ മഴ ആയിരുന്നു. തിരിച്ചു വരുമ്പോഴും തുടര്‍ച്ചയായ മഴ. ബൈക്കില്‍ പോകുമ്പോള്‍ ആര് വിളിച്ചാലും ഫോണെടുക്കാറില്ല. പത്തു മിനിറ്റ് കൊണ്ട് വീട്ടിലെത്തും. അത് കഴിഞ്ഞ് എടുത്താല്‍ മതിയെന്നാണ് വിചാരിച്ചത്. തുടര്‍ച്ചയായി റിംഗ് അടിച്ചു കൊണ്ടിരിക്കയായതിനാല് വഴിയില്വണ്ടി നിര്‍ത്തി. മഴക്കോട്ടിനിടയിലൂടെ ഫോണെടുക്കല്‍ ശരിക്കും പ്രയാസമാണ്. തൊട്ടടുത്ത അടഞ്ഞുകിടക്കുന്ന പീടികയിലേക്ക് കയറി. ആദ്യം മഴക്കോട്ട് അഴിച്ചു മാറ്റി. എന്നിട്ട് ഫോണെടുത്തു നോക്കി.
ഹാഷിംക്കയാണ്. ഇയാള്‍ക്കെന്താ, ഈ ശക്തിയായ മഴയത്ത്. ഹാഷിംക്ക എന്റെ കമ്പനിയിലെ റിസപ്ഷനിസ്റ്റായിരുന്നു. ആറു മാസം മുന്‍പ് റിട്ടയര്‍ ചെയ്തു. കമ്പനിയിലെ ചുമതലാ നാമം റിസപ്ഷനിസ്റ്റ് എന്നായിരുന്നെങ്കിലും ഏതാണ്ടെല്ലാ ജോലികളും ഹാഷിം ക്ക ചെയ്തിരുന്നു. ആരെന്തു പറഞ്ഞാലും ചെയ്യുമായിരുന്നതിനാല്‍ ആര്‍ക്കും ഏറെ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു അദ്ദേഹം. റിട്ടയര്‍മെന്റ് ദിവസം വൈകിട്ട് അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങള്‍ ഓഫീസില്‍ നിന്നുള്ള ഏതാണ്ടെല്ലാവരും പോയിരുന്നു. നാട്ടുകാര്‍ മുഴുവന്‍ അവിടെ ഉണ്ടായിരുന്നു ഏതാണ്ട് ഒരു ഉല്‍സവ പ്രതീതി. അദ്ദേഹത്തിന് സ്വന്തമായെന്നു പറയാന്‍ ഭാര്യയും ഒരു മകനുമേയുള്ളു. മകന് എഞ്ചിനീയറിംഗിന് ഹൈദ്രബാദില്‍ പഠിക്കയാണെന്നതിനാല് അവന് അന്ന് വീട്ടിലില്ലായിരുന്നു. തിരക്കിനിടയില്‍ വീടിനോട് ചേര്‍ന്ന ഒരു മാവ് എനിക്ക് കാണിച്ചു തന്നു..... 'മകന് ജനിച്ച അന്ന് ഞാന്‍ കുഴിച്ചിട്ടതാ...കഴിഞ്ഞ അഞ്ചുവര്‍ഷമായി നിറച്ചും മാങ്ങയാ...... '
WHAT TO READ NEXT

പ്രണയം മരിച്ചാല്‍ ചുംബനത്തിനെന്ത് രുചി എന്ന് പറയുംപോലെ
'ഹാഷിംക്ക എന്തിനാണ് വിളിച്ചത്...'
ഞാന്‍ ഫോണില്‍ ചോദിച്ചു.
സാറേ ഞാനിപ്പോള്‍ ഇവിടെ സബ്ബ് ജയിലിന് പുറത്താണുള്ളത്, എനിക്കൊര് ആവശ്യമുണ്ടായിരുന്നു നിങ്ങളെക്കൊണ്ട്....'
കമ്പനിയിലുള്ള കാലത്ത് ഒരു തവണ പോലും ഹാഷിംക്ക അദ്ദേഹത്തിന്റെ ഒരാവശ്യത്തിന് എന്നെ ആശ്രയിച്ചിട്ടില്ല. പകരം ഞാന്‍ ഒരു പാട് തവണ ഹാഷിംക്കയെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
'ഹാഷിംക്ക പറഞ്ഞോളു, ഞാന്‍ എന്താണ് ചെയ്യേണ്ടത്?'
സാറേ എന്റെ മോനൊര് കുടുക്കില്‍ പെട്ടു. ശരിക്കും അവനൊന്നുമറിയില്ല. ഒരു മാസം മുന്‍പ് നിങ്ങളുടെ നഗരത്തിനടുത്ത് നിന്ന് പൊലിസ് അവനെ പിടിച്ചു. അവന് മയക്കുമരുന്നു കടത്തുന്നു എന്ന പേരിലാണ് പോലും പിടിച്ചത്. പിടിച്ച പൊലീസുകാര്‍ക്ക് അറിയാം അവന് നിരപരാധിയാണെന്ന്. അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആരോ അവനെ പറ്റിച്ചതാ, അവനല്ലാ യഥാര്‍ത്ഥ പ്രതിയെന്ന്.... '
ഹാഷിംക്ക പിന്നെയും പലതും പറഞ്ഞു കൊണ്ടിരുന്നു. പല കാര്യങ്ങളും ചോദിക്കണമെന്നുണ്ടെങ്കിലും ചോദിക്കാനുള്ള ഒരു സമയം ഹാഷിംക്ക അനുവദിക്കുന്നില്ല.
പുറത്ത് ശക്തമായ മഴയും ഒപ്പം കാറ്റും വീശുന്നുണ്ടായിരുന്നു. 'അതുകൊണ്ട് സാറേ നിങ്ങളെ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്നാണ് അവനെ പിടിച്ചത്. നിങ്ങള്‍ക്ക് പരിചയമുള്ള ഏതെങ്കിലും പൊലീസുകാരുണ്ടാകില്ലേ അവിടെ. അവരോട് ഒന്ന് ചോദിക്കുമോ? അവനെന്ത് തെറ്റാ ചെയ്തതെന്ന്. ഞങ്ങള്‍ ഏര്‍പ്പെടുത്തിയ വക്കീല്‍ പറയുന്നു എഫ്ഐആറില്‍ അവനെതിരെ ഒന്നുമില്ലെന്ന്..... ' 'പിന്നെ സാറേ ഒരു കാര്യം കൂടി.. എന്റെ മോന് ഇതില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ലെങ്കില്‍ എന്റെ വീട്ടില്‍ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തന്ന മാവില്ലേ, ഓന്റെ ജനന ദിവസം നട്ടത്. അതിന്റെ കൊമ്പില്‍ ഞാനും ഓളുമുണ്ടാകും.... '
ഞാനൊരു സാമൂഹ്യ പ്രവര്ത്തകന് കൂടിയായതുകൊണ്ടാകാം ഹാഷിംക്ക എന്നില്‍ അഭയം തേടിയത്.
