റൗണ്ട് ഓഫ് 32ൽ ഇം​ഗ്ലണ്ടിനോട് തോറ്റ് കോം​ഗോ പുറത്ത്

Congo head coach Sebastien Desabre reacts during the World Cup round of 32 soccer match between England and Congo
Congo head coach Sebastien DesabreSource by : ap
Last Updated :2 July 2026, 11:49 am IST

News Now

അറ്റ്ലാന്റ: ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്നു പുറത്തായതിനു പിന്നാലെ കോം​ഗോ പരിശീലകൻ സെബാസ്റ്റ്യൻ ഡിസാബ്രെയ്ക്കു കേൾക്കേണ്ടി വന്നത് മറ്റൊരു ദുരന്ത വാർത്ത. തോൽവിയുടെ നിരാശയ്ക്കൊപ്പം അദ്ദേഹത്തിന്റെ അച്ഛന്റെ മരണ വാർത്തയാണ് കോം​ഗോ പരിശീലകനെ കാത്തിരുന്നത്. ടീമിന്റെ വാർത്താ സമ്മേളനത്തിനിടെയാണ് വിയോ​ഗ വാർത്ത അദ്ദേഹം അറ‍ിഞ്ഞത്.

മൈതാനത്ത് ഇംഗ്ലണ്ടിനെതിരെ കടുത്ത പോരാട്ടത്തിൽ മുഴുകിയിരുന്നതിനാൽ പുറംലോകത്ത് നടക്കാൻ പോകുന്ന വലിയൊരു ദുരന്തത്തെക്കുറിച്ച് ‍‍ഡിസാബ്രെ കരുതിയിട്ടുണ്ടാകില്ല. വാർത്താസമ്മേളനം പുരോഗമിക്കുന്നതിനിടയിലാണ് ടീമിൻ്റെ പ്രസ് ഓഫീസർ അദ്ദേഹത്തെ പിതാവിന്റെ മരണ വാർത്ത അറിയിക്കുന്നത്.

വാർത്ത കേട്ട നിമിഷം ഡിസാബ്രെയുടെ മുഖത്തുണ്ടായ ഭാവവ്യത്യാസം അവിടെയുണ്ടായിരുന്ന എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. എങ്കിലും, ആ കടുത്ത ദുഃഖത്തിലും തൻ്റെ വികാരങ്ങൾ നിയന്ത്രിച്ചു നിർത്തിയ അദ്ദേഹം, വാർത്താസമ്മേളനം അവസാനിപ്പിക്കുന്നതിന് മുൻപ് അവിടെയുണ്ടായിരുന്ന എല്ലാവർക്കും നന്ദി പറയാൻ മറന്നില്ല.

ഇം​ഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തിന്റെ 75ാം മിനിറ്റ് വരെ 1-0 എന്ന സ്കോറിന് ലീഡ് നിലനിർത്തി കോംഗോ വിജയമുറപ്പിച്ചതായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ സമനില ഗോളും, തുടർന്ന് 86ാം മിനിറ്റിൽ അദ്ദേഹം തന്നെ നേടിയ വിജയ ഗോളും കോംഗോയുടെ കിനാവുകൾ തകർത്തു. ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തി മുന്നേറിയ കോംഗോയുടെ സ്വപ്നതുല്യ കുതിപ്പിന് ഇം​ഗ്ലണ്ട് അന്ത്യം കുറിച്ചെങ്കിലും അവർ കളിച്ച ഫുട്ബോൾ ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു.

ഡിസാബ്രെ വിപ്ലവം

കഴിഞ്ഞ 4 വർഷമായി കോം​ഗോ ടീമിനെ പരിശീലിപ്പിക്കുന്നത് ഫ്രഞ്ച് കോച്ചായ ഡിസാബ്രെയാണ്. ഈ ലോകകപ്പിലെ അവരുടെ ഐതിഹാസി​ക യാത്ര കണ്ണീരോടെ അവസാനിച്ചെങ്കിലും, കോംഗോ ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത നേട്ടങ്ങൾ സമ്മാനിച്ചാണ് സെബാസ്റ്റ്യൻ ‍‍ഡിസാബ്രെയും സംഘവും മടങ്ങുന്നത്.

1974ന് ശേഷം ആദ്യമായാണ് കോംഗോ ലോകകപ്പ് വേദിയിലെത്തിയത്. ഇത്തവണ അവർ ആദ്യ ലോകകപ്പ് ഗോളുകൾ നേടി. ആദ്യ ലോകകപ്പ് വിജയം രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പിൻ്റെ നോക്കൗട്ട് സ്റ്റേജിലേക്ക് യോഗ്യത സ്വന്തമാക്കി. മനോഹര ഫുട്ബോൾ കളിച്ച് മനം കീഴടക്കിയാണ് കോം​ഗോ മടങ്ങുന്നത്. കളി മിടുക്കു കൊണ്ടും പോരാട്ടവീര്യം കൊണ്ടും ആരാധകരുടെ മനസിലേക്ക് കോം​ഗോളീസ് ഫുട്ബോളിനെ കൊരുത്തിടാൻ സാധിച്ചെന്ന അഭിമാനത്തോടെ സെബാസ്റ്റ്യാൻ ഡിസാബ്രെയും തലയുയർത്തി നിൽക്കുന്നു.

Summary

DR Congo coach Sebastien Desabre was at the post-match press conference when he was informed of his father's death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates