റിസ്‌വാനും കരകയറ്റാനായില്ല, പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്; ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം

ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി നാലു ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കുന്നത്

Bangladesh Team
Bangladesh Teamഎക്സ്
Edited by :jayakumarna
Last Updated :20 മേയ് 2026, 4:42 pm IST

ധാക്ക: ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാനെതിരെ സമ്പൂര്‍ണ്ണ വിജയം നേടി ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റില്‍ 78 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര 2-0 നാണ് ബംഗ്ലാദേശ് വിജയിച്ചത്.

സ്വന്തം മണ്ണില്‍ പാകിസ്ഥാനെതിരെ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയം കൂടിയാണ് ബംഗ്ലാദേശ് കരസ്ഥമാക്കിയത്. 437 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 358ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 34.2 ഓവറില്‍ 120 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ബംഗ്ലാ സ്പിന്നര്‍ തൈജുല്‍ ഇസ്‌ലാമാണ് പാക് പ്രതീക്ഷകള്‍ തകര്‍ത്തത്.

രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്‌വാന്‍, ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, സല്‍മാന്‍ ആഗ എന്നിവര്‍ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. റിസ്‌വാന്‍ 166 പന്തില്‍ 94 റണ്‍സെടുത്തു. ഷാന്‍ മസൂദും, സല്‍മാന്‍ ആഗയും 71 റണ്‍സ് വീതം നേടി. അഞ്ചാം ദിനം മൂന്നു വിക്കറ്റുകള്‍ മാത്രം കയ്യിലിരിക്കെ ജയിക്കാന്‍ 121 റണ്‍സ് കൂടിയാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്.

ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി നാലു ടെസ്റ്റ് മത്സരങ്ങള്‍ അവര്‍ വിജയിക്കുന്നത്. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെയും ബംഗ്ലദേശ് 2-0ന് പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലദേശിന്റെ രണ്ടാം ഇന്നിങ്‌സില്‍ മുഷ്ഫിഖര്‍ റഹീം സെഞ്ചറി നേടിയിരുന്നു. മുഷ്ഫിഖര്‍ 137 റണ്‍സാണ് അടിച്ചത്. ഓപ്പണര്‍ മഹ്മുദുല്‍ ഹസന്‍ ജോയ് ( 52), ലിറ്റന്‍ ദാസ് ( 69) എന്നിവര്‍ അര്‍ധ സെഞ്ച്വറികളും നേടി. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലദേശ് 390 റണ്‍സാണ് നേടിയത്.

News Now

Summary

Bangladesh defeat Pakistan; win Test series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates