രാജകീയ ജയവുമായി ഇംഗ്ലണ്ട്; മനംകവര്‍ന്ന് കോംഗോ മടങ്ങി; പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോ എതിരാളികള്‍

ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ രണ്ടുഗോളുകള്‍ നേടി. സ്‌പെംഗയാണ് കോംഗോയ്ക്കായി ഗോള്‍ നേടിയത്.

hari kane
ഹാരി കെയ്ന്‍
Edited by :Sujith
Last Updated :2 ജൂലൈ 2026, 7:05 am IST

അറ്റ്‌ലാന്റ: ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടുഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലണ്ടിന്റെ രാജകീയ തിരിച്ചുവരവ്. ഡിആര്‍ കോംഗോയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീ ക്വര്‍ട്ടറില്‍. കുഞ്ഞന്‍ ടീമുകളുടെ അട്ടിമറിക്കഥ തുടരുമെന്ന്് ആദ്യപകുതിയില്‍ തോന്നിച്ചെങ്കിലും ഇടവേളയ്ക്ക് ശേഷം രണ്ടുഗോളുകള്‍ തിരിച്ചടിച്ചാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ രണ്ടുഗോളുകള്‍ നേടി. സ്‌പെംഗയാണ് കോംഗോയ്ക്കായി ഗോള്‍ നേടിയത്. മെക്‌സിക്കോയാണ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മത്സരത്തിന്റെ തുടക്കം മുതല്‍ കോംഗോ ആക്രമണം ആരംഭിച്ചു. കളിയുടെ ഏഴാംമിനിറ്റില്‍ കോംഗോ ലക്ഷ്യം കണ്ടു. പ്രതിരോധനിരക്കാരന്‍ എംബെബ മൈതാനത്തെ രണ്ടായി മുറിച്ച് നല്‍കിയ ക്രോസ് പിഴവൊന്നുമില്ലാതെ സ്‌പെംഗെ ലക്ഷ്യത്തിലെത്തിച്ചു.ഗോള്‍ അടിച്ച ശേഷവും മുന്നേറ്റം തുടര്‍ന്നതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഇംഗ്ലണ്ടിന്റെ ബോക്‌സില്‍ സ്‌പെംഗെ നിരന്തര ഭീഷണി ഉയര്‍ത്തി. ആദ്യപകുതിയില്‍ ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെ കൃത്യമായ പ്രതിരോധിച്ച കോംഗോ അവസരം ലഭിച്ചപ്പോഴെല്ലാം പ്രത്യാക്രമണങ്ങള്‍ നടത്തി.

ആദ്യപകുതിയില്‍ ഗോള്‍ എന്നുറപ്പിച്ച ഹെഡര്‍ കോംഗോ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. അതിനിടെ ഇംഗ്ലണ്ട് കോച്ച് റാഷ്ഫഡിനെയും മദുവേക്കെയെയും പിന്‍വലിച്ച് ഗോര്‍ഡനെയും സാക്കയെയയും ഇറക്കി. രണ്ടാം പകുതിയിലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ട് സമനില പിടിച്ചു. ഹാരി കെയ്ന്‍ ഹെഡറിലൂടെ മനോഹരമായ ഗോള്‍ നേടി. 86ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് പൂര്‍ത്തിയായി. ബോക്‌സിന് മുന്നിലൂടെ പന്തുമായി മുന്നേറിയ ഗോര്‍ഡന്‍ പന്ത് കെയ്‌നിനു നല്‍കി. കെയ്‌നിന്റെ കരുത്തുറ്റ ഷോട്ട് വലയില്‍. അവസാനമിനിറ്റില്‍ കോംഗോയ്ക്ക് ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഈ ലോകകപ്പില്‍ ഹാരി കെയ്‌നിന്റെ ആകെ ഗോള്‍ നേട്ടം അഞ്ച് ആയി.

News Now