പൊലീസ് സ്റ്റേഷനില്‍ ഞാന്‍ പോകാറില്ലെന്നും പ്രത്യേകിച്ച് ഇത്തരമൊരു കേസിനെ കുറിച്ച് അന്വേഷിക്കാന്‍ ഞാന്‍ എങ്ങനെയാണ് പൊലിസ് ' സ്റ്റേഷനിലേക്ക് പോകുകയെന്നും കരഞ്ഞുകൊണ്ടിരിക്കുന്ന ഹാഷിംക്കയോട് എനിക്ക് ചോദിക്കാന്‍ കഴിഞ്ഞില്ല. അറിയാവുന്ന പൊലീസുകാരുടെയൊക്കെ മുഖം ഞാന്‍ ഓര്‍ത്തുനോക്കി. അതില്‍ പലരോടും ഇത്തരമൊരു കേസിനെ കുറിച്ച് ചോദിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തന്നെ ബോധ്യമുണ്ടായിരുന്നു. എന്റെ കൂടെ ഹൈസ്കൂളില്‍ മൂന്നു വര്‍ഷം പഠിച്ചിരുന്ന രാമകൃഷ്ണനെ എനിക്കോര്‍മ്മ വന്നു. പഠിക്കുമ്പോള്‍ സാധുവായിരുന്നു രാമകൃഷ്ണന്, പൊലീസായതിനു ശേഷം എന്താണ് സ്ഥിതിയൊന്നുമറിയില്ല
വീട്ടിലെത്തി ആദ്യം ചെയ്തത് രാമകൃഷ്ണന്റെ മൊബൈല്‍ നമ്പര്‍ തപ്പിപ്പിടിക്കുകയായിരുന്നു. ഒറ്റവിളിക്കു തന്നെ രാമകൃഷ്ണനെ കിട്ടി. അവന് കാസര്‍കോഡിനടുത്ത് ഒരു സ്റ്റേഷനിലാണ് സര്‍ക്കിളായി ജോലി ചെയ്യുന്നതെന്നറിഞ്ഞു
WHAT TO READ NEXT

ദൈവമേ.. ഇതിനായിരുന്നോ ഈ വെളുപ്പാന്‍ കാലം എന്നെ ഇവിടെവരെ കൊണ്ടുവന്നത്
ഹാഷിംക്കയുടെ മകന്റെ കാര്യമെല്ലാം ഞാന്‍ പറഞ്ഞു. അവന് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു ഫോണ്‍ വച്ചു. ഒരു മണിക്കൂര്‍ കൊണ്ട് രാമകൃഷ്ണന് തിരിച്ചുവിളിച്ചു. നാല് കോടി രൂപയുടെ എംഡിഎംഎ കൈവശം വച്ചതിനാണ് ഹാഷിം ക്കയുടെ മകനെ കസ്റ്റഡിയിലെടുത്തതെന്ന് രാമകൃഷ്ണന് പറഞ്ഞതു കേട്ടപ്പോഴേ എന്റെ തലചുറ്റിയിരുന്നു.
ഹൈദ്രബാദില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അവനെങ്ങനെ പ്രതിയായെന്നു രാമകൃഷ്ണനോട് ചോദിച്ചു.
വളരെ പാവമായ, നാട്ടില്‍ എല്ലാവരേയും സഹായിക്കുന്ന ഹാഷിംക്കായുടെ മകന് ഒരു തെറ്റിലും പെടില്ലെന്ന് എനിക്കുറപ്പായതിനാല്‍ രാമകൃഷ്ണനടക്കമുള്ള സകല പൊലീസുകാരോടും എനിക്ക് ദേഷ്യം തോന്നി. രാമകൃഷ്ണനോടുള്ള എന്റെ സംസാരത്തില്‍ പൊലീസുകാരെ കുററപ്പെടുത്തലുമുണ്ടായിരുന്നു. അതു കൊണ്ടായിരിക്കും രാമകൃഷ്ണന് അല്പം കൂടി വിശദീകരിച്ചു. 'നീ എന്നോട് ചൂടാകണ്ടാ, രാജ്യത്തെ പ്രധാനപ്പെട്ട മയക്കുമരുന്നു ലോബിയിലെ പ്രധാന കണ്ണിയാണ് നിന്റെ ഹാഷിംക്കയുടെ മകന്. മറ്റൊന്നുകൂടി നീ കേട്ടോ, ആദ്യം അവനെ കസ്റ്റഡിയിലെടുത്തപ്പോള്‍ അവന്റെ കയ്യിലൊന്നുമില്ലായിരുന്നു. ചോദ്യം ചെയ്തതിന്റെ ഭാഗമായി അവനേയും കൂട്ടി പൊലീസുകാര്‍ അവന്റെ വീട്ടില്‍ പോയിരുന്നു. വീട്ടിലെ അവന്റെ മുറിയിലെ ബാഗില്‍ നിന്നാണ് പറഞ്ഞ തുകയ്ക്കുള്ള മുഴുവന്‍ മയക്കുമരുന്നും പിടിച്ചെടുത്തത്. നിന്റെ ഹാഷിംക്കയും ഭാര്യയുമെല്ലാം കേസിലെ പ്രതികളാകാനും ഭാവിയില്‍ സാധ്യതയുണ്ട്' രാമകൃഷ്ണന് പറഞ്ഞവസാനിച്ചപ്പോള്‍ എനിക്ക് ശരിക്കും പേടി തോന്നി.
'സാറേ, എയറോസ്പേസ് എഞ്ചിനീയറാകണമെന്നാണ് മോന്റെ അഭിപ്രായം', പ്ലസ് ടുവിന് 99 ശതമാനം മാര്‍ക്ക് നേടി വിജയിച്ചതിന്റെ സന്തോഷം പങ്കിടാന്‍ എന്നെയും കൂട്ടി ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ ദിവസമാണ് ഞാന്‍ അപ്പോഴോര്‍ത്തത്. വീട്ടില്‍ നിന്ന് ഭാര്യ പറഞ്ഞു പോലും എന്നോട് ചോദിച്ചാല്‍ അത് പഠിക്കാന്‍ പോകേണ്ട വഴികളെ കുറിച്ചറിയാന്‍ കഴിയുമെന്ന്.
പ്ലസ് ടു വിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ 100 ശതമാനം മാര്‍ക്ക് ലഭിച്ചതിനാല്‍ പ്രവേശന പരീക്ഷയുടെ യോഗ്യത ഉറപ്പായെന്ന് ഞാന്‍ പറഞ്ഞു. കാല്ക്കുലസും മെക്കാനിക്സും അവന്റെ തലച്ചോറിലുള്ളതിനാല് അവന് രാജ്യത്തെ പ്രധാന ഐഐടിയില്‍ തന്നെ പ്രവേശനം ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വലിയ സന്തോഷത്തോടെയാണ് ഹാഷിംക്ക അന്ന് വീട്ടിലേക്ക് പോയത്.
പരീക്ഷ എഴുതിയതും ദല്‍ഹി ഐഐടിയില്‍ ചേര്‍ന്നതും പിന്നീടൊരിക്കല്‍ ഹൈദ്രബാദിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കിയതുമെല്ലാം ഹാഷിംക്ക പറഞ്ഞിരുന്നു.
ജീവിത പാച്ചിലിനിടയില്‍ വരുന്ന പുതിയ കഥാപാത്രങ്ങളുടെ ആട്ടങ്ങള്ക്കിടയ്ക്ക് ഹാഷിംക്കായുടെ മകന്റെ വിവരങ്ങളൊന്നും സ്ഥിരം വാര്‍ത്തകളില്‍ വന്നിരുന്നില്ല.
'നിങ്ങള്ക്കെന്താന്നേ, കുറച്ചു ദിവസമായിട്ട് ഒരു ചിന്ത?'
ഒരു ദിവസം കമ്പനിയില്‍ നിന്നും വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ ചായ കുടിക്കുന്നതിനിടയില്‍ ഭാര്യ ചോദിച്ചു. വീട്ടിലെത്തിയാല്‍ ഭാര്യയോടും കുട്ടികളോടും പല കാര്യങ്ങളും പറഞ്ഞ് ഒരു പാട് സമയം ചെലവാക്കിയിരുന്ന ഞാന്‍ കുറച്ചു ദിവസമായി ഒന്നും പറയുന്നില്ലപോല്. പലപ്പോഴും ഒരുപാടു സമയം ഫോണില്‍ നോക്കിയിരിക്കുകയാണു പോലും. ലോകകപ്പ് ഫുട്ബോള്‍ തുടങ്ങിയിട്ട് ഒരു കളി പോലും മോന്റെ കൂടെ ഇരുന്ന് കണ്ടില്ലെന്ന് അവന് ഇന്നലെ അവന്റെ ചേച്ചിയോട് പരാതി പറയുന്നത് കേട്ടു.
എന്താ നിങ്ങള്‍ക്ക് പറ്റിയത്?
ഞാന്‍ ഭാര്യയുടെ മുഖത്ത് നോക്കി. ഇനി അവളോട് കാര്യങ്ങള്‍ പറയാതെ പറ്റില്ലെന്ന് എനിക്ക് മനസിലായി.
എല്ലാം കേട്ടപ്പോള്‍ അവള് പറഞ്ഞു. 'നോക്ക്, ഹാഷിംക്ക നല്ല ആളു തന്നെ, ഇങ്ങനത്തെ കേസായതിനാല്‍ അയാളെ ഫോണിലേക്കൊന്നും നിങ്ങള്‍ വിളിക്കണ്ടാട്ടോ, പൊലീസുകാര്‍ അയാള്‍ക്ക് വരുന്ന ഫോണും സെര്‍ച്ച് ചെയ്യും. വെറുതെ വേണ്ടാതീനം വലിച്ചിടണ്ട.'
വീട്ടിലുള്ളപ്പോള്‍ എന്റെ ഫോണിന്റെ ശബ്ദം കേള്‍ക്കുമ്പോഴേക്കും ഭാര്യയോ, മകനോ, മകളോ ഓടി ഫോണിനടുത്തെത്തും. വിവരങ്ങളെല്ലാം മക്കളോടും ഭാര്യ പറഞ്ഞിട്ടുണ്ടാകാം. ഹാഷിംക്ക അല്ലായെന്ന് ഉറപ്പിച്ചതിനു ശേഷമേ എനിക്ക് തരാറുള്ളു. കമ്പനിയില്‍ പോകുമ്പോള്‍ ഞാനറിയാതെ അവര്‍ ഫോണ്‍ സൈലന്റ് മോഡിലാക്കി മാറ്റും. പല ദിവസവും രാത്രി ഞാന്‍ തീരുമാനിക്കും ഹാഷിംക്കയെ അടുത്ത ദിവസം രാവിലെ തന്നെ വിളിക്കണമെന്നും രാമകൃഷ്ണന് പറഞ്ഞ വിവരങ്ങള്‍ അയാളോട് പറയണമെന്നും. എന്നാല്‍ ഹാഷിംക്കയുടെ വീട്ടിലെ മാവിന്റെ ഓര്‍മ്മകള്‍ എന്റെ ഫോണ്‍ വിളി മാറ്റിവയ്പിച്ചു. ഒരു ഞായറാഴ്ച രാവിലെ തന്നെ നേരിട്ട് ഹാഷിംക്കയെ കാണാന്‍ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടു. രാവിലെ മുതല്‍ നല്ല മഴയും കാറ്റുമുണ്ടായതിനാല് കമ്പനിയുടെ കാര്യത്തിന് ഒരിടം വരെ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ശക്തിയായ കാറ്റുള്ളതിനാല്‍ പല സ്ഥലത്തും നിര്‍ത്തിയാണ് ബൈക്കില്‍ സഞ്ചരിച്ചത്. ഒര് തവണയേ പോയിട്ടുള്ളു എന്നതിനാല്‍ ഏതാണ്ട് ഊഹം വച്ചാണ് ഹാഷിംക്കയുടെ വീട്ടിലേക്ക് തിരിച്ചത്. അയാളുടെ നാട്ടിലേക്കുള്ള റോഡിന് ഇരുവശവും ഉള്ള വീടുകളെല്ലാം ഹാഷിംക്കയുടെ വീടാണെന്ന് തോന്നി. ഓരോ മഴ ആര്‍ത്തലച്ചു പെയ്യുമ്പോഴേക്കും അടുത്ത മഴക്കായി കാര്‍മേഘം ഇരുണ്ട് പ്രദേശം മുഴുവന്‍ ഇരുട്ടിലാക്കിയിരുന്നു. ആ വീടുകള്‍ക്ക് മുന്നിലെല്ലാം ഓരോ മാവുണ്ടായിരുന്നു. ശക്തമായ കാറ്റുകൊണ്ട് മാവുകള്‍ രണ്ടു ഭാഗത്തേയ്ക്കും ആടിയുലഞ്ഞിരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Malayalam short story written by A Sajeev Kumar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഈ ഡാന്‍സ് ഭംഗിയായി ചെയ്തു തീര്‍ക്കാനായാല്‍ ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും'; വികാരഭരിതയായി അഹാന


