ഓസ്‌ട്രേലിയക്ക് 125 റണ്‍സ് ലീഡ്

Australia Women vs India Women
Australia Women vs India WomenSource by : x
Last Updated :7 March 2026, 5:47 pm IST

News Now

പെര്‍ത്ത്: ഓസ്ട്രേലിയ വനിതാ ടീമിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച. 125 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 198 റണ്‍സില്‍ അവസാനിപ്പിച്ച ഓസീസ് 323 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.

31 റണ്‍സുമായി പ്രതിക റാവലും 2 റണ്‍സുമായി ദീപ്തി ശര്‍മയുമാണ് ക്രീസില്‍. സ്മൃതി മന്ധാന (2), ഷെഫാലി വര്‍മ (5), ജെമിമ റോഡ്രിഗ്‌സ് (14), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി.

അന്നബെല്‍ സതര്‍ലാന്‍ഡ് നേടിയ സെഞ്ച്വറി ബലത്തിലാണ് ഓസീസ് വനിതകള്‍ മികച്ച സ്‌കോറിലെത്തിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് അവര്‍ രണ്ടാം ദിനം തുടങ്ങിയത്. അന്നബെല്‍ 171 പന്തില്‍ 129 റണ്‍സെടുത്തു മടങ്ങി. താരം 17 ഫോറുകള്‍ തൂക്കി. അന്നബെലിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. നേരത്തെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ താരം 4 വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങിലും വെല്ലുവിളി തീര്‍ത്തിരുന്നു. പിന്നാലെയാണ് സെഞ്ച്വറിത്തിളക്കം.

76 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ഓസീസ് നിരയില്‍ തിളങ്ങിയ മറ്റൊരു താരം. ഓപ്പണര്‍മാരെ വേഗം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തെത്തിയ എല്ലിസ് പെറിയും അഞ്ചാമതായി ക്രീസിലെത്തിയ അന്നബെല്‍ സതര്‍ലാന്‍ഡും ചേര്‍ന്നാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ഇന്ത്യക്കായി സയാലി സത്ഗിരെ, ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ 2 വിക്കറ്റെടുത്തു. സ്നേഹ് റാണ, ഷെഫാലി വര്‍മ ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡ്, കഷ്വി ഗൗതം, പ്രതിക റാവല്‍, സയാലി സത്ഗിരെ എന്നിവര്‍ വനിതാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു.

ജെമിമ റോഡ്രിഗ്സാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി. ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി.

ഓസ്ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്‍ടന്‍ 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്ലി ഗാര്‍ഡ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Summary

Australia Women vs India Women Pink ball Test

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates