സിക്‌സടിച്ച് ജയം ഉറപ്പിച്ച് സഞ്ജു; ടോപ് സ്‌കോറര്‍; ഇന്ത്യക്ക് പരമ്പര

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് ടീമിന്റെ ടോപ് സ്‌കോറര്‍

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:05 am IST

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയം പിടിച്ച് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം പോരാട്ടത്തില്‍ 162 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് കണ്ടെത്തിയാണ് വിജയവും പരമ്പരയും ഉറപ്പിച്ചത്. 

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് ടീമിന്റെ ടോപ് സ്‌കോറര്‍. നാല് സിക്‌സും മൂന്ന് ഫോറും സഹിതമാണ് സഞ്ജുവിന്റെ കിടിലന്‍ ബാറ്റിങ്. 39 പന്തില്‍ 43 റണ്‍സുമായി മലയാളി താരം പുറത്താകാതെ നിന്നു. സഞ്ജുവിനൊപ്പം അക്ഷര്‍ പട്ടേല്‍ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. 

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് നഷ്ടമായി. താരം ഒരു റണ്‍ മാത്രമാണ് എടുത്തത്. 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കഴിഞ്ഞ മത്സരത്തിലെ വിജയ ശില്‍പ്പികളായ ധവാന്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഒന്നിച്ചു. ഇരുവരും സ്‌കോര്‍ മുന്നോട്ടു നീക്കി. എന്നാല്‍ 47ല്‍ എത്തിയപ്പോള്‍ ധവാനും മടങ്ങി. 21 പന്തില്‍ 33 റണ്‍സാണ് ധവാന്‍ കണ്ടെത്തിയത്. 

പിന്നീട് ഇഷാന്‍ കിഷനാണ് വന്നത്. താരത്തിന് അധികം ആയുസുണ്ടായില്ല. ആറ് റണ്‍സ് മാത്രമാണ് ഇഷാന് നേടാന്‍ സാധിച്ചത്. അധികം വൈകാതെ ഗില്ലും മടങ്ങി. 34 പന്തില്‍ 33 റണ്‍സാണ് ഗില്‍ എടുത്തത്. 

ദീപക് ഹൂഡ- സഞ്ജു സഖ്യം കൂടുതല്‍ നഷ്ടങ്ങളിലാതെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും സ്‌കോര്‍ 153ല്‍ നില്‍ക്കെ ഹൂഡയും പുറത്തായി. താരം 25 റണ്‍സാണ് എടുത്തത്. പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സഞ്ജുവിനൊപ്പം വിജയം പൂര്‍ത്തിയാക്കി. 

നേരത്തെ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ സിംബാബ്‌വെയുടെ പോരാട്ടം 38.1 ഓവറില്‍ 161 റണ്‍സില്‍ അവസാനിച്ചു. 42 റണ്‍സെടുത്ത സീന്‍ വില്യംസാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് കാര്യങ്ങള്‍ എളുപ്പമായില്ല. ഓപ്പണിങ് വിക്കറ്റില്‍ തകുട്‌സ്വാനാഷെ കൈറ്റാനോയും ഇന്നസെന്റ് കൈയും ചേര്‍ന്ന് 20 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ട് ഓവര്‍ വരെ ഇരുവരും ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ചു. എന്നാല്‍ ഒന്‍പതാം ഓവര്‍ ചെയ്ത മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. കൈറ്റാനോയെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈയിലെത്തിച്ച് സിറാജ് സിംബാബ്‌വെയുടെ ആദ്യ വിക്കറ്റ് നേടി. ഏഴ് റണ്‍സെടുത്ത കൈറ്റാനോയെ മികച്ച ക്യാച്ചിലൂടെ സഞ്ജു മടക്കുകയായിരുന്നു. 

ദീപക് ചഹറിന് പകരം ടീമിലെത്തിയ ശാര്‍ദുല്‍ ഠാക്കൂറാണ് പിന്നീട് ആതിഥേയരെ വെള്ളംകുടിപ്പിച്ചത്. മറ്റൊരു ഓപ്പണറായ ഇന്നസെന്റ് കൈയെ സഞ്ജുവിന്റെ കൈയില്‍ത്തന്നെ എത്തിച്ചു. 16 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 

കഴിഞ്ഞ മത്സരത്തില്‍ നന്നായി ബാറ്റു വീശിയ സിംബാബ്‌വെ നായകന്‍ റെഗിസ് ചക്കാബ്വയെയും ശാര്‍ദുല്‍ മടക്കിയതോടെ സിംബാബ്‌വെ പരുങ്ങി. രണ്ട് റണ്‍സാണ് നായകന്റെ സമ്പാദ്യം. പിന്നാലെ രണ്ട് റണ്‍സെടുത്ത വെസ്ലി മധേവെറെയേ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും മികവ് കാട്ടിയതോടെ ആതിഥേയര്‍ നാലിന് 31 എന്ന സ്‌കോറിലേക്ക് വീണു.

പിന്നീട് ക്രീസിലൊന്നിച്ച സിക്കന്ദര്‍ റാസയും സീന്‍ വില്യംസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും ആയുസുണ്ടായില്ല. 16 റണ്‍സെടുത്ത റാസയെ കുല്‍ദീപ് ഇഷാന്‍ കിഷന്റെ കൈയിലെത്തിച്ചു. റാസയ്ക്ക് പകരം എത്തിയ റയാന്‍ ബേളിനെ കൂട്ടുപിടിച്ച് വില്യംസ് ടീം സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഈ കൂട്ടുകെട്ടാണ്. സിംബാബ്‌വെ സ്‌കോര്‍ 100 കടത്തിയത് 

എന്നാല്‍ അനാവശ്യ ഷോട്ട് കളിച്ച് സീന്‍ വില്യംസ് ദീപക് ഹൂഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 42 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. ഇതോടെ ടീമിന്റെ രക്ഷാചുമതല ബേള്‍ ഏറ്റെടുത്തു. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ബേള്‍ പിടിച്ചുനിന്നു. മറുവശത്ത് യൂക്ക് യോങ്ങിനെ (6) ശാര്‍ദൂല്‍ ഠാക്കൂറും ബ്രാഡ് ഇവാന്‍സിന്റെ അക്ഷര്‍ പട്ടേലും (9) ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന വിക്ടര്‍ ന്യായുച്ചിയും (0) ടനക ഷിവാന്‍ഗയും (4) റണ്‍ ഔട്ടായി. ഇതോടെ സിംബാബ്‌വെയുടെ ബാറ്റിങ്ങിന് തിരശ്ശീല വീണു. 47 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത റയാന്‍ ബേള്‍ പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ശാര്‍ദൂല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now