റെക്കോര്‍ഡുകള്‍ തിരുത്തിയ മത്സരം; ഏകദിനത്തില്‍ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് വീണു; നേട്ടം യുഎസ്എയ്ക്ക്

മത്സരത്തില്‍ യുഎസ്എ ഉയര്‍ത്തിയ 123 റണ്‍സ് പിന്തുടര്‍ന്ന ഒമാന്റേത് മോശം തുടക്കമായിരുന്നു

India's 40-year-old record in ODIs falls; USA takes the win
യുഎസ്എ ടീം Source by : എക്‌സ്
Last Updated :19 February 2025, 11:40 am IST

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യുഎസ്എ. ഐസിസി പുരുഷ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2 ല്‍ ഒമാനെതിരെ നടന്ന മത്സരത്തിലാണ് ടീമിന്റെ നേട്ടം. ആദ്യം ബാറ്റ് ചെയ്ത് കുറഞ്ഞ സ്കോര്‍ നേടിയിട്ടും വിജയം പിടിച്ചെടുത്തെന്ന ഇന്ത്യയുടെ റെക്കോര്‍ഡാണ് യുഎസ്എ സ്വന്തമാക്കിയത്.

ആദ്യ ഇന്നിംഗ്‌സില്‍ യുഎസ്എയ്ക്ക് 122 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. പുറത്താകാതെ 47 റണ്‍സ് നേടിയ മിലിന്ദ് കുമാറാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍. ആരോണ്‍ ജോണ്‍സും സഞ്ജയ് കൃഷ്ണമൂര്‍ത്തിയും 16 റണ്‍സ് വീതം നേടി. ഒമാനുവേണ്ടി ഷക്കീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

മത്സരത്തില്‍ യുഎസ്എ ഉയര്‍ത്തിയ 123 റണ്‍സ് പിന്തുടര്‍ന്ന ഒമാന്റേത് മോശം തുടക്കമായിരുന്നു. ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് ഏഴ് റണ്‍സിന് പുറത്തായപ്പോള്‍ ഓപ്പണിങ് താരം അഞ്ച് റണ്‍സ് നേടി മടങ്ങി. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ഹമ്മദ് മിര്‍സ 29 റണ്‍സ് നേടി, രണ്ടക്കം പിന്നിട്ട ഏക ഒമാന്‍ താരവും ഹമ്മദ് മിര്‍സയായിരുന്നു. വിക്കറ്റുകള്‍ പെട്ടെന്ന് വീണതോടെ 65 റണ്‍സില്‍ ഒമാന്‍ ഓള്‍ ഔട്ടായി.

അതേസമയം, യുഎസ്എയുടെ വിജയം ഏകദിന ക്രിക്കറ്റിലെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു. 1985ല്‍ റോത്ത്മാന്‍സ് ഫോര്‍നേഷന്‍സ് കപ്പില്‍ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 125 റണ്‍സ് നേടി വിജയിച്ചപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടി ജയം പിടിച്ചെടുത്ത ടീമെന്ന റെക്കോര്‍ഡ് ഇന്ത്യ സ്വന്തമാക്കി. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിനാണ് വിജയിച്ചത്.

യുഎസ്എ - ഒമാന്‍ മത്സരം പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന മത്സരമായും മാറി. ഫീല്‍ഡിങ്ങിനിറങ്ങിയ ഒമ്പത് ബൗളര്‍മാരും സ്പിന്നര്‍മാരായിരുന്നു. പുരുഷ ഏകദിനങ്ങളില്‍ ഒരു ഫാസ്റ്റ് ബൗളര്‍ പോലും പന്ത് എറിയാത്തത് ഇതാദ്യമാണ്.

മത്സരത്തില്‍ ആകെ 187 റണ്‍സാണ് പിറന്നത്. ഇരു ടീമുകളും ഓള്‍ ഔട്ടായ ഒരു ഏകദിനത്തിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മത്സരത്തില്‍ ആകെ വീണ 19 വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് വീഴ്ത്തിയത്, ഇങ്ങനെ സംഭവിക്കുന്ന രണ്ടാമത്തെ മത്സരമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now