'ടൈമിങ്ങാണ് പ്രധാനം'; വിരമിക്കല്‍ പ്രഖ്യാപിച്ച് രഹാനെ, കളമൊഴിഞ്ഞത് ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റര്‍

85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും ഇന്ത്യക്കായി പാഡണിഞ്ഞു

rahane
അജിങ്ക്യ രഹാനെBCCI
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :30 ജൂലൈ 2026, 11:29 am IST

ന്യൂഡല്‍ഹി: വെറ്ററന്‍ താരം അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ടിലേറെ നീണ്ട തിളക്കമാര്‍ന്ന കരിയറിനാണ് തിരശ്ശീല വീണത്. ഇന്ത്യക്കായി 85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും 20 ടി20 മത്സരങ്ങളിലും കളിച്ച രഹാനെ, മൂന്ന് ഫോര്‍മാറ്റുകളിലുമായി 8,000ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. മികച്ച ബാറ്റിങ് ടെക്‌നിക്, ശാന്തമായ പെരുമാറ്റം, വിദേശ പിച്ചുകളിലെ മികച്ച പ്രകടനം എന്നിവയാല്‍ ശ്രദ്ധേയനായ താരമാണ്.

2023ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് രഹാനെ അവസാനമായി ടെസ്റ്റ് കളിച്ചത്. 2018ല്‍ അവസാന ഏകദിനവും 2016ല്‍ അവസാന ടി20യും ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായാണ് താരം കളിക്കുന്നത്. ദീര്‍ഘകാലമായി ഐപിഎല്ലിലും പാഡണിയുന്ന രഹാനെ, കഴിഞ്ഞ രണ്ട് സീസണുകളിലായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴിസിന്റെ ക്യാപ്റ്റനാണ്. ഇന്‍സ്റ്റഗ്രാമില്‍ Cap 278 signing off എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോയിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

'എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ടെന്നതാണ് ജീവിതത്തിന്റെ യാഥാര്‍ഥ്യം. സമയം വരുമ്പോള്‍, നമ്മള്‍ അതിനെ മാനിക്കുകയും മുന്നോട്ട് പോകുകയും വേണം. ബാറ്റിങ്ങില്‍ ഞാന്‍ എപ്പോഴും ടൈമിങ്ങിനെയാണ് ആശ്രയിച്ചിട്ടുള്ളത്, അതിന്റെ പ്രാധാന്യം ഞാന്‍ എപ്പോഴും മനസ്സിലാക്കിയിട്ടുമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ അനുയോജ്യമായ സമയമാണിതെന്ന് ഞാന്‍ കരുതുന്നു' -രഹാനെ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ 12 സെഞ്ചുറികൾ ഉൾപ്പെടെ 5,077 റൺസ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം രണ്ട് സീസണുകളിൽ രഞ്ജി ട്രോഫി കളിച്ചെങ്കിലും വീണ്ടും ടീമിലേക്ക് പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

2020-21ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ പ്രകടനം രഹാനെയുടെ കരിയറിലെ വലിയ നിമിഷങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. പ്രമുഖ താരങ്ങള്‍ പരിക്കേറ്റ് പുറത്തായ ആ പരമ്പരയില്‍, മെല്‍ബണില്‍ നേടിയ അവിസ്മരണീയ സെഞ്ച്വറിയുടെ കരുത്തില്‍, ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിക്കാന്‍ രഹാനെക്ക് സാധിച്ചു. ബാറ്റിങ്ങിന് പുറമേ സ് ലിപ്പിലെ മികച്ച ക്യാച്ചുകളിലൂടെയും ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

News Now

Summary

'Cap 278 signing off': Ajinkya Rahane retires from international cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates