ആ ഫോണ്‍ വാങ്ങി നല്‍കിയ കൈകള്‍ അപ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു

കളര്‍ ഫ്രെയിമുകള്‍ -യുകെ വാഹിദ് ഉണ്ണ്യാല്‍ എഴുതിയ കഥ

girl taking selfie
representative image created by AI image generatorAI image
Edited by :Shiju
Last Updated :8 ജൂലൈ 2026, 4:57 pm IST

കടലിന്റെ ഇരമ്പം ഇപ്പോള്‍ ചെവിയിലല്ല, മൊബൈല്‍ സ്‌ക്രീനിലെ പതിനാറ് സെക്കന്റ് 'റീലുകളിലെ' പശ്ചാത്തല സംഗീതമായി ചോര്‍ന്നുപോവുകയാണെന്ന് പതിനഞ്ചാം വയസ്സിന്റെ അതിരുകളില്‍വെച്ച് ആയിഷാബാനുവിന് തോന്നാറുണ്ട്. താന്‍ ജീവിക്കുന്നത് ഉപ്പയുടെ വിയര്‍പ്പും ഉപ്പുരസവുമുള്ള ഈ മണ്ണിലല്ല, മറിച്ച് ആരോ ഡിജിറ്റല്‍ കത്രികവെച്ച് വെട്ടിമാറ്റിയ ചില തിളങ്ങുന്ന ഫ്രെയിമുകളിലാണെന്ന തോന്നല്‍ അവളില്‍ ഒരുതരം മടുപ്പ് പടര്‍ത്തിയിരുന്നു. വീട്ടില്‍ അവള്‍ 'അനു' മാത്രമായിരുന്നു.

തീരദേശത്തെ ആ ചെറിയ വീടിന്റെ ഉമ്മറത്ത്, വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ജനിച്ച ഒരേയൊരു മകള്‍ക്കായി ഹമീദും ആമിനയും കരുതിവെച്ച സ്‌നേഹത്തിന് ഒരുതരം അമിതഭാരമുണ്ടായിരുന്നു. ചോദിക്കുന്നതിന് മുന്‍പെ കൈകളില്‍ വന്നു വീഴുന്ന ആഗ്രഹങ്ങള്‍.

'സ്‌കൂളിലെ കുട്ട്യോളൊക്കെ റീല്‍സ് ചെയ്യാന്‍ നല്ല ക്യാമറയുള്ള ഫോണാ ഉപയോഗിക്കുന്നത് ഉപ്പാ...' എന്ന് അവള്‍ ചുണ്ട് പിണച്ചപ്പോള്‍, കടലിന്റെ ആഴങ്ങളില്‍പ്പോയി ജീവന്‍ പണയം വെച്ചുണ്ടാക്കിയ നോട്ടുകള്‍ ഹമീദ് എണ്ണിത്തിട്ടപ്പെടുത്തി നാട്ടിന്‍പുറത്തെ മൊബൈല്‍ കടയിലെ ചില്ലുകൂട്ടിനുള്ളിലിരുന്ന തിളങ്ങുന്ന സ്മാര്‍ട്ട്‌ഫോണ്‍ അവളുടെ കയ്യിലെത്തുമ്പോള്‍, ഹമീദിന്റെ വിരലുകളില്‍ ഉപ്പുവെള്ളം തട്ടി തൊലി ഉരിഞ്ഞുപോയ പാടുകളുണ്ടായിരുന്നു.

പ്ലസ് ടു ക്ലാസിലെ ഒഴിഞ്ഞ ബെഞ്ചിലിരുന്ന് അഖിലും ജിതിനും സംസാരിക്കാറുണ്ടായിരുന്നത് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തെക്കുറിച്ചായിരുന്നു. അഖിലിന് വ്‌ലോഗിംഗ് എന്നത് വീട്ടിലെ പട്ടിണിയില്‍നിന്നും മദ്യപിച്ചെത്തി ഉമ്മയെ ചീത്തവിളിക്കുന്ന ഉപ്പയുടെ ശബ്ദത്തില്‍നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു. ജിതിനാകട്ടെ, വലിയ വീടിനുള്ളിലെ സ്വന്തം ഏകാന്തതയെ മറയ്ക്കാനുള്ള ശ്രമവും.

'എടാ, നമ്മുടെ ചാനലിന് ഒരു റീച്ച് കിട്ടണമെങ്കില്‍ ക്യാമറയ്ക്ക് മുന്നില്‍ നല്ലൊരു നാടന്‍ മുഖം വേണം.' അഖില്‍ പറഞ്ഞപ്പോള്‍, 'നമ്മുടെ അനു പോരേ?' എന്ന് ജിതിന്‍ ഐഡിയ മുന്നോട്ട് വെച്ചു. വ്യൂസും ലൈക്കുകളും കൂടുമ്പോള്‍ കിട്ടുന്ന ഓരോ 'നോട്ടിഫിക്കേഷന്‍' ശബ്ദവും അവരുടെ ഉള്ളിലെ ശൂന്യതകളെ താല്‍ക്കാലികമായി നികത്തിക്കൊണ്ടിരുന്നു.

'ഫോണുകളൊക്കെ ഓഫ് ചെയ്യ്. ലൊക്കേഷന്‍ കിട്ടിയാല്‍ വീട്ടുകാര്‍ പ്രശ്‌നമാക്കും.

വ്യാഴാഴ്ച രാവിലെ, ടൗണിലെ ബസ് സ്റ്റാന്‍ഡിന് പിന്നിലെ ഒഴിഞ്ഞ കെട്ടിടത്തില്‍വെച്ച് അഖില്‍ യൂണിഫോമിന് മുകളിലിടാന്‍ ഒരു കളര്‍ ഓവര്‍കോട്ട് അവള്‍ക്ക് നേരെ നീട്ടി.

'അനു, വയനാട്ടിലെ ആരും കാണാത്ത ഒരു ലൊക്കേഷന്‍. ഒരൊറ്റ റീല്‍ മതി, നമ്മള്‍ ഹിറ്റാകും!' ജിതിന്‍ ആവേശം കൂട്ടി.

'പക്ഷേ... സ്‌കൂളില്‍...' അനുവിന്റെ വാക്കുകള്‍ അഖിലിന്റെ വലിയ പ്ലാനുകള്‍ക്ക് മുന്നില്‍ അലിഞ്ഞുപോയി.

'ഫോണുകളൊക്കെ ഓഫ് ചെയ്യ്. ലൊക്കേഷന്‍ കിട്ടിയാല്‍ വീട്ടുകാര്‍ പ്രശ്‌നമാക്കും.' അഖില്‍ ഓര്‍മ്മിപ്പിച്ചു. അവളുടെ വിരലുകള്‍ സ്വന്തം ഫോണിലെ പവര്‍ ബട്ടണില്‍ അമര്‍ന്നു. ഡിജിറ്റല്‍ വെളിച്ചം അണഞ്ഞു. മാസങ്ങളായി ചേര്‍ത്തുവെച്ച പോക്കറ്റ് മണി ഉപയോഗിച്ച് അവര്‍ വയനാട്ടിലേക്കുള്ള കെ എസ്ആര്‍ടിസി ബസില്‍ കയറി.

അന്ന് വൈകുന്നേരം നാലുമണി കഴിഞ്ഞിട്ടും അനുവിന്റെ നിഴല്‍പോലും ഉമ്മറത്ത് കണ്ടില്ല. ആമിന തിണ്ണയില്‍ വന്നിരുന്ന് റോഡിലേക്ക് നോക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി. സലീംക്കാന്റെ മകള്‍ ഫാത്തിമ വഴിയിലൂടെ വരുന്നത് കണ്ട് ആമിന ഓടിച്ചെന്നു.

'ഇന്റെ അനു മോള്...?'

'അവള്‍ ഇന്ന് സ്‌കൂളില്‍ വന്നിട്ടേയില്ല, ആമിനാത്താ...'

ആമിനയുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയതുപോലെ തോന്നി. കടല്‍ വകഞ്ഞുമാറ്റി തന്റെ തോണിയെ നിയന്ത്രിക്കാന്‍ പാടുപെടുകയായിരുന്ന ഹമീദിന്റെ ഫോണിലേക്ക് സലീം വിളിക്കുമ്പോള്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നു. വിവരം കേട്ടതും പാതിവഴിയില്‍ തോണി തിരിച്ചു തീരത്തണയുമ്പോള്‍ അയാളുടെ ഉള്ളില്‍ കടലിനേക്കാള്‍ വന്യമായൊരു ഇരമ്പല്‍ തുടങ്ങിയിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അവര്‍ വയനാട്ടിലെ ചിത്രഗിരി മലഞ്ചെരുവിലുള്ള ഒരു ചെറിയ ഹോംസ്റ്റേയില്‍ എത്തിയത്. ഇന്‍സ്റ്റഗ്രാം റീലുകളില്‍ കണ്ട ആഡംബര റിസോര്‍ട്ടുകളോ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ സ്വര്‍ഗ്ഗീയ ദൃശ്യങ്ങളോ അവിടെയുണ്ടായിരുന്നില്ല. പകരം പച്ചനിറം മാഞ്ഞ കരിങ്കല്‍ ചുവരുകളും ഈര്‍പ്പത്തിന്റെ മണവുമുള്ള മുറികള്‍ മാത്രമായിരുന്നു.

'നമുക്ക് എങ്ങനെയെങ്കിലും തിരിച്ചുപോയാല്‍ മതി... വിശന്നിട്ട് വയ്യാ... ഉമ്മയും ഉപ്പയും എന്തൊക്കെ ഓര്‍ക്കുന്നുണ്ടാകും...'

കയ്യിലുണ്ടായിരുന്ന പണം തീരാറായതോടെ അവര്‍ക്കിടയിലെ സൗഹൃദത്തിന്റെ തിളക്കവും കുറഞ്ഞുതുടങ്ങി.

'ജിതിന്‍, നീ വലിയ പണക്കാരന്റെ മകനല്ലേ, നിന്റെ കയ്യില്‍ കൂടുതല്‍ കാശുണ്ടാവുമെന്നാ കരുതിയത്!' അഖില്‍ ദേഷ്യപ്പെട്ടു.

'നീയല്ലേ ഇങ്ങോട്ട് വരാന്‍ നിര്‍ബന്ധിച്ചത്? ലൊക്കേഷന്‍ ഹിറ്റാകുമെന്ന് പറഞ്ഞിട്ട് ഇപ്പോ ദാ ഈ കാട്ടുപ്രദേശത്ത് വന്ന് പെട്ടു!' ജിതിന്‍ തിരിച്ചടിച്ചു.

അല്പം മുന്നോട്ട് നീങ്ങിയതോടെ ഫോണിലെ

ജിപിഎസും റേഞ്ചില്ലാതെ നിശ്ചലമായി. വൈകുന്നേരത്തെ തണുപ്പും ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചിലും ആ പ്രദേശത്തെ കൂടുതല്‍ ഭീതിജനകമാക്കി. ഒരു വലിയ മരച്ചുവട്ടിലെ ഈറന്‍ ബാധിച്ച കല്ലിലിരുന്ന് അനു തണുത്തുവിറയ്ക്കുകയായിരുന്നു. ഫോണ്‍ സ്‌ക്രീനിലെ ഫില്‍ട്ടറുകള്‍ ഇല്ലാത്ത യഥാര്‍ത്ഥ കാട് അവളെ ശ്വാസം മുട്ടിച്ചു.

'നമുക്ക് എങ്ങനെയെങ്കിലും തിരിച്ചുപോയാല്‍ മതി... വിശന്നിട്ട് വയ്യാ... ഉമ്മയും ഉപ്പയും എന്തൊക്കെ ഓര്‍ക്കുന്നുണ്ടാകും...' അനു വിറയ്ക്കുന്ന ശബ്ദത്തില്‍ കരഞ്ഞു.

അവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി അഖില്‍ ഫോണ്‍ ഓണ്‍ ചെയ്തു. നിമിഷങ്ങള്‍ക്കകം, ആ ഡിജിറ്റല്‍ സിഗ്‌നല്‍ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള സൈബര്‍ സെല്ലിന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഒരു ചുവന്ന ബിന്ദുവായി മിന്നിമറഞ്ഞു.

ശനിയാഴ്ച രാവിലെ, പൊലീസ് സ്റ്റേഷന്‍. രണ്ട് ദിവസത്തെ ഉറക്കമില്ലായ്മ ഹമീദിന്റെയും ആമിനയുടെയും മുഖത്ത് വലിയ ആഴങ്ങള്‍ തീര്‍ത്തിരുന്നു. പൊലീസ് ജീപ്പില്‍നിന്നിറങ്ങിയ അനുവിനെ കണ്ടതും ആമിന അവളെ ഓടിച്ചെന്ന് നെഞ്ചോട് ചേര്‍ത്തുപിടിച്ചു.

അനു തന്റെ ഉപ്പയെ നോക്കാന്‍ ഭയന്നു മാറിനിന്നു. അടക്കാനാവാത്ത സങ്കടത്തോടെയും തളര്‍ച്ചയോടെയും നില്‍ക്കുകയായിരുന്നു ഹമീദ്. തന്റെ വിയര്‍പ്പിന്റെ വിലയായ ആ ഫോണ്‍ വാങ്ങി നല്‍കിയ കൈകള്‍ ഇപ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അവള്‍ പതുക്കെ ഓടിച്ചെന്ന് അയാളുടെ കൈകളില്‍ പിടിച്ച് പൊട്ടിക്കരഞ്ഞു:

'എനിക്ക് തെറ്റ് പറ്റി ഉപ്പാ... എന്നോട് ക്ഷമിക്കണം...'

ഹമീദ് അവളെ ശകാരിച്ചില്ല. വാക്കുകള്‍ പുറത്തേക്ക് വരാതെ അയാളുടെ തൊണ്ടയിടറി. വിറയ്ക്കുന്ന കൈകളോടെ അവളുടെ തലയില്‍ തലോടി നെഞ്ചോട് ചേര്‍ത്തുപിടിച്ചു. അവരുടെ നിശ്ശബ്ദത കണ്ടപ്പോള്‍ അഖിലിന്റെയും ജിതിന്റെയും ഉള്ളില്‍ കുറ്റബോധം നിറഞ്ഞു. അവര്‍ തലകുനിച്ചു നിന്നു.

ഇന്‍സ്‌പെക്ടര്‍ സജീവ് മേശപ്പുറത്തിരുന്ന അനുവിന്റെ ഫോണ്‍ എടുത്ത് സ്വിച്ച് ഓഫ് ചെയ്തു. ആ മുറിയില്‍ പിന്നീട് വലിയൊരു നിശ്ശബ്ദത പടര്‍ന്നു.

തിരികെ നാട്ടിലേക്ക് പോകുന്ന വണ്ടിയിലിരിക്കുമ്പോള്‍ അനു ഉമ്മയുടേയും ഉപ്പയുടേയും കൈകള്‍ക്കിടയില്‍ തന്റെ കൈകള്‍ സുരക്ഷിതത്വത്തോടെ ചേര്‍ത്തുപിടിച്ചിട്ടുണ്ടായിരുന്നു. വണ്ടി ദൂരെ തീരദേശത്തെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍, അവളുടെ വിരലുകള്‍ ഉപ്പുവെള്ളം തട്ടി തൊലി ഉരിഞ്ഞുപോയ ഉപ്പയുടെ കൈപ്പത്തിയിലെ തഴമ്പുകളെ തിരയുകയായിരുന്നു. കടലിന്റെ ഇരമ്പം ഇപ്പോള്‍ അവളുടെ ഹൃദയമിടിപ്പുകളോട് ചേര്‍ന്ന് കൃത്യമായ താളത്തില്‍ കേള്‍ക്കാമായിരുന്നു.

യുകെ വാഹിദ് ഉണ്ണ്യാല്‍

യുകെ വാഹിദ് ഉണ്ണ്യാല്‍

News Now

Summary

Malayalam short story written by UK Vahid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates