എന്റെ ഇന്ത്യ; നിത്യചൈതന്യ യതിയുടെ കുറിപ്പ്

1999 മെയ് 21 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

Premium
Nitya Chaitanya Yati
നിത്യചൈതന്യ യതിSource by : File
Last Updated :15 October 2026, 4:21 pm IST

News Now

വളരെ കുട്ടിക്കാലം മുതല്‍ ഇപ്പോള്‍ വരെ (എഴുപത്തിനാല് വയസ്സുവരെ) സൗഹൃദം എന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. എന്നാല്‍, ഒരിക്കല്‍ പോലും വൈയക്തികമായ സൗഹൃദം എനിക്ക് ആരോടും വളര്‍ത്തിയെടുക്കുവാനുള്ള പ്രേരണയുണ്ടാകുകയോ അങ്ങനെയുള്ള സുഹൃദ്ബന്ധം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല.

മറിച്ച് ഹൃദ്യമായ ആശയങ്ങള്‍ സാഹിത്യമര്‍മ്മജ്ഞതയോടെ അല്ലെങ്കില്‍ കവിതയോടോ തോന്നിയിട്ടുള്ള ഉദാത്തവും ശാലീനവുമായ ഒരു ഭാവരസത്തെ മുഖ്യമാക്കിക്കൊണ്ട് അതിന്റെ പ്രസക്തി കാണുന്നിടത്തെല്ലാം ഞാന്‍ താല്പര്യം കാണിച്ചിട്ടുണ്ട്.

അതുകൊണ്ട് ഹൃദയത്തിലുള്ള സൗഹൃദത്തിന് പലപ്പോഴും വിഷയമാകാന്‍ കഴിഞ്ഞിട്ടുള്ളത് ഒരിക്കലെങ്കിലും കാണുകയോ പരിചയിക്കുകയോ ചെയ്തിട്ടില്ലാത്ത കവികള്‍, കലാകാരന്മാര്‍, ആദര്‍ശജീവിതം ജീവിക്കുന്നവരുടെ ചിന്തകള്‍ ഇതൊക്കെയായിരുന്നു. അത് ഏറെക്കുറെ സാര്‍വ്വജനീനമായിട്ടുള്ള സാഹിത്യകൃതികളോടും ആദ്ധ്യാത്മികമായ സാഹസികതയോടും ആയിരുന്നു എന്നുവേണം പറയാന്‍.

അങ്ങനെ രണ്ടുപ്രാവശ്യമേ വിവാഹം എന്ന നൂലാമാലയുടെ അകത്തുകൂടെ പോകാന്‍ ഇടയായിട്ടുള്ളൂ

വിവാഹം എന്ന ഒരു ആശയം എനിക്ക് ഒരിക്കലും നേരിട്ട് ബന്ധപ്പെടേണ്ടിവന്ന ഒരു വിഷയമല്ല. ഇരുപതുകളില്‍ ചോരത്തിളപ്പുള്ള ആശയങ്ങളോടു ബന്ധപ്പെട്ടുനിന്നിരുന്ന ഒരു സ്ത്രീയുടെ ഉള്ളില്‍ അവര്‍ക്ക് ഞാന്‍ കമനീയമായി തോന്നിയിരിക്കണം. അതില്‍ ആദ്യത്തേത് ഇരുപതുകളിലാണ്.

നമ്മുടെ നാടിന്റെ പാരമ്പര്യംകൊണ്ടും അംഗീകാരം ലഭിക്കാന്‍ പ്രയാസമായ പശ്ചാത്തലംകൊണ്ടും അങ്ങനെയുള്ള ഒരു വൈകാരികമായ വിചാരധാരയ്ക്ക് ഉള്ളില്‍ ഇടംകൊടുത്ത പെണ്‍കുട്ടിയുടെ വ്യസനം കണ്ടപ്പോള്‍ അത് ഒഴിവാക്കുന്നതിനുവേണ്ടി സന്യാസജീവിതത്തിന്റേയും തത്വചിന്തയുടെയും മഹനീയതയെപ്പറ്റി എഴുതിയ ഒരു പ്രബന്ധത്തില്‍ക്കൂടി ആദ്യത്തെ പ്രലോഭനം ഒഴിവാക്കുവാന്‍ കഴിഞ്ഞു. അതുകൊണ്ട് തത്സംബന്ധമായ കുറ്റബോധം ഉണ്ടാകുവാനോ വ്യസനം ഉണ്ടാകുവാനോ ഇടയായില്ല.

പിന്നെയും എന്റെ നാല്‍പ്പതുകളില്‍ ചില ഉദാത്ത മാനുഷികമൂല്യങ്ങളെപ്പറ്റി ഏറെ ചര്‍ച്ച ചെയ്യുവാന്‍ ഇടയായപ്പോള്‍ അതില്‍ ആകൃഷ്ടയായ ഒരു മഹതിക്ക് വൈകാരിക വിക്ഷോഭങ്ങള്‍ ഉളവാകുന്നതായി കണ്ടു. എന്നാല്‍, തന്റെ മനസ്സില്‍ ആണായാലും പെണ്ണായാലും എനിക്ക് ഉല്‍ക്കടമായ ഒരു പ്രേമഭാവം ആരോടും ഉണ്ടായിട്ടില്ല. അത് മനസ്സിലാക്കിക്കൊണ്ട് നടരാജഗുരു ഈ രണ്ടാമത്തെ ആപല്‍ക്കാരിയേയും കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്ത് ഒഴിവാക്കി.

അങ്ങനെ രണ്ടുപ്രാവശ്യമേ വിവാഹം എന്ന നൂലാമാലയുടെ അകത്തുകൂടെ പോകാന്‍ ഇടയായിട്ടുള്ളൂ. അതിലൊന്നും മനസ്സു വരാതിരുന്നത് ഇപ്പോഴും ഞാന്‍ മഹാഭാഗ്യമായി കരുതുന്നു.

രാഷ്ട്രീയ മണ്ഡലത്തില്‍ വളരെ വിരുദ്ധകോടികളില്‍ നില്‍ക്കുന്ന രണ്ടു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഴത്തിലുള്ള മൂല്യബോധങ്ങളോട് എനിക്ക് അര്‍പ്പണബുദ്ധി തോന്നിയിട്ടുണ്ട്
നിത്യചൈതന്യ യതി

നിത്യചൈതന്യ യതി - file

ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ ആത്മാവിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളായിരുന്നു. ഞാന്‍ വളരെ നേരത്തെതന്നെ ദേശാഭിമാനിയില്‍നിന്നും സമുദായാഭിമാനത്തില്‍നിന്നും മതാഭിമാനത്തില്‍നിന്നും വഴുതിപ്പോയിരുന്നു. എന്നിരുന്നാലും രാഷ്ട്രീയ മണ്ഡലത്തില്‍ വളരെ വിരുദ്ധകോടികളില്‍ നില്‍ക്കുന്ന രണ്ടു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഴത്തിലുള്ള മൂല്യബോധങ്ങളോട് എനിക്ക് അര്‍പ്പണബുദ്ധി തോന്നിയിട്ടുണ്ട്.

ലോകത്തുള്ള എല്ലാ സംസ്‌കാരങ്ങളെയും അടുത്തുചെന്ന് പരിചയിച്ചതില്‍നിന്നും ഇന്ത്യയ്ക്ക് തനതായിട്ടുള്ള ഭാരതീയത എന്നുപറയാവുന്ന ഒരു ദര്‍ശന ആഭിമുഖ്യം ഉള്ളതുപോലെ ആത്മാവിനെ ഹരിക്കുന്നതായ വേറെ ഒരു ചരിത്രപരമായ ജീവിതമൂല്യവും എങ്ങും എന്നെ ആകര്‍ഷിച്ചിട്ടില്ല.

ഗാന്ധിസവും മാര്‍ക്സിസവും ഒരുപോലെ കടുത്ത മുന്‍വിധിക്ക് ഇരയായി സത്യത്തെ വളച്ചൊടിക്കുകയും ചവിട്ടിത്തേയ്ക്കുകയും ചെയ്യുന്നു എന്നു ബോദ്ധ്യമായതോടെ രാഷ്ട്രീയപാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു

എന്റെ ഇന്ത്യ എന്നു ഞാന്‍ വിചാരിക്കുമ്പോള്‍ പുരൂരവസ്സും ഗൗതമബുദ്ധനും പിന്നെ കുറേക്കൂടി ആഴത്തില്‍ വേദോപനിഷത്തുകള്‍ മനസ്സിലാക്കിയപ്പോള്‍ കണ്ടെത്തിയ ഭാരതീയ ദര്‍ശനങ്ങളുടെ കലര്‍പ്പില്ലാത്ത സത്യാഭിവാഞ്ഛയും എനിക്ക് വിശ്വോത്തരമായി തോന്നിയിട്ടുണ്ട്. ഇന്ത്യയുടെ തനതായ ഒരു ആദ്ധ്യാത്മിക സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് ഏറെ കൊതിച്ചിരുന്നു. എന്നാല്‍, അത് സ്വന്തമെന്നതുപോലെ ഏറ്റെടുത്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ ഉപരിപ്ലവമായി ചിന്തിക്കുന്നവരും ജീവിതത്തില്‍ തീരെ ആഴമില്ലാത്തവരും ആണെന്ന് കണ്ടതോടെ ഭാരതീയത നിരാശ ഉളവാക്കുന്ന ഒരു അഭിമാനമായിത്തീര്‍ന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടി അത് ചെയ്തുതരും എന്ന് വ്യാമോഹിക്കാതെ ഞാന്‍ തന്നെ ഭാരതത്തിന്റെ മുഖ്യമായ സ്രോതസ്സുകളിലേക്ക് പൂര്‍ണ്ണമായി ആമഗ്‌നനായി ചൂഷിതരെ സംരക്ഷിക്കുന്നതിനും മനുഷ്യജീവിതത്തില്‍നിന്ന് ചൂഷണം ഒഴിവാക്കുന്നതിനും ചിന്തിച്ചിട്ടുള്ള സകലരോടും ആദ്യം മുതല്‍ക്കേ എനിക്ക് എന്തെന്നില്ലാത്ത ആകര്‍ഷണമാണ്. ചാള്‍സ് ഡിക്കന്‍സ്, തോമസ്പെയ്ന്‍, അഗസ്റ്റ് കോംപ്ടെ, കാറല്‍ മാര്‍ക്സ്, ഇംഗര്‍സോള്‍, ടോള്‍സ്റ്റോയ്, ദസ്തയേവ്സ്‌കി ഇവരൊക്കെ എനിക്ക് വഴികാട്ടികളായി തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയെക്കാളും സോഷ്യലിസത്തില്‍ക്കൂടി കമ്യൂണിസത്തിലേക്കു ലോകത്തെ നയിക്കുമെന്നു കരുതിയിരുന്ന ആദര്‍ശത്തെ പ്രത്യാശയോടെ നോക്കിനിന്നിട്ടുണ്ട്. എന്നാല്‍ മറ്റേതു രാഷ്ട്രീയപാര്‍ട്ടിയെപ്പോലെയും ഗാന്ധിസവും മാര്‍ക്സിസവും ഒരുപോലെ കടുത്ത മുന്‍വിധിക്ക് ഇരയായി സത്യത്തെ വളച്ചൊടിക്കുകയും ചവിട്ടിത്തേയ്ക്കുകയും ചെയ്യുന്നു എന്നു ബോദ്ധ്യമായതോടെ രാഷ്ട്രീയപാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

കേരള സാഹിത്യത്തില്‍ എനിക്ക് ആശാന്‍ മാത്രമേ കാമുകനായുള്ളു

കേരളത്തില്‍ പല പ്രദേശങ്ങളിലും നല്ല ജലാശയമുണ്ട്. അതില്‍ പലതിലും തൊണ്ടടിക്കാനുള്ള സന്നാഹങ്ങള്‍ ചെയ്തിരിക്കുന്നത് കാണാം. അങ്ങനെയുള്ള ജലാശയത്തില്‍ പ്രഭാതത്തില്‍ സൂര്യബിംബം കാണുകയും കായല്‍ക്കരയിലിരുന്ന് തവള കരയുന്നതും നോക്കി ധ്യാനത്തില്‍ നില്‍ക്കുന്ന കൊറ്റികളെ കാണുന്നതും ഒരു കവിഹൃദയത്തെ വേഗത്തില്‍ ആകര്‍ഷിക്കുന്നതാണ്. എന്നാല്‍, അടുത്തുചെന്നാല്‍ ചീഞ്ഞ തൊണ്ടിന്റെ നാറ്റവും വെള്ളത്തിലെ അട്ടകളും കൊറ്റികളുടെ ദുരാഗ്രഹവും കാണുമ്പോള്‍ കവിതയൊക്കെ ചളിവെള്ളത്തിന്റെ ഭാഗമായിത്തീരും.

അതുകൊണ്ട് ആദ്യമാദ്യം കവിഭാവനയെ ഒട്ടേറെ മാനിച്ചിരുന്ന എനിക്ക് അതൊരു സാമൂഹ്യരോഗത്തിന്റെ അപലക്ഷണമായിട്ടേ പിന്നീട് തോന്നിയിട്ടുള്ളു. ശുദ്ധമായ സാഹിത്യത്തിന്റെ അംശങ്ങള്‍ വാല്മീകി രാമായണത്തിലും കാളിദാസകൃതികളിലും പാശ്ചാത്യകവികളായ ഗൊയ്‌ഥെ, വേര്‍ഡ്‌സ്വര്‍ത്ത്, ബൈറണ്‍, ഹോര്‍ഡര്‍ ലീന്‍, റീല്‍ക്കെ, എമേഴ്സണ്‍, വാള്‍ട്ട് വിറ്റ്മാന്‍ ഇവരിലൊക്കെ കാണാന്‍ തുടങ്ങിയതിനുശേഷം കേരള സാഹിത്യത്തില്‍ എനിക്ക് ആശാന്‍ മാത്രമേ കാമുകനായുള്ളു.

ആചാരമര്യാദകള്‍ എന്നുപറയുന്നത് രോഗഗ്രസ്തമായ പിത്തലാട്ടത്തിന്റെ വേറൊരു പേരാണ്
നിത്യ ചൈതന്യ യതി മെല്‍ബണില്‍

നിത്യ ചൈതന്യ യതി മെല്‍ബണില്‍ - file

ബന്ധമുളവാക്കുന്ന സ്‌നേഹം സ്‌നേഹമല്ല. സ്‌നേഹസ്വാതന്ത്ര്യം എന്നു പറയുമ്പോഴേ എനിക്ക് അര്‍ത്ഥമുള്ളു. അതുകൊണ്ട് മൂക്കു ചീറ്റുകയും കണ്ണു നിറയ്ക്കുകയും ചെയ്യുന്ന സ്‌നേഹത്തിന്റെ അടുത്ത് ഞാന്‍ പോകാറില്ല. അവിടെയെല്ലാം അപസ്മാരരോഗത്തെ ഉളവാക്കുന്ന ചക്കയരക്കുപോലെ ഒട്ടുന്ന സ്‌ത്രൈണരോഗങ്ങളെ ഉള്ളൂ.

ആചാരമര്യാദകള്‍ എന്നുപറയുന്നത് രോഗഗ്രസ്തമായ പിത്തലാട്ടത്തിന്റെ വേറൊരു പേരാണ്.

ഒരാള്‍ക്ക് ഒരാളെയും വിദ്യ അഭ്യസിപ്പിക്കാന്‍ കഴിയുകയില്ല. മനുഷ്യവര്‍ഗത്തെ ആഴത്തില്‍ പതിച്ചിട്ടുള്ള ഒരു സാംസ്‌കാരിക പിത്തലാട്ടത്തെയാണ് വിദ്യാഭ്യാസം എന്നു കേള്‍ക്കുമ്പോള്‍ ഓര്‍ക്കേണ്ടിവരുന്നത്.

മനുഷ്യര്‍ ആവിഷ്‌കരിക്കുന്നത് കലയല്ല. കലാഭാസമാണ്. ആവിഷ്‌കരിക്കുവാന്‍ കഴിയാത്ത മാതിരി സ്വയമേ ഹൃദയത്തില്‍ വന്നു നിറയുന്ന ചില ആസ്വാദനങ്ങളുണ്ട്. അതുളവാക്കുന്ന പ്രാതിഭാസികതയാണ് സാധാരണനിലയില്‍ കലയെന്ന് തെറ്റിദ്ധരിക്കപ്പെട്ടുപോരുന്നത്. ചീഞ്ഞുനാറുന്ന മത്സ്യത്തില്‍ ഈച്ച വന്നുകൂടുന്നതുപോലെയാണ് സങ്കല്പത്തില്‍ കപടമായ ആരാധനകളുമായി ജനങ്ങള്‍ ചെന്നുകൂടി സ്വയം കലാകാരന്മാരാണെന്നു തെറ്റിദ്ധരിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

ജീവിതത്തോട് അതിന് എന്തെങ്കിലും ബന്ധമുണ്ടെന്നു എനിക്കു തോന്നിയിട്ടില്ല.

ജീവിതത്തില്‍ നമുക്ക് വേണമെങ്കിലും വേണ്ടെങ്കിലും അള്ളിപ്പിടിച്ചുഞെക്കുവാന്‍ ഒരു നിലങ്കാരി ചുമയെപ്പോലെയോ ഉണക്കച്ചൊറിപോലെയോ പൊറുക്കാത്ത എക്സിമോ പോലെയോ വന്നുകൂടാറുള്ള വിശ്വാസരോഗത്തെ വേണം മതം എന്നുപറയുവാന്‍. എത്ര സൂക്ഷിച്ചാലും അത് വന്ന് ആത്മാവില്‍ പറ്റും. ആത്മാവിനേക്കാളേറെ അതുകൊണ്ട് ചീഞ്ഞുപോകുന്നത് ശരീരമാണ്.

(ജീവിതം എന്നെ എന്തുപഠിപ്പിച്ചു എന്ന പംക്തിയിലേയ്ക്കു എഴുതിയ കുറിപ്പ്. സമ്പാദകന്‍: ടി.എന്‍. ജയചന്ദ്രന്‍)

Summary

"Ente India" is an essay by philosopher and social critic Nitya Chaitanya Yati, published in the May 21, 1999 issue of Malayalam Weekly shortly before his passing. The piece reflects on India's cultural, spiritual, and socio-political landscape, emphasizing harmony and universal love

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates