ഗോൾ, പ്രാർഥന, കണ്ണീർ...നെഞ്ചുലഞ്ഞ പോരാളിക്ക് എഴുന്നേറ്റു നിന്ന് നിറ കൈയടികളോടെ ആദരം!
വ്യക്തിപരമായ തീരാനഷ്ടത്തിന്റെ ദുരന്തത്തിനിടെയിലും രാജ്യത്തിനായി കളിക്കാനിറങ്ങി ഗോളടിച്ച് കോഡ് ഗാക്പോ

ഗ്വാഡലൂപ്: 72ാം മിനിറ്റിൽ ആ ഗോൾ വലയിലായതിന് തൊട്ടുപിന്നാലെ കോഡി ഗാക്‌പോ മൈതാനത്ത് മുട്ടുകുത്തിയിരുന്നു. സഹതാരങ്ങൾ ആഹ്ലാദത്തോടെ അദ്ദേഹത്തിന് ചുറ്റും ഓടിക്കൂടിയപ്പോൾ, വിങ്ങിപ്പൊട്ടിയ ആ 27 കാരൻ തന്റെ മുഖം കൈകൾ കൊണ്ട് മറച്ചുപിടിച്ചു. പിന്നീട് ആകാശത്തേക്ക് വിരൽ ചൂണ്ടി അദ്ദേഹം പ്രാർഥിച്ചു.
ഈ ലോകകപ്പിൽ ഗാക്‌പോ നേടുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്. ചൊവ്വാഴ്ച നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മൊറോക്കോയോട് പരാജയപ്പെട്ട് നെതർലൻഡ്‌സ് പുറത്തായ മത്സരത്തിലെ ടീമിനു ലീഡ് സമ്മാനിച്ച ഗോൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു ഗോളിലുപരി കടുത്ത വൈകാരിക നിമിഷങ്ങളുടേതായിരുന്നു.
കളിക്കളത്തിന് പുറത്തെ കടുത്ത ആഘാതം
കഴിഞ്ഞ ശനിയാഴ്ചയാണ് ഗാക്‌പോയും അദ്ദേഹത്തിന്റെ പങ്കാളിയും മോഡലുമായ നോവ വാൻ ഡെർ ബേയും തങ്ങളുടെ ഗർഭസ്ഥ ശിശുവിന്റെ വിയോഗ വാർത്ത ലോകത്തെ അറിയിച്ചത്. ഒക്ടോബറിൽ കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത മരണം. നോവയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. തുന്നിയ തൊപ്പിയും ചെറു കമ്പിളിയുടെ മേൽ ഇരുവരുടെയും കൈകളുമുള്ള ചിത്രം പങ്കുവച്ചാണ് സങ്കട വാർത്ത നോവ വെളിപ്പെടുത്തിയത്. ഇരുവരുടെയും മൂത്ത കുട്ടി സാമുവലിന് 2 വയസുണ്ട്.
കടുത്ത മാനസിക വിഷമത്തിലൂടെ കടന്നു പോയിട്ടും ടൂർണമെന്റിൽ തന്റെ രാജ്യത്തിനായി കളി തുടരാൻ തന്നെയായിരുന്നു ഗാക്‌പോയുടെ തീരുമാനം. ഓറഞ്ച് പടയ്ക്കായി ഗാക്‌പോ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. മൊറോക്കോയ്ക്കെതിരായ പോരാട്ടത്തിലും മികവ് ആവർത്തിച്ചു. മത്സരത്തിൽ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഡച്ച് സംഘം കളിയിൽ മുൻതൂക്കം നേടാൻ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് താരം 72ാം മിനിറ്റിൽ വല ചലിപ്പിച്ചത്.
ഹൃദയം നിറഞ്ഞ പിന്തുണ
കഠിനമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പം നിൽക്കാൻ സഹ താരങ്ങളും മറന്നില്ല.
'ഇങ്ങനെയൊരു സമയത്ത് നിനക്ക് എന്താണ് വേണ്ടത്? എന്ന് ചോദിച്ചു കൂടെ നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇത് കേൾക്കാൻ പോലും പാടില്ലാത്ത അത്രയും വേദനാജനകമായ വാർത്തയാണ്. ഫുട്ബോൾ എന്നത് ജീവിതത്തിൽ രണ്ടാമത് മാത്രമാണെന്നും അതിനേക്കാൾ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു'- നെതർലൻഡ്‌സ് ക്യാപ്റ്റൻ വിർജിൽ വാൻഡെയ്ക്.
'അദ്ദേഹം ഈ സാഹചര്യത്തെ വളരെ പക്വതയോടെയാണ് നേരിട്ടതെന്ന് ഞാൻ കരുതുന്നു. സ്‌ക്വാഡ് വിട്ട് നാട്ടിലേക്ക് മടങ്ങണം എന്ന് അദ്ദേഹം ഒരുവട്ടം പോലും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മാനസിക പക്വതയും ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള കഴിവും തന്നെയാണ് ഇത് കാണിക്കുന്നത്'- നെതർലൻഡ്‌സ് മുഖ്യ പരിശീലകൻ റൊണാൾഡ് കൂമാൻ.
എഴുന്നേറ്റു നിന്ന് ആദരവ്
മത്സരത്തിന്റെ 113ാം മിനിറ്റിൽ ഗാക്‌പോയ്ക്ക് പകരക്കാരനായി ജസ്റ്റിൻ ക്ലൈവർട്ട് കളത്തിലിറങ്ങി. ഗാക്പോ മൈതാനം വിട്ട് പുറത്തേക്ക് നടന്നപ്പോൾ ഗോൾപോസ്റ്റിന് പിന്നിലിരുന്ന നെതർലൻഡ്‌സ് ആരാധകർ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് അദ്ദേഹത്തെ യാത്രയാക്കിയത്. ഗാക്‌പോ ഡഗ്ഔട്ടിലേക്ക് നടക്കുന്തോറും ആ കൈയടിയുടെ ശബ്ദം സ്റ്റേഡിയമാകെ മുഴങ്ങി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിലൂടെ കടന്നു പോകുമ്പോഴും ടീമിനായി സർവതും സമർപ്പിച്ച ആ പോരാളിയോടുള്ള ആരാധകരുടെ ഹൃദയം നിറഞ്ഞ ആദരവായിരുന്നു ആ നിറഞ്ഞ കൈയടികൾ.
WHAT TO READ NEXT

മെസിക്ക് രണ്ടാം റാങ്ക്, റൊണാൾഡോ 79ൽ! അപ്പോൾ ഒന്നാം റാങ്കോ?
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
After scoring in the 72nd minute, Cody Gakpo immediately sank to his knees. the 27-year-old forward covered his face while weeping, later pointing to the sky and appearing to pray
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






