നീലമൈലാഞ്ചി

Premium
Ardhra,Malayalam poem
ആര്‍ദ്ര എഴുതിയ കവിത നീലമൈലാഞ്ചി|Malayalam poem ArdhraSource by : സമകാലിക മലയാളം വാരിക
Last Updated :21 December 2025, 2:38 am IST

News Now

മുന്നിലെ കാറിന്റെ

പിൻസീറ്റിൽനിന്ന്

വലിയ ചില്ലിലൂടെ

പുറത്തേക്ക് നോക്കുന്ന

നാലു കുഞ്ഞിക്കൈകൾ

പുതുമൈലാഞ്ചിപ്പൂക്കൾ

വിരിഞ്ഞ പൂച്ചെടിക്കൊമ്പുകൾ.

അവ വളർന്ന് ഞാനോട്ടുന്ന കാറിന്റെ

സ്റ്റിയറിങ്ങിൽ തൊടുന്നു.

വര

വര - സചീന്ദ്രന്‍ കാറഡുക്ക,സമകാലിക മലയാളം

അവരാണിപ്പോൾ അതോടിക്കുന്നത്.

ഞാനൊരു കപ്പലിനോട് ചേർത്ത് കെട്ടിയ

കൊച്ചുവഞ്ചിപോലെ

അലയിലും സ്വസ്ഥം

ചുഴിയിലും ഭദ്രം

നീങ്ങുന്നു.

പൂച്ചെടികൾ അണിഞ്ഞ

തിളങ്ങുന്ന നീലക്കുപ്പായക്കൈകൾ

എന്നെ തലോടി ഉലയുന്നു.

അവയുടെ മിനുസം

എന്റെ കവിളിൽ

നീല മൈലാഞ്ചി വരയുന്നു...

നഗരമൊരു മണൽപ്പരപ്പ്

ഒട്ടകമാലകൾപോലെ അവരും ഞാനും...

നഗരമൊരു പുൽമേട്

മാനുകളും പുലിയുംപോലെ

അവരും ഞാനും.

നഗരമൊരു നിറവയർ

നഗരമൊരു നിലാവാനം

നഗരമൊരു കൊടുങ്കാട്

നഗരമെന്റെ, അവരുടേയും

മൈലാഞ്ചിയിൽ തെളിയുന്ന

വള്ളിപ്പടർപ്പുകൾ..

പൊടുന്നനെ ഒരു ചുവന്ന വെളിച്ചം.

ഉപ്പയോടിക്കുന്ന അവരുടെ കാർ

അതുതാണ്ടി മുന്നോട്ട് കുതിക്കുന്നു.

പേടിച്ചരണ്ട കുഞ്ഞിക്കൈകൾ

പിടിവിട്ട എന്റെ വണ്ടി

ചലനമറ്റു നിൽക്കുന്നു.

നീലമൈലാഞ്ചി മണം മാത്ര

മെന്റെ കാറിൽ തങ്ങുന്നു.

Summary

Neela mylanchi Malayalam poem written by Ardhra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates