'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്'... അല്ല, 'ജീനിയസ്, ജീനിയസ്, ജീനിയസ്!'

അഞ്ചാം ടെസ്റ്റില്‍ അതിവേഗ അർധ സെഞ്ച്വറിയടിച്ച് ഋഷഭ് പന്ത്

Rishabh Pant's ridiculous blitzkrieg
ഋഷഭ് പന്തിന്റെ ബാറ്റിങ്Source by : എക്സ്
Last Updated :4 January 2025, 4:55 pm IST

സിഡ്‌നി: സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്... ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ ഋഷഭ് പന്തിന്റെ കളിയെ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ കമന്ററി ബോക്‌സിലിരുന്നു വിശേഷിപ്പിച്ച വാക്കുകളാണ് മുകളില്‍ പറഞ്ഞത്. അതേ പന്തിനെ ഇപ്പോള്‍ ആരാധകര്‍ ഒറ്റ സ്വരത്തില്‍ വിശേഷിപ്പിക്കുന്നത് ജീനിയസ്, ജീനിയസ്, ജീനിയസ് എന്നാണ്.

ഓസീസിനെതിരായ അഞ്ചാം ടെസ്റ്റില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പന്ത് പക്ഷേ അഴിഞ്ഞാടുകയായിരുന്നു. വെറും 29 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പിന്നിട്ടു. ഒന്നാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍ 40 റണ്‍സെടുത്ത പന്തായിരുന്നു. രണ്ടാം ഇന്നിങ്‌സിലാണ് താരം നിര്‍ണായക അര്‍ധ സെഞ്ച്വറിയുമായി കളം വാണത്. 33 പന്തില്‍ 4 സിക്‌സും 6 ഫോറും സഹിതം പന്ത് 61 റണ്‍സുമായാണ് കളം വിട്ടത്.

മത്സരത്തില്‍ താരത്തിന്റെ സാഹസികത നിറഞ്ഞ ചില ഷോട്ടുകളുടെ ചിത്രങ്ങള്‍ പങ്കിട്ടാണ് ആരാധകര്‍ പന്തിനെ പുകഴ്ത്തുന്നത്. 27 കോടിയ്ക്ക് ഇത്തവണ പന്തിനെ ടീമിലെത്തിച്ച ഐപിഎല്‍ ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ജീനിയസ്, ജീനിയസ്, ജീനിയസ് എന്ന ക്യാപ്ഷനോടെ താരത്തിന്റെ വിവിധ ബാറ്റിങ് പൊസിഷനുകളുടെ ചിത്രം പങ്കിട്ടു. ചിലപ്പോള്‍ ധൈര്യശാലിയായി പെരുമാറുന്നതും വിലപ്പെട്ടതാണെന്ന കുറിപ്പും ടീം ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now